‘സിറാജിനെ കളിപ്പിക്കാത്തത് അബദ്ധം, ഗംഭീർ അങ്ങനെയൊരാളല്ല’; വിവാദങ്ങളിൽ പ്രതികരണവുമായി മുൻ താരം

വെല്ലിംഗ്ടൺ: ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിൽ വിവാദം പുകയുന്നു. മികച്ച പ്രകടനം നടത്തിയിട്ടും സിറാജിനെ ടീമിൽ ഉൾപ്പെടുത്താത്തതിന് പിന്നിൽ വിവേചനമാണെന്നും, അദ്ദേഹത്തിന്റെ പേര് 'സിറാജ്' എന്നായതുകൊണ്ടാണ് തഴയപ്പെട്ടതെന്നും കോൺഗ്രസ് എം.പി ഇമ്രാൻ മസൂദ് ആരോപിച്ചതാണ് വിവാദത്തിനിടയാക്കിയത്. ഇതിന് പിന്നാലെ കോൺഗ്രസും ബി.ജെ.പിയും വാക്പോര് തുടരുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അതുൽ വാസൻ. സിറാജിനെ ടീമിലെടുക്കാത്തതിനെ വിമർശിച്ചെങ്കിലും വിഷയത്തിന് മറ്റ് വർഗീയമായ മാനങ്ങളില്ലെന്ന് അതുൽ വാസൻ വ്യക്തമാക്കി.
‘മുഹമ്മദ് സിറാജിനെപ്പോലെയുള്ള ഒരു ബൗളർ ഒട്ടേറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അദ്ദേഹത്തെ കളിപ്പിക്കാതിരുന്നതിന് പിന്നിൽ എന്തെങ്കിലും പരിക്കിന്റെ പ്രശ്നം ഉണ്ടാകണം. അതല്ലെങ്കിൽ അതൊരു വലിയ അബദ്ധമായിരുന്നു.’ - അതുൽ വാസൻ എഎൻഐയോട് പറഞ്ഞു.
‘അദ്ദേഹം അവസാന ഏകദിനം കളിച്ചിരുന്നു. അതിനാൽ അദ്ദേഹം തയ്യാറാണെന്നും നല്ല ഫോമിലാണെന്നും തോന്നുന്നു. എന്നാൽ ഇത് എന്തിനാണ് ചെയ്തതെന്ന് എനിക്ക് മനസ്സിലായില്ല. ഗൗതം ഗംഭീറിന് സ്വന്തമായൊരു ശൈലിയുണ്ട്. അതിനാൽ പുതിയ കളിക്കാരെ ഒരുക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ ടീമിനെ ഇവിടെയെത്തിച്ചവരെ അവഗണിച്ചുകൊണ്ടല്ല അങ്ങനെ ചെയ്യേണ്ടതെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വിഷയത്തിൽ ഉയർന്നുവന്ന വർഗീയമായ ആരോപണങ്ങൾ അദ്ദേഹം പൂർണമായും തള്ളി. ‘അതിനോട് ഞാൻ പൂർണ്ണമായും വിയോജിക്കുന്നു. ഗൗതം ഗംഭീർ ശക്തനായ വ്യക്തിയാണ്, എന്നാൽ അദ്ദേഹം വർഗീയവാദിയല്ല. ഇത് തികച്ചും തെറ്റാണ്. ഇത് കൃത്യമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. കായികരംഗത്ത് മതത്തിന് സ്ഥാനമില്ല. ഇതിനെ ഒരു രാഷ്ട്രീയ വിഷയമാക്കുന്നത് വളരെ തെറ്റായ കാര്യമാണ്. സങ്കടകരവും വേദനിപ്പിക്കുന്നതുമാണ്.’ - അതുൽ വാസൻ പറഞ്ഞു.
വാർത്താ ഏജൻസിയായ എ.എൻ.ഐയോടാണ് ഇമ്രാൻ മസൂദ് വിവാദ പരാമർശം നടത്തിയത്. മികച്ച പ്രകടനം നടത്തിയിട്ടും അദ്ദേഹത്തിന് ടീമിൽ ഇടം നൽകിയില്ല. അദ്ദേഹത്തിന്റെ പേര് സിറാജ് എന്നാണ്, അതുകൊണ്ടാണ് ഇടം ലഭിക്കാത്തത്. മികച്ച പ്രകടനമുണ്ടായിട്ടും ഒരാളെ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ അവിടെ വിവേചനം വ്യക്തമാണ്-ഇമ്രാൻ മസൂദ് ആരോപിച്ചു.
എം.പിയുടെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി രൂക്ഷഭാഷയിലാണ് പ്രതികരിച്ചത്. കോൺഗ്രസിന്റെ നിലപാട് ലജ്ജാകരമാണെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചു. 'കോൺഗ്രസിന് നാണമില്ലേ! ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിൽ പോലും കോൺഗ്രസ് ഇപ്പോൾ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. മുസ്ലിം ആയതുകൊണ്ടാണ് സിറാജിനെ ഒഴിവാക്കിയതെന്നാണ് കോൺഗ്രസ് പറയുന്നത്. രവീന്ദ്ര ജഡേജയെയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്! ഓരോ ക്രിക്കറ്റ് താരവും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ജേഴ്സിയാണ് അണിയുന്നത്. വോട്ട് ബാങ്കിനും വർഗീയ രാഷ്ട്രീയത്തിനും വേണ്ടി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഭിന്നിപ്പിക്കുന്നത് നിർത്തുക,' പ്രദീപ് ഭണ്ഡാരി കുറിച്ചു.
രാഷ്ട്രീയ വിവാദങ്ങൾക്ക് പുറമെ, ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനിൽ ഗാവസ്കറും രവി ശാസ്ത്രിയും സിറാജിനെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. സിറാജിന്റെ അനുഭവസമ്പത്തും കഠിനാധ്വാനവും ടീം മാനേജ്മെന്റ് പരിഗണിക്കണമായിരുന്നുവെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയിൽ പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അൻഷുൽ കാംബോജ് എന്നിവർക്കാണ് സിറാജിന് പകരം അവസരം നൽകിയത്.
Content Highlights: Mohammed Siraj was dropped from India's squad for the first Test against New Zealand., Congress MP Imran Masood alleged discrimination based on his name and religion., Former cricketer Atul Wassan dismissed communal angles while questioning the decision