‘ഹസ്തദാനം മറന്നുപോയോ? ഇന്ത്യയെ ഉന്നമിട്ട് പാക് ടീമിന്റെ പുതിയ വീഡിയോ, വിവാദം | Video

ഇസ്ലാമാബാദ്: 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ സിന്ദൂർ ഓപ്പറേഷനുമെല്ലാം ഇന്ത്യ - പാകിസ്താൻ ബന്ധം വഷളാക്കിയിരുന്നു. ഈ ഭിന്നിപ്പ് കായികവേദികളിലേക്കും നീണ്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളായതോടെ അന്താരാഷ്ട്ര ക്രിക്കറ്റ് വേദികളിൽ പാകിസ്താൻ ടീം അംഗങ്ങളുമായുള്ള ഹസ്തദാനം ഇന്ത്യ ഉപേക്ഷിച്ചിരുന്നു. ഇത് പിന്നീട് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമാകുകയും ചെയ്തു. ഇപ്പോഴിതാ വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ പരമ്പരയ്ക്കായി തയ്യാറാക്കിയ പുതിയ പ്രമോഷണൽ വീഡിയോയിലൂടെ 'ഹസ്തദാന വിവാദം' വീണ്ടും വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ് പാകിസ്താൻ.
ഓസ്‌ട്രേലിയൻ പരമ്പരയ്ക്ക് മുന്നോടിയായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പുറത്തിറക്കിയ പുതിയ പ്രമോഷണൽ വീഡിയോയാണ് ഇപ്പോൾ വിവാദമാകുന്നത്. ഓസ്‌ട്രേലിയൻ ആരാധകൻ മത്സരങ്ങൾ കാണുന്നതിനായി പാകിസ്താനിൽ എത്തുന്നതും പാകിസ്താന്റെ ആതിഥ്യ മര്യാദയുമൊക്കെയാണ് വീഡിയോയിൽ. പാക് ക്യാപ്റ്റൻ സൽമാൻ ആഗയും വീഡിയോയിലുണ്ട്. എന്നാൽ ഈ വീഡിയോയുടെ അവസാന ഭാഗമാണ് വിവാദത്തിന് തുടക്കമിട്ടത്.
അവസാന രംഗത്ത് ഒരു ടാക്‌സിയിൽ സഞ്ചരിക്കുകയായിരുന്ന ഓസ്‌ട്രേലിയൻ ആരാധകൻ ടാക്‌സി ഡ്രൈവർക്ക് കൈകൊടുക്കാതെ നടന്നുപോകുന്നുണ്ട്. ഈ സമയം ടാക്‌സി ഡ്രൈവർ, ഇയാളെ തിരികെ വിളിച്ച് പറയുന്ന സംഭാഷണം ഇങ്ങനെയാണ്; ''താങ്കൾ ഹസ്തദാനം മറന്നുപോയോ, ഒരു പക്ഷേ നിങ്ങൾ ഞങ്ങളുടെ അയൽക്കാരുടെ സ്ഥലത്ത് താമസിച്ചിരിക്കും അല്ലേ.'' തുടർന്ന് ഇരുവരും പരസ്പരം കൈ കൊടുക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഈ വാചകത്തിലൂടെ പാകിസ്താൻ ഇന്ത്യയെയാണ് ലക്ഷ്യം വെയ്ക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന മത്സരത്തിലാണ് ഹസ്തദാനവിവാദം ചൂടുപിടിച്ചത്. ടൂർണമെന്റിൽ കളിച്ച മൂന്നുകളിയിലും ഇന്ത്യൻ താരങ്ങൾ പാകിസ്താൻ താരങ്ങൾക്ക് ഹസ്തദാനത്തിന് തയ്യാറായിരുന്നില്ല. മാത്രമല്ല, ചാമ്പ്യന്മാരായ ഇന്ത്യ പിസിബി ചെയർമാൻ കൂടിയായ മൊഹ്‌സിൻ നഖ്വിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന നിലപാട് സ്വീകരിക്കുന്നതിലും നഖ്വി കപ്പുമായി കടന്നുകളയുന്നതുവരെയും എത്തി കാര്യങ്ങൾ.
ഫൈനൽ കഴിഞ്ഞിട്ടും വിവാദങ്ങൾ അവസാനിച്ചില്ല. പിന്നാലെ മറ്റ് കായിക വേദികളിലും ഇന്ത്യ - പാക് താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യാതിരിക്കുന്നതിലേക്കു വരെ കാര്യങ്ങൾ നീളുകയും ചെയ്തു.
Content Highlights: A new Pakistan cricket promotional video, featuring a subtle reference to the handshake controversy, has sparked debate and brought past tensions with India back into focus. Learn more.