6 പന്തുകള്‍, 4 വിക്കറ്റ്; താരമായി മുന്‍ പാക് താരം മുഹമ്മദ് ആമിര്‍, പ്രകടനം ടി10 ലീഗില്‍ | VIDEO

അബുദാബി: ആറ് പന്തുകള്‍ക്കിടെ നാലുപേരെ പുറത്താക്കി മുന്‍ പാക് ക്രിക്കറ്റ് താരം മുഹമ്മദ് ആമിര്‍. ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നേട്ടം. അബുദാബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ടി10 ലീഗില്‍ ന്യൂയോര്‍ക്ക് സ്ട്രൈക്കഴ്സിനായാണ് താരം കളിച്ചിരുന്നത്. മത്സരത്തില്‍ ചെന്നൈ ബ്രേവ്സിനെ ന്യൂയോര്‍ക്ക് സ്ട്രൈക്കേഴ്സ് പരാജയപ്പെടുത്തി.
2016 ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ മിന്നും പ്രകടനം പുറത്തെടുത്ത താരം ദീര്‍ഘകാലമായി പാകിസ്താന് ടീമിലില്ല. എന്നാല്‍ അബുദാബി ടി10 ലീഗുവഴി ആവനാഴിയിലെ അമ്പുകള്‍ തീര്‍ന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് താരം. ആദ്യ ഓവറില്‍ മൂന്നുപേരെയാണ് ആമിര്‍ പുറത്താക്കിയത്. രണ്ട് ഓവറിനിടെ ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലുപേരെ മടക്കിയയച്ചു.
മത്സരത്തിലെ രണ്ടാം ഓവര്‍ എറിഞ്ഞ ആമിര്‍ ആറു പന്തുകള്‍ക്കിടെ ബ്രേവ്സിന്റെ മൂന്ന് മുന്‍നിര ബാറ്റ്സ്മാന്മാരെയാണ് മടക്കിയയച്ചത്. ആദ്യം ബ്രേവ്സിന്റെ ഓപണിങ് ബാറ്ററായ കോബെ ഹെര്ഫ്റ്റിനെ റണ്‍ ഔട്ടാക്കി. തുടര്‍ന്ന് ജോര്‍ജ് മുന്‍സി, ഭാനുക രാജപക്സെ, ചരിത് അസലങ്ക എന്നിവരെയും പുറത്താക്കി. പിന്നീട് എട്ടാം ഓവറില്‍ മടങ്ങിയെത്തിയ താരം ജെയ്സണ്‍ റോയിയെയും പുറത്താക്കിയതോടെ നാലു വിക്കറ്റ് നേട്ടം പൂര്‍ത്തിയായി.
ആമിറിന്റെ പന്തുകള്‍ക്ക് മുന്നില്‍ പതറിയ ചെന്നൈ ബ്രേവ്സിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മത്സരത്തില്‍ ന്യൂയോര്‍ക്ക് സ്ട്രൈക്കേഴ്സ് അഞ്ചുവിക്കറ്റിന് ജയിച്ചു.
പാക് ക്രിക്കറ്റ് ടീമില്‍ വര്‍ഷങ്ങളായി ഉണ്ടായിരുന്ന താരത്തിനെതിരേ വാതുവെപ്പ് ആരോപണം ഉയര്‍ന്നതോടെ വിലക്ക് വീണു. പാകിസ്താനായി 36 ടെസ്റ്റുകളും 61 ഏകദിനങ്ങളും 50 ടി20-കളും കളിച്ചിട്ടുണ്ട്. ആകെ 259 വിക്കറ്റുകളും സമ്പാദിച്ചു.
Content Highlights: mohammad amir 4 wickets, t10 league match in abu dhabi