മുഹമ്മദ് ഷമി ലോകകപ്പ് കളിച്ചത് ഗുരുതര പരിക്കുമായി; മത്സരങ്ങള്‍ക്കിറങ്ങിയത് കുത്തിവെയ്‌പ്പെടുത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ഏകദിന ലോകകപ്പ് കളിച്ചത് ഗുരുതര പരിക്കുമായെന്ന് റിപ്പോര്‍ട്ട്. ഇടതുകാലിലെ മടമ്പിന് പരിക്കുമായാണ് ഷമി ലോകകപ്പ് മുഴുവന്‍ കളിച്ചതെന്നും വേദന മാറുന്നതിനായി ഓരോ മത്സരത്തിനു മുമ്പും താരം കുത്തിവെയ്പ്പ് എടുക്കാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് (24) വീഴ്ത്തിയ ബൗളറും ഷമിയായിരുന്നു.
ബംഗാള്‍ ടീമിലെ ഷമിയുടെ സഹതാരത്തെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. 'ഷമിയുടെ ഇടതുകാലിലെ മടമ്പിന് പ്രശ്‌നമുണ്ട്. ലോകകപ്പ് മുഴുവന്‍ അദ്ദേഹം സ്ഥിരമായി കുത്തിവെയ്‌പ്പെടുത്തതും ടൂര്‍ണമെന്റ് മുഴുവന്‍ വേദനയോടെ കളിച്ചതും പലര്‍ക്കും അറിയില്ല. പ്രായമാകുന്തോറും വലിയ പരിക്കില്‍ നിന്ന് സുഖം പ്രാപിക്കാന്‍ കൂടുതല്‍ സമയമെടുക്കും', ഇതായിരുന്നു ഷമിയുടെ സഹ താരത്തിന്റെ പ്രതികരണം.
പരിക്ക് കാരണമാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഷമിക്ക് കളിക്കാന്‍ സാധിക്കാത്തത്. ഷമിയുടെ അഭാവം ഇന്ത്യന്‍ ബൗളിങ്ങില്‍ നിഴലിക്കുകയും ചെയ്തു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്നതോടെ ജസ്പ്രീത് ബുംറയ്ക്ക് പിന്തുണ നല്‍കാന്‍ ആരും ഉണ്ടായില്ല.
Content Highlights: Mohammed Shami played in World Cup by Took Injections