‘ഇന്ത്യയുടെ കിരീടം എവിടെ ?’; പാക് ടീമിന് ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ട്രോഫി നല്‍കി നഖ്‌വി

മൊഹ്സിൻ നഖ്‌വി പാക് ടീമിന് കിരീടം സമ്മാനിക്കുന്നു | X.com/@ReplaysPCT
മൊഹ്സിൻ നഖ്‌വി പാക് ടീമിന് കിരീടം സമ്മാനിക്കുന്നു | X.com/@ReplaysPCT

ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് കിരീടത്തില്‍ മുത്തമിട്ട് പാകിസ്താന്‍ എ. ഫൈനലില്‍ ബംഗ്ലാദേശ് എ ടീമിനെ കീഴടക്കിയാണ് പാകിസ്താന്‍ എ ടീം ജേതാക്കളായത്. സൂപ്പര്‍ ഓവറിലാണ് ടീമിന്റെ ജയം. നിശ്ചിത 20 ഓവറില്‍ രണ്ട് ടീമുകളും 125 റണ്‍സെടുത്തു. അതേസമയം പിസിബി അധ്യക്ഷന്‍ മൊഹ്‌സിന്‍ നഖ്‌വി പാക് ടീമിന് കിരീടം സമ്മാനിച്ചതോടെ ഏഷ്യാകപ്പ് വിവാദങ്ങള്‍ വീണ്ടും ചര്‍ച്ചയായി. ഏഷ്യാകപ്പ് ട്രോഫി ഇതുവരെ ഇന്ത്യന്‍ ടീമിന് നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ആരാധകര്‍ ഉന്നയിച്ചു.

ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ എ ക്ക് സാദ് മസൂദ്, അറാഫത് മിന്‍ഹാസ്, മാസ് സദാഖത് എന്നിവരുടെ ഇന്നിങ്‌സാണ് ആശ്വാസമായത്. ടീമിലെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. മസൂദ് 26 പന്തില്‍ നിന്ന് 38 റണ്‍സെടുത്തു. അറാഫത് 25 റണ്‍സും സദാഖത് 23 റണ്‍സുമെടുത്തു. ഒടുക്കം 125 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് എ യും വന്‍ തകര്‍ച്ച നേരിട്ടു. ഹബിബുര്‍ റഹ്‌മാന്‍(26), റാക്കിബുള്‍ ഹസന്‍(24), എസ്.എം മെഹറോബ്(19) എന്നിവരുടെ ഇന്നിങ്‌സിന്റെ ബലത്തില്‍ ടീം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തു.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് ആറുറണ്‍സെടുത്തു. പാകിസ്താന്‍ നാലാം പന്തില്‍ ലക്ഷ്യത്തിലെത്തി. പിസിബി അധ്യക്ഷന്‍ മൊഹ്‌സിന്‍് നഖ്‌വിയാണ് പാക് എ ടീമിന് കിരീടം സമ്മാനിച്ചത്. അതേസമയം ഏഷ്യാകപ്പ് ജേതാക്കളായ ഇന്ത്യക്ക് കിരീടം ഇതുവരെ നല്‍കാത്തത് ചര്‍ച്ചയാകുകയാണ്.

ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹെഡ്ക്വാർട്ടേഴ്സിലാണ് കിരീടമുള്ളത്. ട്രോഫി അവിടെനിന്ന് മാറ്റുകയോ കൈമാറുകയോ ചെയ്യരുതെന്ന കർശനനിർദേശം പാക് മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയർമാനുമായ മൊഹ്സിന്‍ നഖ്‌വി നൽകിയിട്ടുണ്ട്.

ഫൈനലില്‍ പാകിസ്താനെ വ്യക്തമായ മാര്‍ജിനില്‍ പരാജയപ്പെടുത്തിയതിന് ശേഷമാണ് വിവാദസംഭവങ്ങൾ അരങ്ങേറുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക് മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചുമതല കൂടി വഹിക്കുന്ന പിസിബി മേധാവിയും കൂടിയായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചിരുന്നു. പാകിസ്താനുമായുള്ള ബന്ധം മോശമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ടീം ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പകരം എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ട്രോഫി കൈമാറണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍, നഖ്‌വി ഈ ആവശ്യം നിരസിക്കുകയും, ഇന്ത്യന്‍ ടീം തന്റെ കൈയില്‍നിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ ടീം പോഡിയത്തില്‍ കയറാന്‍ കാത്തുനില്‍ക്കുമ്പോള്‍ എസിസി ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഗ്രൗണ്ടില്‍നിന്ന് ട്രോഫി എടുത്തുമാറ്റുന്ന അസാധാരണമായ രംഗങ്ങളാണ് പിന്നീട് കണ്ടത്. കപ്പും വിജയികള്‍ക്കുള്ള മെഡലുകളുമായി നഖ്വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയം വിടുകയായിരുന്നു. കപ്പില്ലാത്തതിനാല്‍ ഇന്ത്യന്‍ ടീം പ്രതീകാത്മകമായാണ് വിജയാഘോഷം നടത്തിയത്.

Content Highlights: Asian Cricket Council chief Mohsin Naqvi presented the Rising Asia Cup trophy to Pakistan A