ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍, അഫ്രീദിയെ മറികടന്ന് ചരിത്രമെഴുതി രോഹിത്

റാഞ്ചി; ഏകദിന ക്രിക്കറ്റില്‍ റെക്കോഡ് കുറിച്ച് ഇന്ത്യന്‍ താരം രോഹിത് ശര്‍മ. ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന ചരിത്രനേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ചരിത്രമെഴുതിയത്.
മത്സരത്തില്‍ 51 പന്തില്‍ നിന്ന് 57 റണ്‍സെടുത്താണ് താരം പുറത്തായത്. അഞ്ചു ഫോറുകളും മൂന്ന് സിക്‌സറുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. മൂന്ന് സിക്‌സര്‍ നേടിയതോടെ ഏകദിനത്തിലെ താരത്തിന്റെ ആകെ സിക്‌സറുകളുടെ എണ്ണം 352 ആയി. പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദിയാണ് പട്ടികയില്‍ രണ്ടാമത്. 351 സിക്‌സറുകളാണ് അഫ്രീദിയുടെ പേരിലുള്ളത്.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ മൂന്നാമത്തെ താരം വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ്. 331 സിക്‌സറുകളാണ് താരത്തിന്റെ സമ്പാദ്യം. 270 സിക്‌സറുമായി ശ്രീലങ്കന്‍ മുന്‍ താരം സനത് ജയസൂര്യയും 229 സിക്‌സറുമായി മഹേന്ദ്ര സിങ് ധോനിയും പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരവും രോഹിത് ശര്‍മയാണ്. ആകെ 645 സിക്‌സറുകളാണ് രോഹിത്തിന്റെ സമ്പാദ്യം. 553 സിക്‌സറുകളുമായി ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ രണ്ടാമത്.
Content Highlights: Rohit Sharma Breaks World Record, Takes No. 1 Spot In Six Hitters List In ODI Cricket