‘ഡ്രസ്സിങ് റൂമില്‍ മതാചാരങ്ങൾ, പലസ്തീന് പരസ്യ പിന്തുണ’; ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് റിസ്വാന്‍ പുറത്തായതിനു പിന്നിൽ ഇക്കാരണങ്ങളോ?

ഇസ്ലാമാബാദ്: പാകിസ്താന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മുഹമ്മദ് റിസ്വാനെ പുറത്താക്കിയതില്‍ ഗുരുതര ആരോപണവുമായി മുന്‍ പാക് താരം റഷീദ് ലത്തീഫ്. കഴിഞ്ഞ ദിവസമാണ് റിസ്വാനെ മാറ്റി ഷഹീന്‍ ഷാ അഫ്രീദിയെ പാക് ക്രിക്കറ്റ് ബോര്‍ഡ് ക്യാപ്റ്റനായി നിയമിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബാബര്‍ അസമിന് പകരമാണ് റിസ്വാന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനാകുന്നത്. റിസ്വാനെ മാറ്റിയ തീരുമാനം പാക് ക്രിക്കറ്റ് വൃത്തങ്ങളെ തന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
റിസ്വാനെ പുറത്താക്കിയതിനു പിന്നില്‍ പരിശീലകന്‍ മൈക്ക് ഹെസ്സനാണെന്നാണ് ലത്തീഫ് ആരോപിക്കുന്നത്. ഗാസ-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ റിസ്വാന്‍ പലസ്തീനെ പരസ്യമായി പിന്തുണച്ചതിനാലാണ് ഹെസ്സന്‍ റിസ്വാനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയതെന്ന ഗുരുതരമായ ആരോപണവും ലത്തീഫ് ഉന്നയിച്ചു. ഡ്രസ്സിങ് റൂമില്‍ ഇസ്ലാമിക സംസ്‌കാരം പ്രചരിപ്പിക്കാന്‍ റിസ്വാന്‍ ശ്രമിച്ചതും ഹെസ്സനെ പ്രകോപിപ്പിച്ചതായി ലത്തീഫ് പറയുന്നു.
'പലസ്തീന്‍ പതാക ഉയര്‍ത്തിയതുകൊണ്ട് മാത്രം നിങ്ങള്‍ അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കുമോ? ഒരു ഇസ്ലാമിക രാജ്യത്ത് ഇസ്ലാമികമല്ലാത്ത ക്യാപ്റ്റന്‍ വരണമെന്ന മാനസികാവസ്ഥ വന്നിരിക്കുന്നു. മൈക്ക് ഹെസ്സണാണ് ഈ തീരുമാനത്തിന് പിന്നില്‍, അല്ലേ? ഡ്രസ്സിങ് റൂമിലെ ഈ സംസ്‌കാരം ഇഷ്ടപ്പെടുന്ന ആളല്ല അദ്ദേഹം. എന്തുകൊണ്ടാണ് അവര്‍ അത് മനസ്സിലാക്കാത്തത്? അദ്ദേഹത്തിന് 5-6 പേരുടെ ഒരു ടീമുണ്ട്. ഡ്രസ്സിങ് റൂമില്‍ അത്തരമൊരു സംസ്‌കാരം (ഇസ്ലാമിക) അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരിക്കണം', സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ ലത്തീഫ് പറഞ്ഞു.
റിസ്വാന്‍ ഡ്രസ്സിങ് റൂമിലേക്ക് മതപരമായ ആചാരങ്ങള്‍ കൊണ്ടുവന്നുവെന്നും ഹെസ്സന് അത് ഇഷ്ടപ്പെട്ടില്ലെന്നും വീഡിയോയില്‍ ലത്തീഫ് അവകാശപ്പെട്ടു.
ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഒരു മത്സരത്തില്‍ പലസ്തീന്‍ ചാരിറ്റി സംഘടനകള്‍ക്ക് തങ്ങളുടെ കളിക്കാര്‍ നേടുന്ന ഓരോ സിക്‌സിനും വിക്കറ്റിനും ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനായി കളിക്കവെ റിസ്വാന്‍ വാഗ്ദാനം ചെയ്തിരുന്നു. 2023 ഏകദിന ലോകകപ്പ് മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരായ പാകിസ്താന്റെ വിജയം 'ഗാസയിലെ സഹോദരീസഹോദരന്മാര്‍ക്ക്' സമര്‍പ്പിക്കുന്നതായും റിസ്വാന്‍ പ്രഖ്യാപിച്ചിരുന്നു.
അതേസമയം റിസ്വാനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയതിനെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനയില്‍ പിസിബി ഒരു കാരണവും പറഞ്ഞിട്ടില്ല. സെലക്ഷന്‍ കമ്മിറ്റിയും മൈക്ക് ഹെസ്സനും തമ്മില്‍ ഇസ്ലാമാബാദില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു റിസ്വാനെ മാറ്റാനുള്ള തീരുമാനം.