പാക് കോച്ചാകാൻ ആഗ്രഹം; പക്ഷേ ഈ സാഹചര്യത്തിൽ രാജ്യത്തിനായി പ്രവർത്തിക്കാൻ ഭയം-മുഷ്താഖ് അഹമ്മദ്

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: Getty Images
Photo: Getty Images

ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ബോർഡിലെ (പിസിബി) സുരക്ഷിതത്വമില്ലായ്മയും അടിക്കടിയുള്ള മാറ്റങ്ങളും കാരണം ബോർഡിന് കീഴിൽ പരിശീലകനായി ജോലി ചെയ്യാൻ തനിക്ക് ഭയമാണെന്ന് മുൻ പാകിസ്താൻ ലെഗ് സ്പിന്നർ മുഷ്താഖ് അഹമ്മദ്. രാജ്യത്തെ സേവിക്കാൻ ഏറെ ആഗ്രഹമുണ്ടെങ്കിലും നിലവിലെ അസ്ഥിരമായ അന്തരീക്ഷം തന്നെ പിന്നോട്ട് വലിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലെ കനത്ത തോൽവിക്ക് പിന്നാലെ, പര്യടനം പകുതിവഴിയിൽ നിൽക്കെ ഏഴ് കളിക്കാരെയും രണ്ട് പരിശീലകരെയും പിസിബി നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. കളിക്കാരായ മുഹമ്മദ് റിസ്വാൻ, സൽമാൻ അലി ആഗ, ഇമാം ഉൾ ഹഖ്, അലി ഉസ്മാൻ, ആമിർ ജമാൽ, മുഹമ്മദ് അവൈസ് സഫർ, ഖുറം ഷഹ്‌സാദ് എന്നിവരെയാണ് നാട്ടിലേക്ക് തിരിച്ചയച്ചത്. കൂടാതെ പരിശീലകരായ സർഫറാസ് അഹമ്മദ്, ഉമർ ഗുൽ എന്നിവരെ മാറ്റി പകരം മൈക്ക് ഹെസ്സൻ, ആഷ്ലി നോഫ്‌കെ എന്നിവരെ ബോർഡ് നിയമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുഷ്താഖ് അഹമ്മദിന്റെ പ്രതികരണം.

മുഷ്താഖ് അഹമ്മദ്

ബിബിസിയുടെ 'സ്റ്റംപ്ഡ്' പോഡ്കാസ്റ്റിലാണ് മുഷ്താഖ് അഹമ്മദ് തന്റെ ആശങ്കകൾ പങ്കുവെച്ചത്. ''എന്റെ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ എനിക്ക് തീർച്ചയായും താത്പര്യമുണ്ട്. പ്രത്യേകിച്ചും ഈയൊരു സമയത്ത്. പക്ഷേ അതിന് എനിക്ക് ഒരു കാര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. സ്വന്തം രാജ്യത്തിന് വേണ്ടി ജോലി ചെയ്യുമ്പോൾ ആളുകൾ നമ്മളെ ബഹുമാനിക്കാതിരിക്കുകയും, വൈകാരികമായ തീരുമാനങ്ങളുടെ പേരിൽ പെട്ടെന്ന് പുറത്താക്കുകയും ചെയ്യുമ്പോൾ ഭയം തോന്നും. ഒരു പര്യടനത്തിനിടയിൽ ആളുകളെ പുറത്താക്കുന്നത് കാണുമ്പോൾ ആർക്കായാലും ആശങ്കയുണ്ടാകും.'' - അദ്ദേഹം പറഞ്ഞു. ഈ പ്രശ്‌നങ്ങൾ പരിഹരിച്ചാൽ താനുൾപ്പെടെയുള്ള പാക് പരിശീലകർ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു പര്യടനം പുരോഗമിക്കുന്നതിനിടയിൽ ഇത്രയും വലിയ മാറ്റങ്ങൾ വരുത്തിയത് ഒട്ടും ശരിയായ നടപടിയല്ലെന്നും, ഇതിന് പിന്നിലെ യുക്തി എന്താണെന്ന് അറിയാൻ തനിക്ക് താത്പര്യമുണ്ടെന്നും മുഷ്താഖ് വ്യക്തമാക്കി. പാകിസ്താൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. സർഫറാസും ഉമർ ഗുല്ലും രാജ്യത്തെ മികച്ച രീതിയിൽ സേവിച്ച പരിചയസമ്പന്നരായ ക്രിക്കറ്റ് താരങ്ങളാണ്. അവരെ മാറ്റണമായിരുന്നെങ്കിൽ പര്യടനത്തിന് ശേഷം മാന്യമായി ചെയ്യാമായിരുന്നുവെന്നും ഇത്തരം സമയങ്ങളിൽ ശാന്തത പാലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പിസിബിയുടെ ഈ വിവാദ തീരുമാനത്തിനെതിരേ മൈക്കൽ അതേർട്ടൻ, നാസർ ഹുസൈൻ, ജേസൺ ഗില്ലെസ്പി തുടങ്ങിയ പ്രമുഖ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: Mushtaq Ahmed expressed a desire to serve Pakistan cricket but fears the lack of job security in the PCB., Criticized the mid-tour sacking of players and coaching staff like Sarfaraz Ahmed and Umar Gul., Highlighted that emotional decisions and sudden removals create fear among potential coaches., Noted cricket experts like Michael Atherton and Jason Gillespie also questioned PCB's controversial decisions.