ബംഗ്ലാദേശിനുമുന്നിൽ തകര്‍ന്നടിഞ്ഞ് പാകിസ്താന്‍: തോറ്റത് ഡിക്ലയര്‍ ചെയ്തശേഷം; ടെസ്റ്റില്‍ പുതുചരിത്രം

Photo | AFP
Photo | AFP

റാവല്‍പിണ്ടി: ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്താനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് ബംഗ്ലാദേശ്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന, പരമ്പരയിലെ ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ ജയം. ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശ് പാകിസ്താനെതിരേ ടെസ്റ്റ് ജയിക്കുന്നത്. ഇരുരാജ്യങ്ങളും മുന്‍പ് 13 തവണ ടെസ്റ്റില്‍ ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും പാകിസ്താനായിരുന്നു ജയം; ഒരു സമനിലയും. 

ആദ്യം ബാറ്റുചെയ്ത പാകിസ്താന് മികച്ച തുടക്കമാണ് കിട്ടിയത്. സൗദ് ഷക്കീലിന്റെയും മുഹമ്മദ് റിസ്‌വാന്റെയും സെഞ്ചുറിയുടെ ബലത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 448 റണ്‍സെടുത്തു. ആറുവിക്കറ്റ് നഷ്ടപ്പെട്ടുനില്‍ക്കേ, ക്യാപ്റ്റന്‍ ഷാന്‍ മസൂദ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍, അതിലും മികച്ച നിലവാരത്തോടെ മറുപടി നല്‍കാന്‍ ബംഗ്ലാ ബാറ്റര്‍മാര്‍ക്കായി. മുഷ്ഫിഖുര്‍റഹീമിന്റെ സെഞ്ചുറിയും (191 റണ്‍സ്) ശദ്മന്‍ ഇസ്‌ലാമിന്റെ ഇന്നിങ്‌സും (93) ബംഗ്ലാദേശിനെ 565 റണ്‍സിലെത്തിച്ചു. ഇതിനിടെ പത്തുവിക്കറ്റും വീണു. 

തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ പാകിസ്താന്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. 117 റണ്‍സ് ലീഡുള്ള ബംഗ്ലാദേശിനെതിരേ 146 റണ്‍സെടുക്കുന്നതിനിടെത്തന്നെ പാക് ബാറ്റര്‍മാര്‍ വിക്കറ്റുകൾ കളഞ്ഞു. 53 റണ്‍സെടുത്ത റിസ്‌വാന്‍ മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. നാലുവിക്കറ്റ് നേടിയ മെഹിദി ഹസന്‍ മിറാസും മൂന്ന് വിക്കറ്റ് നേടിയ ഷാക്കിബുമാണ് പാകിസ്താനെ ചെറിയ സ്‌കോറിലൊതുക്കിയത്. 

പത്തുവിക്കറ്റ് ശേഷിക്കേ 30 റണ്‍സ് മാത്രമായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. വിക്കറ്റ് കളയാതെ ഓപ്പണര്‍മാര്‍ ആ ലക്ഷ്യം ഭംഗിയായി പൂര്‍ത്തിയാക്കുകയും ചെയ്തു. സാക്കിര്‍ ഹസനും ഷദ്മന്‍ ഇസ്‌ലാമും ചേര്‍ന്ന് 6.3 ഓവറില്‍ 30 റണ്‍സ് നേടിയതോടെ ബംഗ്ലാദേശ് ടെസ്റ്റില്‍ മറ്റൊരു ചരിത്രമെഴുതി. 

Content Highlights: pakistan lost to bangladesh by 10 wickets