ലൈംഗികാരോപണം, സ്പിന്നര്‍ സന്ദീപ് ലാമിച്ചനെയെ അറസ്റ്റുചെയ്യാന്‍ നേപ്പാള്‍ പോലീസ്

കാഠ്മണ്ഡു: ലൈംഗികാരോപണത്തെത്തുടര്‍ന്ന് നേപ്പാള്‍ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചനെ വിവാദത്തില്‍. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കുറ്റത്തില്‍ താരത്തെ അറസ്റ്റ് ചെയ്യാന്‍ നേപ്പാള്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ നിലവില്‍ കരീബിയന്‍ ക്രിക്കറ്റ് ലീഗില്‍ കളിക്കുകയാണ് താരം.
സെപ്റ്റംബര്‍ എട്ടിനാണ് നേപ്പാള്‍ കോടതി സന്ദീപിനെ അറസ്റ്റുചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ കരീബിയന്‍ ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന താരം നാട്ടിലേക്ക് വരാന്‍ തയ്യാറായില്ല. ഇതോടെ നേപ്പാള്‍ പോലീസ് ഇന്റര്‍പോളുമായി ബന്ധപ്പെട്ടു.
22 കാരനായ ലാമിച്ചനെ ഉടന്‍ തന്നെ നേപ്പാളിലേക്ക് തിരിച്ചെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പോലീസ് പറയുന്നതില്‍ കഴമ്പില്ലെന്നും താന്‍ നിരപരാധിയാണെന്നും ലാമിച്ചനെ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ' എന്നെ നേപ്പാള്‍ പോലീസ് അറസ്റ്റുചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഈ വാര്‍ത്ത എന്നെ മാനസികമായി തളര്‍ത്തുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ഞാന്‍ നിരപരാധിയാണ്. പോലീസിന്റെ ആരോപണങ്ങള്‍ ഞാന്‍ നിഷേധിക്കുന്നു. ഉടന്‍ തന്നെ ഞാന്‍ നാട്ടിലെത്തി നീതിയ്ക്ക് വേണ്ടി പൊരുതും' - ലാമിച്ചനെ വ്യക്തമാക്കി.
നിലവില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക തല്ലവാസിനുവേണ്ടിയാണ് താരം കളിക്കുന്നത്. സന്ദീപിനെതിരേ നിരവധിപേര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ ആദ്യവാരത്തോടെയാണ് 17 കാരിയായ പെണ്‍കുട്ടി രക്ഷിതാവിനൊപ്പം നേപ്പാള്‍ പോലീസില്‍ പരാതി നല്‍കിയത്. ഓഗസ്റ്റില്‍ കാഠ്മണ്ഡുവിലെ ഒരു ഹോട്ടലില്‍ വെച്ച് സന്ദീപ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതിയിലുള്ളത്.
നേപ്പാള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് സന്ദീപ് ലാമിച്ചനെ. ലെഗ് സ്പിന്നറായ സന്ദീപ് 2018-ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലും പാകിസ്താന്‍ പ്രീമിയര്‍ ലീഗിലും കരീബിയന്‍ ക്രിക്കറ്റ് ലീഗിലുമെല്ലാം സന്ദീപ് സ്ഥിരസാന്നിധ്യമാണ്. നേപ്പാളിന്റെ ഏറ്റവും താരമൂല്യമുള്ള ക്രിക്കറ്റ് താരവുമാണ് സന്ദീപ്.
Content Highlights: Sandeep Lamichhane, sandeep lamichhane sexual allegation, rape, sexual, nepal cricket, sports