'അര്‍ധസെഞ്ചുറി നേടിയാല്‍പ്പോലും ഫോമിലല്ലെന്ന് പറയും' കോലിയെ പിന്താങ്ങി അസ്ഹറുദ്ദീന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളായ വിരാട് കോലിയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. വിരാട് കോലി ലോകത്തിലെ മികച്ച താരങ്ങളിലൊരാളാണെന്നും ഒറ്റ വലിയ ഇന്നിങ്‌സ് കൊണ്ട് കോലി ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.
' വിരാട് കോലി ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. അദ്ദേഹം അര്‍ധസെഞ്ചുറി നേടിയാല്‍പ്പോലും ആരാധകര്‍ ഫോമിലല്ല എന്നാണ് പറയുന്നത്. ഏതൊരു ക്രിക്കറ്റര്‍ക്കും മോശം ഫോമിലൂടെ കടന്നുപോകേണ്ടിവരും. കോലി ഇപ്പോള്‍ ആ ഘട്ടത്തിലാണ്. അദ്ദേഹത്തിന്റെ കഴിവിന് കോട്ടം തട്ടിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ ഭാഗ്യം അദ്ദേഹത്തിനൊപ്പമില്ല. ഒരേയൊരു സെഞ്ചുറി മാത്രം മതി കോലിയുടെ ഈ മോശം സമയം മാറാന്‍. അദ്ദേഹം യഥാര്‍ത്ഥ ഫോമിലേക്ക് തിരിച്ചുവരാന്‍'- അസ്ഹറുദ്ദീന്‍ പറഞ്ഞു. ഖലീജ ടൈംസിന് അനുവദിച്ച അഭിമുഖത്തിനിടെയാണ് അസ്ഹറുദ്ദീന്‍ ഇക്കാര്യം പറഞ്ഞത്.
2019-ല്‍ സെഞ്ചുറി നേടിയ ശേഷം കോലിയ്ക്ക് ഇതുവരെ മൂന്നക്കം കാണാന്‍ സാധിച്ചിട്ടില്ല. ഈയിടെ അവസാനിച്ച ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനുവേണ്ടി 16 മത്സരങ്ങളില്‍ നിന്ന് 341 റണ്‍സാണ് താരം നേടിയെടുത്തത്. രണ്ട് അര്‍ധസെഞ്ചുറികളും നേടി.
വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ കോലി ഇല്ല. താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്.
Content Highlights: virat kohli, mohammad azharuddin, cricket news, kohli form, kohli century, kohli vs sachin, cricket