പാകിസ്താന്റെ അരങ്ങേറ്റക്കാർ നാലുപേരും തിളങ്ങി; 149 വർഷത്തിനിടെ ആദ്യമായി അപൂർവ നേട്ടം

റാവൽപിണ്ടി: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ടെസ്റ്റ് ക്രിക്കറ്റിന്റെ 149 വർഷത്തെ ചരിത്രത്തിലെ തന്നെ അപൂർവ റെക്കോഡ് സ്വന്തമാക്കി പാകിസ്താൻ. റാവൽപിണ്ടിയിൽ നടക്കുന്ന മത്സരത്തിൽ നാല് പുതുമുഖ താരങ്ങളെയാണ് പാകിസ്താൻ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. ഇവർ നാലു പേരും തങ്ങളുടെ കന്നി മത്സരത്തിൽ തന്നെ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് പാക് ടീം ചരിത്ര നേട്ടം കുറിച്ചത്.
ടീമിലെ വൻ അഴിച്ചുപണിക്കുശേഷം ഇറങ്ങിയ പാകിസ്താനായി മൂന്ന് അരങ്ങേറ്റ ബാറ്റർമാരാണ് ഒന്നാം ഇന്നിങ്സിൽ അർധ സെഞ്ചുറി നേടിയത്. തയ്യബ് ആരിഫ് (51 പന്തിൽ നിന്ന് 57 റൺസ്), മുഹമ്മദ് താഹ (105 പന്തുകളിൽ നിന്ന് 51 റൺസ്), അറാഫത്ത് മിൻഹാസ് (72 പന്തിൽ 52) എന്നിവരാണ് അരങ്ങേറ്റത്തിൽ തന്നെ പാകിസ്താനായി തിളങ്ങിയത്. നാലാമത്തെ അരങ്ങേറ്റക്കാരനായ ബൗളർ സാഖിബ് ഖാൻ ശ്രീലങ്കയുടെ രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരേ ഇന്നിങ്സിൽ മൂന്നോ അതിലധികമോ അരങ്ങേറ്റ താരങ്ങൾ അർധ സെഞ്ചുറി നേടുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. 1992-ൽ ഹരാരെയിൽ ഇന്ത്യയ്ക്കെതിരേ നടന്ന മത്സരത്തിൽ സിംബാബ്വെ താരങ്ങളായ ആൻഡി ഫ്ളവർ (59), ഗ്രാൻഡ് ഫ്ളവർ (82), ഡേവ് ഹൗട്ടൺ (121) എന്നിവർ ഈ നേട്ടം കൈവരിച്ചിരുന്നു.
എന്നാൽ അന്ന് അത് സിംബാബ്വെ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരമായിരുന്നു. അതിനാൽ, സ്വന്തം രാജ്യത്തിന്റെ ആദ്യ ടെസ്റ്റ് മത്സരമല്ലാതെ, ടെസ്റ്റ് ക്രിക്കറ്റിന്റെ 149 വർഷത്തെ ചരിത്രത്തിൽ ഒരേ ഇന്നിങ്സിൽ മൂന്ന് അരങ്ങേറ്റക്കാർ അർധ സെഞ്ചുറി നേടുന്ന ആദ്യ ടീമായി പാകിസ്താൻ മാറി.
Content Highlights: Four debutants played for Pakistan in the first Test against Sri Lanka in Rawalpindi., Three debutant batsmen scored half-centuries in the first innings: Tayyab Arif, Mohammad Taha, and Arafat Minhas., Debutante bowler Saqib Khan took two wickets for Sri Lanka., Pakistan became the first non-inaugural Test team in 149 years of cricket history to have three debutants score fifties in the same innings.