‘വമ്പന്മാർ’ക്ക് ചാർട്ടേഡ് വിമാനം, കുടുങ്ങിക്കിടന്ന് വിൻഡീസും പ്രോട്ടീസും; ICC-ക്കെതിരേ മൈക്കൽ വോൺ

കൊൽക്കത്ത: ഐ.സി.സി. ടൂർണമെന്റുകളിൽ വൻകിട ക്രിക്കറ്റ് ബോർഡുകൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) പ്രത്യേക പരിഗണന നൽകുന്നുവെന്ന ആരോപണവുമായി മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ട്വന്റി-20 ലോകകപ്പിൽനിന്ന് നേരത്തേ പുറത്തായ ദക്ഷിണാഫ്രിക്കൻ, വെസ്റ്റ് ഇൻഡീസ് ടീമുകൾ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുമ്പോൾ അവസാനം പുറത്തായ ഇംഗ്ലണ്ട് ടീമിന് മാത്രം വേഗത്തിൽ മടങ്ങാൻ സൗകര്യമൊരുക്കിയതിനെ വോൺ രൂക്ഷമായി വിമർശിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് വ്യോമപാതകളിൽ നിയന്ത്രണമുള്ളതിനാൽ ഐ.സി.സി. ഒരുക്കുന്ന ചാർട്ടേഡ് വിമാനങ്ങൾക്കായി ടീമുകൾ കാത്തിരിക്കുകയാണ്. മാർച്ച് ഒന്നിന് ഇന്ത്യയോട് തോറ്റ് പുറത്തായ വെസ്റ്റ് ഇൻഡീസും മാർച്ച് നാലിന് സെമി ഫൈനലിൽ ന്യൂസീലൻഡിനോട് തോറ്റ ദക്ഷിണാഫ്രിക്കയും ഇപ്പോഴും കൊൽക്കത്തയിൽ തുടരുകയാണ്. എന്നാൽ വ്യാഴാഴ്ച മാത്രം പുറത്തായ ഇംഗ്ലണ്ട് ടീമിന് ഐ.സി.സി. ഉടൻതന്നെ മടക്കയാത്രയ്ക്ക് സൗകര്യമൊരുക്കി.
ഐ.സി.സി. ടേബിളിലെ സ്വാധീനം നോക്കിയല്ല എല്ലാ ടീമുകളെയും ഒരുപോലെയാണ് പരിഗണിക്കേണ്ടതെന്ന് വോൺ എക്സിലൂടെ പ്രതികരിച്ചു. നിലവിൽ ദക്ഷിണാഫ്രിക്കൻ, വെസ്റ്റ് ഇൻഡീസ് ടീമുകൾ സംയുക്തമായി ഞായറാഴ്ചയോടെ മടങ്ങുമെന്നാണ് സൂചന. സുരക്ഷാ കാരണങ്ങളാൽ യാത്ര വൈകുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും താരങ്ങളുടെ സുരക്ഷിതമായ മടക്കയാത്ര ഉറപ്പാക്കാൻ ഐ.സി.സി.യുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിലൂടെ അറിയിച്ചു.
Content Highlights: Michael Vaughan accused the ICC of favoring powerful cricket boards