സെമിയിൽ ഇന്ത്യ വന്നാൽ എന്തുചെയ്യും? മറുപടിയുമായി പാക് ക്യാപ്റ്റൻ, ശ്രദ്ധ മറ്റു മത്സരങ്ങളിൽ

#സ്പോർട്സ് ഡെസ്ക്ക്
പാകിസ്താൻ ക്യാപ്റ്റൻ സല്‍മാൻ ആഗ
പാകിസ്താൻ ക്യാപ്റ്റൻ സല്‍മാൻ ആഗ

കൊളംബോ: ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങളിൽനിന്ന് വിട്ടുനിൽക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് പാകിസ്താൻ നായകൻ സൽമാൻ അലി ആഗ. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ പാക് സർക്കാർ അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് ക്യാപ്റ്റന്റെ പ്രതികരണം.

സെമിഫൈനലിലോ ഫൈനലിലോ ഇന്ത്യയെ നേരിടേണ്ടി വന്നാൽ എന്ത് നിലപാട് സ്വീകരിക്കും എന്ന ചോദ്യത്തിന്, അത്തരമൊരു സാഹചര്യം വന്നാൽ വീണ്ടും സർക്കാരിനെ സമീപിച്ച് അവർ പറയുന്നതിനനുസരിച്ച് ചെയ്യുമെന്നും സൽമാൻ ആഗ പറഞ്ഞു. 

‘ഇന്ത്യയ്‌ക്കെതിരായ മത്സരം ഞങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അത് സർക്കാരിന്റെ തീരുമാനമാണ്. സെമിഫൈനലിലോ ഫൈനലിലോ ഇന്ത്യയെ നേരിടേണ്ടി വന്നാൽ ഞങ്ങൾ വീണ്ടും സർക്കാരിനെ സമീപിക്കും. അവരുടെ ഉപദേശമനുസരിച്ച് മാത്രമേ ടീം പ്രവർത്തിക്കൂ. സർക്കാരിന്റെ തീരുമാനത്തെ ഞങ്ങൾ ബഹുമാനിക്കുന്നു’- ആഗ പറഞ്ഞു.

ഗ്രൂപ്പ് എ-യിൽ ഇന്ത്യയെ കൂടാതെ നമീബിയ, നെതർലൻഡ്‌സ്, യുഎസ്എ എന്നിവരാണ് പാകിസ്ഥാന്റെ മറ്റ് എതിരാളികൾ. കഴിഞ്ഞ ലോകകപ്പിൽ യുഎസ്എയോട് ഏറ്റ പരാജയം കഴിഞ്ഞു. അത് ചരിത്രമായി. പുതിയ ടീമും പുതിയ കോമ്പിനേഷനുമായാണ് തങ്ങൾ ഇത്തവണ എത്തിയിരിക്കുന്നതെന്നും സൽമാൻ ആഗ കൂട്ടിച്ചേർത്തു. ഇന്ത്യയ്‌ക്കെതിരായ മത്സരം ഒഴിവാക്കി മറ്റ് മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാനാണ് തങ്ങളുടെ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യയെ ബഹിഷ്‌കരിക്കാനുള്ള സർക്കാരിന്റെ തീരുമാനം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഇതുവരെ ഔദ്യോഗികമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ICC) അറിയിച്ചിട്ടില്ല. നിലവിലെ ഷെഡ്യൂൾ പ്രകാരം ഫെബ്രുവരി 7-ന് നെതർലൻഡ്‌സിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം. അതേസമയം, അയർലൻഡിനെതിരായ പാകിസ്ഥാന്റെ സന്നാഹ മത്സരം മഴ മൂലം ഉപേക്ഷിച്ചു. 

Content Highlights: T20 World Cup: Pakistan Captain Salman Agha Backs Government's India Match Stance