ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബാംഗ്ലൂരിനെ നാല് വിക്കറ്റിന് തകര്‍ത്ത് മുംബൈ

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിന് വിജയം. അവസാന ലീഗ് മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നാല് വിക്കറ്റിന് തകര്‍ത്ത് മുംബൈ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം മുംബൈ 16.3 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സ്‌കോര്‍: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ ഒന്‍പതിന് 125. മുംബൈ ഇന്ത്യന്‍സ് 16.3 ഓവറില്‍ ആറിന് 129.
ഈ വിജയത്തോടെ ഡല്‍ഹിയെ മറികടന്ന് മുംബൈ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. അവസാന മത്സരത്തില്‍ ഡല്‍ഹി തോറ്റാല്‍ മുംബൈയ്ക്ക് ഒന്നാം സ്ഥാനം ഉറപ്പിക്കാം. ഡല്‍ഹി വിജയിച്ചാല്‍ മുംബൈയ്ക്ക് സ്ഥാനം നഷ്ടമായേക്കും. ഒന്നാമതെത്തുന്ന ടീം നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 13 പന്തില്‍ 29 റണ്‍സെടുത്ത റിച്ച ഘോഷിന്റെയും 38 പന്തില്‍ 29 റണ്‍സ് നേടിയ എലിസെ പെരിയുടെയും മികവിലാണ് ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്തിയത്. നായിക സ്മൃതി മന്ഥാന 24 റണ്‍സെടുത്തു. മറ്റ് താരങ്ങള്‍ക്കൊന്നും വേണ്ടവിധത്തില്‍ തിളങ്ങാനായില്ല.
മുംബൈയ്ക്ക് വേണ്ടി അമേലിയ കെര്‍ നാലോവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ഇസി വോങ്ങും നാറ്റ് സൈവര്‍ ബ്രന്റും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങില്‍ മുംബൈയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ഹെയ്‌ലി മാത്യൂസും യാസ്തിക ഭാട്ടിയയും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 30 റണ്‍സാണ് യാസ്തിക നേടിയത്. ഹെയ്‌ലി മാത്യൂസ് 24 റണ്‍സ് നേടി. എന്നാല്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടപ്പെട്ട മുംബൈ ഇന്ത്യന്‍സിനെ അവസാന ഓവറുകളില്‍ അമേലിയ കെറാണ് രക്ഷിച്ചത്.
താരം 27 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത് ടീമിനെ വിജയത്തിലെത്തിച്ചു. വാലറ്റത്ത് 19 റണ്‍സുമായി പൊരുതിയ പൂജ വസ്ത്രാകറും മികച്ചുനിന്നു. 21 പന്തുകള്‍ ശേഷിക്കേ മുംബൈ വിജയം കൈയ്യിലാക്കി. ബാംഗ്ലൂരിനായി കനിക അഹൂജ രണ്ട് വിക്കറ്റെടുത്തപ്പോള്‍ മീഗന്‍ ഷട്ട്, ശ്രേയങ്ക പാട്ടീല്‍, എലിസെ പെറി, ശോഭന ആശ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Content Highlights: mumbai indians beat royal challengers bangalore by four wickets in wpl 2023