60-പന്തില്‍ സെഞ്ചുറി; ഷാക്കിബിന്റെ റെക്കോര്‍ഡ് മറികടന്ന് മുഷ്ഫിഖുര്‍ റഹിം

photo: twitter/Bangladesh Cricket
photo: twitter/Bangladesh Cricket

സില്‍ഹെത്ത്; ഏകദിനക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് കരസ്ഥമാക്കി ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്ററും മുന്‍ നായകനുമായ മുഷ്ഫിഖുര്‍ റഹിം. അയര്‍ലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങോടെ സെഞ്ചുറി തികച്ചാണ് മുഷ്ഫിഖുര്‍ പുതിയ നേട്ടത്തിലേക്കെത്തിയത്. ഏകദിന ക്രിക്കറ്റിലെ ഒരു ബംഗ്ലാദേശ് താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറി എന്ന റെക്കോര്‍ഡാണ് മുഷ്ഫിഖുര്‍ സ്വന്തമാക്കിയത്.

അയര്‍ലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ 60-പന്തുകളില്‍ നിന്നാണ് മുഷ്ഫിഖുര്‍ സെഞ്ചുറി നേടിയത്. മത്സരത്തില്‍ ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ അവസാന പന്തില്‍ സിംഗിളെടുത്താണ് താരം സെഞ്ചുറി തികച്ചത്. മുഷ്ഫിഖറിന്റെ സെഞ്ചുറി പ്രകടനത്തിന്റെ ബലത്തില്‍ നിശ്ചിത 50-ഓവറില്‍ ബംഗ്ലാദേശ് 349 റണ്‍സെടുത്തു. ഏകദിനത്തിലെ ബംഗ്ലാദേശിന്റെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്. എന്നാല്‍ മത്സരം മഴമുടക്കിയതോടെ അയര്‍ലന്‍ഡിന് മറുപടി ബാറ്റിങ്ങിനിറങ്ങാനായില്ല. 

63-പന്തില്‍ സെഞ്ചുറി തികച്ച ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസ്സന്റെ റെക്കോര്‍ഡാണ് മുഷ്ഫിഖുര്‍ മറികടന്നത്. 2009 ല്‍ സിംബാബ്‌വേയ്‌ക്കെതിരേയാണ് ഷാക്കിബിന്റെ ഈ പ്രകടനം. 

ഇതോടെ ഏകദിനത്തില്‍ 7000 റണ്‍സ് തികയ്ക്കാനും മുഷ്ഫിഖുര്‍ റഹിമിനായി. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ മാത്രം ബംഗ്ലാദേശ് താരമാണ് റഹിം. തമീം ഇക്ബാലും ഷാക്കിബ് അല്‍ ഹസനുമാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയവര്‍.


 

Content Highlights: Mushfiqur Rahim Smashes Shakib Al Hasan's 14-Year-Old Record With 60-Ball Ton