മിന്നിത്തിളങ്ങുന്നൊരു വിജയഗാഥ

#കെ.പി. ഷൗക്കത്തലി
മിന്നു മണി | ഫോട്ടോ: എം.വി. സിനോജ്
മിന്നു മണി | ഫോട്ടോ: എം.വി. സിനോജ്

മിന്നുമണി കളിച്ചുവളര്‍ന്ന പാടം മഴപെയ്ത് നിറഞ്ഞിട്ടുണ്ട്. അതുകൊണ്ട് വയലോരത്തെ കൊച്ചുവീടിന്റെ മുറ്റത്തുനിന്നാണ് അവള്‍ പന്തുതട്ടിയത്. പക്ഷേ, ക്രിക്കറ്റ് ബോള്‍കൊണ്ട് ജനല്‍ച്ചില്ല് പൊട്ടിച്ചിതറിക്കുമ്പോള്‍ തല്ലാന്‍ അമ്മ വടിയുമായി നിന്നില്ല. അമ്മയുടെ തല്ലിന്റെ ചൂടോര്‍ത്ത് മിന്നുമണി പേടിച്ചോടിയുമില്ല.

വെള്ളനിറത്തിലുള്ള പന്ത് മിന്നുമണിയുടെ ബാറ്റില്‍ത്തട്ടി ഇടതുവശത്തേക്ക് തെറിച്ചപ്പോള്‍ വസന്ത ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ അമ്മയായി. ഗാലറിയിലെന്നപോലെ ആ അമ്മയുടെ ഉള്ളില്‍നിന്ന് ആവേശം പെരുമ്പറകൊട്ടുന്നത് അവരുടെ കണ്ണുകളില്‍വന്ന് തുള്ളുന്നുണ്ടായിരുന്നു. അച്ഛന്‍ മണി മിന്നുവിന്റെ ബാറ്റുകൊണ്ടുള്ള ഓരോ ചലനങ്ങളും സ്വതഃസിദ്ധമായ ശാന്തതയോടെ നോക്കിനിന്നു. മണിയുടെ ഹൃദയത്തുടിപ്പിലൊന്നു ചെവിചേര്‍ത്തുവെച്ചാല്‍ ആ ശാന്തതയ്ക്കപ്പുറം ഒരു വുവുസലേ മുഴക്കം കേള്‍ക്കുന്നുണ്ടോ എന്നു തോന്നിപ്പോയി.

ധാക്കയില്‍ ട്വന്റി 20 പരമ്പരയില്‍ ബംഗ്ലാദേശിന്റെ അഞ്ച് മിന്നും താരങ്ങളെ എറിഞ്ഞു വീഴ്ത്തി മാനന്തവാടി ചോയിമൂലയിലെ വീട്ടില്‍ തിരിച്ചെത്തിയതാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ മിന്നിത്തിളക്കം.

മഴപെയ്ത പാടം നെല്‍കൃഷിക്കുവേണ്ടി ഒരുക്കുകയായിരുന്നു, ഞങ്ങളെത്തുമ്പോള്‍ മിന്നുമണിയുടെ അച്ഛന്‍ മണി. അവിടെനിന്ന് ഓടിയെത്തിയാണ് മകളുടെ കളിവിശേഷങ്ങള്‍ക്കൊപ്പംചേര്‍ന്നത്.

അമ്മ വസന്തയാകട്ടെ വീട്ടില്‍ വരുന്നവരെയൊക്കെ ചായനല്‍കി സത്കരിക്കാനുള്ള തിരക്കിലും. അനിയത്തി മിമിത ഈ തിരക്കുകളെല്ലാം ആസ്വദിച്ച് ഓടിനടക്കുന്നുണ്ട്. മിന്നുവിന്റെ മനസ്സ് ഏതൊക്കെയോ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലാണ്. തന്നെ പിന്തുണച്ചവര്‍ക്കെല്ലാം ഓരോ വാക്കുകളിലും നന്ദി ചേര്‍ത്തുവെച്ചാണ് മിന്നുമണി സംസാരിച്ചുതുടങ്ങിയത്.

മിന്നു ബോളെറിഞ്ഞു;എല്‍സമ്മ ടീച്ചര്‍ കണ്ടെത്തി

മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ താന്‍ പന്തെറിഞ്ഞത് കായികാധ്യാപികയായിരുന്ന എല്‍സമ്മ ടീച്ചര്‍ കണ്ടു. പിന്നെ ക്രിക്കറ്റില്‍ താത്പര്യമുണ്ടോ എന്നായി. പരിശീലകനായ ഷാനവാസിനോട് ടീച്ചര്‍ കാര്യം പറഞ്ഞു. അപ്പോഴാണ് ഇടംകൈ ബാറ്ററാണെന്ന് അവര്‍ തിരിച്ചറിയുന്നത്. പിന്നെ വയനാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി നാസിര്‍മച്ചാന്റെ ശ്രദ്ധയില്‍പ്പെടുത്തി. ആദ്യം ക്രിക്കറ്റ് അക്കാദമിയിലേക്ക് സെലക്ഷന്‍ കിട്ടിയില്ലെങ്കിലും നാസിര്‍ മച്ചാന്റെ ഇടപെടലില്‍ അതും സാധ്യമായി. സെലക്ഷന്‍ കിട്ടുമോ എന്ന് പേടിച്ചിരുന്ന പെണ്‍കുട്ടി അവസാനം അക്കാദമിയില്‍ ഇടംനേടി കേരളത്തില്‍നിന്ന് ആദ്യം ഇന്ത്യന്‍ വനിതാ ടീമിലെത്തുന്ന താരമായി തിളങ്ങി.

എല്ലാദിവസവും ബസിനുകൊടുക്കാന്‍ 10 രൂപപോലും തരാനുള്ള സാഹചര്യം വീട്ടിലുണ്ടായിരുന്നില്ല. ദിവസവും നാലുകിലോമീറ്റര്‍ നടന്നാണ് സ്‌കൂളില്‍ പോയിരുന്നതുതന്നെ. ട്യൂഷനാണ്, ക്ലാസുണ്ട് എന്നൊക്കെ പറഞ്ഞാണ് മാനന്തവാടി സ്‌കൂളില്‍നടന്ന കോച്ചിങ്ങിനൊക്കെ പോയിരുന്നത്. ഓണക്കാലത്തായിരുന്നു പരിശീലനം. അന്ന് വെക്കേഷന്‍ ക്ലാസുണ്ടെന്നു പറഞ്ഞ് പോവും. വയനാട് ജില്ലാ ടീമില്‍ സെലക്ഷന്‍ കിട്ടിയതുപോലും വീട്ടില്‍ അറിഞ്ഞിരുന്നില്ല.

മോളെ മാനന്തവാടി ബസ്സ്റ്റാന്‍ഡില്‍ കൊണ്ടുവിടണമെന്ന് പറഞ്ഞാണ് തലേദിവസം എല്‍സമ്മ ടീച്ചര്‍ വിളിക്കുന്നത്. സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് വയനാട് ജില്ലാ ടീമിനുവേണ്ടി തലശ്ശേരിയില്‍ കളിക്കാന്‍ പോവുകയാണെന്നുമൊക്കെ അറിയുന്നത്. പിന്നെ എതിര്‍ത്തില്ല. അവളുടെ ആഗ്രഹത്തിനൊപ്പം നിന്നെന്ന് അമ്മ. പക്ഷേ, ക്രിക്കറ്റ് അക്കാദമിയില്‍ സെലക്ഷന്‍ കിട്ടി തൊടുപുഴയ്ക്ക് പോയപ്പോള്‍ വലിയ സങ്കടമായിരുന്നു. അവള്‍ ചെറിയ കുഞ്ഞല്ലേ ഞങ്ങള്‍ക്ക്, തൊടുപുഴയില്‍ കൊണ്ടുവിട്ട് വന്നിട്ട് പിന്നെ ദിവസങ്ങളോളം ശരിക്കും ഭക്ഷണംപോലും കഴിക്കാന്‍പറ്റാത്ത രീതിയല്‍ കരച്ചിലായിരുന്നു. പക്ഷേ, മകളെ വിഷമം അറിയിച്ചേയില്ലെന്ന് അമ്മ പറഞ്ഞപ്പോള്‍, ''എനിക്ക് വിഷമമൊന്നും ഉണ്ടായില്ല, ക്രിക്കറ്റ് കളിക്കാന്‍ പോവല്ലേ, അതിന്റെ ആവേശത്തിലായിരുന്നില്ലേ'' എന്ന് പിന്നാലെവന്നു മിന്നുവിന്റെ കമന്റ്.

മിന്നുന്ന പൊന്നുമോള്‍

ഈ അച്ഛനാണ് തന്റെ ഏറ്റവും വലിയ മോട്ടിവേറ്റര്‍ എന്നുപറഞ്ഞപ്പോള്‍ മണിയുടെ കണ്ണുകളില്‍ ആനന്ദനിര്‍വൃതിയുള്ള ശാന്തതമാത്രം. ഏതു മത്സരത്തിനുപോയാലും റണ്ണടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവള്‍ ഞങ്ങളെവിളിച്ചു കരയുമെന്ന് അച്ഛന്‍ മണി. അടുത്തമത്സരത്തില്‍ നിനക്ക് നന്നായി കളിക്കാന്‍കഴിയും, സാരമില്ല എന്ന മറുപടിയാണ് വീട്ടില്‍നിന്ന് കേള്‍ക്കാറുള്ളത്. ആ വാക്കുകള്‍ നല്‍കിയ പ്രചോദനമാണ് തന്നെ നയിക്കുന്നതെന്ന് മിന്നുമണിയും കൂട്ടിച്ചേര്‍ത്തു. ജയവും തോല്‍വിയും അല്ലെങ്കിലേ പണ്ടുമുതലേ മിന്നുവിന് ഒരു രസമാണെന്നാണ് അമ്മ പറയുന്നത്. രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍തന്നെ സ്‌കൂളില്‍ ഓട്ടമത്സരത്തിനൊക്കെ പങ്കെടുക്കും. തോറ്റുമടക്കമായിരിക്കും പലപ്പോഴും. നീയെന്തിന് പങ്കെടുക്കുകയാണെന്ന് എല്ലാവരും ചോദിക്കും. ഓടിയെത്താന്‍ കഴിഞ്ഞില്ലെങ്കിലും അടുത്തതവണ വീണ്ടും മത്സരിക്കും.

അങ്ങനെ തോറ്റും ജയിച്ചുമാണ് ഈ ഇന്ത്യന്‍ ജേഴ്സിയിലേക്കെത്തിയതെന്ന് മിന്നുമണി പറയുന്നു. മകള്‍ വലിയ ക്രിക്കറ്റ് താരമായി മാറിയതോടെ ക്രിക്കറ്റും നന്നായി പഠിച്ചുതുടങ്ങിയെന്നാണ് ഇരുവരും പറയുന്നത്. ഇപ്പോള്‍ എങ്ങനെയാണ് റണ്ണെടുക്കുക, പുറത്താവുക എന്നൊക്കെ അറിയാം.

വീട്ടില്‍ ടി.വി.യില്ലാത്തതിനാല്‍ മൊബൈല്‍ ഫോണിലാണ് ഇരുവരും മകളുടെ മത്സരം കണ്ടത്. ആദ്യബോളില്‍ സിക്സ് പറത്തിയപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു.

പക്ഷേ, വിക്കറ്റെടുത്തപ്പോള്‍ സന്തോഷമായെന്ന് അമ്മയും അച്ഛനും പറയുന്നു. ഇനി മകളുടെ പ്രകടനം ഏതെങ്കിലും സ്റ്റേഡിയത്തില്‍പ്പോയി നേരിട്ടുകാണണമെന്നാണ് വസന്തയുടെയും മണിയുടെയും ആഗ്രഹം. പറ്റിയാല്‍ ഏഷ്യന്‍ഗെയിംസിനുതന്നെ പോകണം. ഇരുവര്‍ക്കുംവേണ്ടി പാസ്പോര്‍ട്ടിന് അപേക്ഷനല്‍കിയിട്ടുണ്ട്.

വിദേശത്ത് പോക്ക് നടന്നില്ലെങ്കില്‍ ഇന്ത്യയില്‍ എവിടെയെങ്കിലും കൊണ്ടുപോയി അന്താരാഷ്ട്രമത്സരങ്ങള്‍ കാണിക്കുമെന്ന് മിന്നുമണി അച്ഛനുമമ്മയ്ക്കും ഉറപ്പുനല്‍കി.

ഇനി ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗത്വം കിട്ടണമെന്നാണ് മിന്നുമണിയുടെ അടുത്ത സ്വപ്നം. പറ്റിയാല്‍ റെക്കോഡിടണം. ലോകകപ്പ് ടീമില്‍ ഇടംനേടി ആ കപ്പില്‍ മുത്തമിടണം. അങ്ങനെ കുറെ, കുറെ ആഗ്രഹങ്ങളുണ്ട്. ഇത് പറഞ്ഞുനിര്‍ത്തുമ്പോള്‍ മിന്നുമണി ക്രിക്കറ്റിലേക്ക് പിച്ചവെച്ച പാടത്ത് ടില്ലറിന്റെ മുരള്‍ച്ച. വെള്ള ജേഴ്സിയണിഞ്ഞ കൊറ്റികള്‍ ചിറകടിച്ചുയര്‍ന്നുപറന്നു, മിന്നുവിനെപ്പോലെ വലിയ ഉയരങ്ങള്‍ കീഴടക്കാന്‍.

Content Highlights: life story of indian womens cricket player minnu mani