ഡേവിഡ് വാര്‍ണര്‍ക്കെതിരായ ജോണ്‍സന്റെ വിമര്‍ശനം; പ്രതികരണവുമായി ഓസ്‌ട്രേലിയന്‍ ചീഫ് സെലക്ടര്‍

Photo: AFP
Photo: AFP

മെല്‍ബണ്‍: പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീം തിരഞ്ഞെടുപ്പ് കാര്യമായ പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കാത്ത ഒന്നായിരുന്നു. എന്നാല്‍ ഡേവിഡ് വാര്‍ണറെ ടീമില്‍ ഉള്‍പ്പെടുത്തി വിരമിക്കാന്‍ അവസരം നല്‍കുന്നതിനെതിരേ മുന്‍ താരം മിച്ചല്‍ ജോണ്‍സണ്‍ ആഞ്ഞടിച്ചതോടെ സംഗതി വിവാദമായി. പന്തുചുരണ്ടല്‍ വിവാദം മുന്‍നിര്‍ത്തിയായിരുന്നു ജോണ്‍സന്റെ വിമര്‍ശനം. ഇതോടൊപ്പം ടെസ്റ്റില്‍ മോശം ഫോമിലുള്ള വാര്‍ണറെ ടീമിലെടുത്തതില്‍ ഓസ്ട്രേലിയയുടെ ചീഫ് സെലക്ടര്‍ ജോര്‍ജ് ബെയ്ലിയെ കൂടി ലക്ഷ്യംവെച്ചായിരുന്നു ജോണ്‍സന്റെ വിമര്‍ശനം.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജോര്‍ജ് ബെയ്ലി. ജോണ്‍സന്റെ വിമര്‍ശനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇക്കാര്യം പിന്നീട് ശരിയായേക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു ബെയ്‌ലിയുടെ പ്രതികരണം. ജോണ്‍സന്റെ പ്രതികരണം പലരും അയച്ചുതന്നത് കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

''ആത്യന്തികമായി ആദ്യ ടെസ്റ്റ് ജയിക്കാന്‍ ഞങ്ങളുടെ ഏറ്റവും മികച്ച 11 കളിക്കാരില്‍ അദ്ദേഹം (വാര്‍ണര്‍) ഉണ്ടെന്ന് ഞങ്ങള്‍ ഇപ്പോഴും കരുതുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റുകള്‍ സജ്ജീകരിക്കുന്നത് കണക്കിലെടുത്താല്‍ ഓരോ ടെസ്റ്റും നിര്‍ണായകമാണ്. അതിനു കഴിയുമെന്ന് കരുതുന്ന 11 പേരെ തിരഞ്ഞെടുക്കുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓരോ വ്യക്തിക്കും അതില്‍ റോളുകള്‍ ഉണ്ട്. അങ്ങനെയാണ് യഥാര്‍ത്ഥത്തില്‍ ടീമിനെ മൊത്തത്തില്‍ രൂപപ്പെടുത്തുന്നത്. അതിനാല്‍ ഈ ടെസ്റ്റിന് ഡേവിഡാണ് (വാര്‍ണര്‍) ശരിയായ വ്യക്തിയെന്ന് ഞങ്ങള്‍ കരുതുന്നു.'' - ബെയ്‌ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അവസാന മത്സരം കളിച്ച് തന്റെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് 37-കാരനായ വാര്‍ണര്‍ നേരത്തേ പറഞ്ഞിരുന്നു. ഇതോടെ ജനുവരി മൂന്നിന് സിഡ്‌നിയില്‍ ആരംഭിക്കുന്ന പാകിസ്താനെതിരായ മൂന്നാം ടെസ്റ്റ് വാര്‍ണറുടെ വിരമിക്കല്‍ മത്സരമായിരിക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നു.

'നമ്മള്‍ ഡേവിഡ് വാര്‍ണറുടെ വിരമിക്കല്‍ ടെസ്റ്റ് പരമ്പരയ്ക്കായി തയ്യാറെടുക്കുകയാണ്. എന്തിനാണ് വാര്‍ണര്‍ക്ക് ഇത്ര ഗംഭീരമായ യാത്രയപ്പ് എന്ന് ആരെങ്കിലും പറഞ്ഞുതരണം. ടെസ്റ്റില്‍ ബുദ്ധിമുട്ടുന്ന ഓപ്പണര്‍ എന്തിന് സ്വന്തം വിരമിക്കല്‍ തിയതി പ്രഖ്യാപിക്കണം. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നിലെ പ്രധാനിക്ക് എന്തിന് ഹീറോയുടെ പരിവേഷത്തോടെ യാത്രയപ്പ് നല്‍കണം.' - എന്നായിരുന്നു ജോണ്‍സന്റെ വിമര്‍ശനം.

Content Highlights: Mitchell Johnson Slams David Warner Australia Chief Selector Responds