സ്ഥാനം ഒഴിയണം, നഖ്‌വിക്കെതിരേ ബിസിസിഐ ‘കുറ്റപത്രം’; പിന്തുണച്ച് അഫ്ഗാൻ

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് കിരീടം നൽകാത്തത് സംബന്ധിച്ച വിവാദം പുകയുകയാണ്. ഇതുവരെ ഇന്ത്യൻ ടീമിന് കിരീടം നൽകാൻ സംഘാടകർ തയ്യാറായിട്ടില്ല. ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹെഡ്ക്വാർട്ടേഴ്സിലാണ് കിരീടമുള്ളത്. ട്രോഫി അവിടെനിന്ന് മാറ്റുകയോ കൈമാറുകയോ ചെയ്യരുതെന്ന കർശനനിർദേശം പാക് മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയർമാനുമായ മൊഹ്സിന്‍ നഖ്‌വി നൽകിയിട്ടുണ്ട്. അതോടെ നഖ്‌വിക്കെതിരേ കടുത്ത നിലപാടുമായി മുന്നോട്ടുപോകാൻ ബിസിസിഐ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്.
നഖ്‌വിക്കെതിരേ വിവിധ കുറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പട്ടിക തയ്യാറാക്കിയതായും ഐസിസി യോഗത്തിൽ അദ്ദേഹം പദവി ഒഴിയണമെന്ന നിലപാടുമായി മുന്നോട്ടുപോകാനാണ് ബിസിസിഐ തീരുമാനമെന്നും ടെലികോം ഏഷ്യാസ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമായും നഖ്‌വിയുടെ ഇരട്ടപദവിക്കെതിരേയാണ് ബിസിസിഐ രംഗത്തെത്തിയിട്ടുള്ളത്. നിലവില്‍ പിസിബി ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റുമാണ് നഖ്‌വി. മാത്രമല്ല, പാകിസ്താനിലെ മന്ത്രിയുമാണ്. അതിനാല്‍ നഖ്‌വി ഐസിസിയുടെ ചട്ടങ്ങള്‍ ലംഘിച്ചതായാണ് ബിസിസിഐ ആരോപിക്കുന്നത്.
ബിസിസിഐക്ക് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അടുത്തിടെ പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പാക് ആക്രമണത്തില്‍ അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങളുള്‍പ്പെടെ കൊല്ലപ്പെട്ടതാണ് ഇതിന് ആധാരം. ത്രിരാഷ്ട്ര പരമ്പര ഉള്‍പ്പെടെ അഫ്ഗാന്‍ റദ്ദാക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് നഖ്‌വി ഏതെങ്കിലും ഒരു സ്ഥാനം ഒഴിയണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് അഫ്ഗാൻ പിന്തുണയ്ക്കുന്നത്. എന്നാല്‍ ഇതിനോട് നഖ്‌വി യോജിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുബായില്‍ വെച്ച് നടക്കുന്ന ഐസിസി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കാനാണ് ബിസിസിഐ തീരുമാനം. യോഗത്തില്‍ നഖ്‌വി പങ്കെടുക്കുമെന്ന് ഉറപ്പില്ല. അതേസമയം ഏഷ്യാകപ്പ് ട്രോഫി വിട്ടുകിട്ടാത്ത വിഷയവും ബിസിസിഐ ഉന്നയിക്കും. ട്രോഫി ദുബായിലെ ഐസിസി ആസ്ഥാനത്ത് പൂട്ടി വെച്ച നിലയിലാണെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. നഖ്‌വിയുടെ അനുമതിയും നേരിട്ടുള്ള സാന്നിധ്യവുമില്ലാതെ അത് മാറ്റുകയോ ആർക്കും കൈമാറുകയോ ചെയ്യരുതെന്ന നിർദ്ദേശവുമുണ്ട്.
ഫൈനലില്‍ പാകിസ്താനെ വ്യക്തമായ മാര്‍ജിനില്‍ പരാജയപ്പെടുത്തിയതിന് ശേഷമാണ് വിവാദസംഭവങ്ങൾ അരങ്ങേറുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക് മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചുമതല കൂടി വഹിക്കുന്ന പിസിബി മേധാവിയും കൂടിയായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചിരുന്നു. പാകിസ്താനുമായുള്ള ബന്ധം മോശമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ടീം ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പകരം എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ട്രോഫി കൈമാറണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍, നഖ്‌വി ഈ ആവശ്യം നിരസിക്കുകയും, ഇന്ത്യന്‍ ടീം തന്റെ കൈയില്‍നിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ ടീം പോഡിയത്തില്‍ കയറാന്‍ കാത്തുനില്‍ക്കുമ്പോള്‍ എസിസി ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഗ്രൗണ്ടില്‍നിന്ന് ട്രോഫി എടുത്തുമാറ്റുന്ന അസാധാരണമായ രംഗങ്ങളാണ് പിന്നീട് കണ്ടത്. കപ്പും വിജയികള്‍ക്കുള്ള മെഡലുകളുമായി നഖ്വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയം വിടുകയായിരുന്നു. കപ്പില്ലാത്തതിനാല്‍ ഇന്ത്യന്‍ ടീം പ്രതീകാത്മകമായാണ് വിജയാഘോഷം നടത്തിയത്.
Content Highlights: BCCI prepares fresh attack on Mohsin Naqvi amid Asia Cup tension