ഒരാൾ പതിനാലിൽ എട്ട്, മറ്റൊരാൾ എട്ടിൽ പൂജ്യം; ഇതിനായിരുന്നോ മുൻനായകരുടെ തിരിച്ചുവരവ്?

രോഹിത് ശർമ, വിരാട് കോലി | ഫോട്ടോ - എഎഫ്പി, x.com/Saabir_Saabu01
രോഹിത് ശർമ, വിരാട് കോലി | ഫോട്ടോ - എഎഫ്പി, x.com/Saabir_Saabu01

പെര്‍ത്ത്: വലിയ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ മുൻ നായകരായ വിരാട് കോലിയും രോഹിത് ശര്‍മയും ഉണ്ടെന്നതായിരുന്നു ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏറ്റവും വലിയ ആകര്‍ഷണം. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദങ്ങളൊന്നുമില്ലാതെയെത്തിയ രോഹിത്തും വലിയ അവധി കഴിഞ്ഞെത്തിയ കോലിയും അടുത്ത ഏകദിന ലോകകപ്പില്‍ കണ്ണുനട്ടാണ് തിരിച്ചെത്തിയതെന്നതിനാല്‍, വലിയ ഇന്നിങ്‌സ് കാഴ്ചവെയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ത്തന്നെ ഇരുവരും നിരാശപ്പെടുത്തി. ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇരുവരും ഇന്ത്യയ്ക്കായി അവസാനം കളിച്ചത്. 

രോഹിത്താണ് ആദ്യം പുറത്തായത്. എട്ട് റണ്‍സെടുത്ത് നില്‍ക്കേ, ജോഷ് ഹേസല്‍വുഡ് എറിഞ്ഞ നാലാം ഓവറില്‍ മാറ്റ് റെഷന്‍ഷോയ്ക്ക് ക്യാച്ച് നല്‍കിയാണ് മടക്കം. 14 പന്തുകളില്‍ ഒരു ഫോറുള്‍പ്പെടെയാണ് എട്ട് റണ്‍സ് നേടിയത്.

എട്ട് പന്തുകള്‍ നേരിട്ട കോലി, ഒരു റണ്ണുപോലുമെടുക്കാതെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തിലും മടങ്ങി. കൂപ്പര്‍ കനോലിക്ക് ക്യാച്ചായാണ് പുറത്തായത്. ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ഇരുവരും ഒന്നിനു പിറകെ ഒന്നായി മടങ്ങിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ നിരാശ പടര്‍ന്നു.

വിറച്ചുവിറച്ചെന്ന പോലെയാണ് ഇരുവരും കളിച്ചത്. ഓപ്പണായിറങ്ങിയ രോഹിത്, തുടക്കം മുതല്‍ത്തന്നെ തച്ചുടക്കുന്ന പതിവു ശൈലിക്ക് മുതിര്‍ന്നില്ല. സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറില്‍ നാലു പന്തുകള്‍ നേരിട്ടപ്പോള്‍ നേടിയത് ഒരു റണ്‍ മാത്രം. സ്റ്റാര്‍ക്കിന്റെ മൂന്നാം ഓവറിലെ ആദ്യ രണ്ടു പന്തുകളും പിന്നീട് ലീവ് ചെയ്തു. മൂന്നാം പന്തില്‍ രണ്ടും നാലാം പന്തില്‍ ഫോറും നേടി ഫോമിലേക്കെന്ന് തോന്നിച്ചെങ്കിലും തൊട്ടടുത്ത ഓവറില്‍ പുറത്തായി. ഹേസല്‍വുഡ് എറിഞ്ഞ പന്ത്, സെക്കന്‍ഡ് സ്ലിപ്പിലേക്ക് എഡ്ജ് ചെയ്തതോടെ പന്ത് റെന്‍ഷോയുടെ കൈയില്‍ ഭദ്രം.

പിന്നീട് കോലിയിലായി പ്രതീക്ഷ. സ്റ്റാര്‍ക്കിന്റെ ഒരോവറിലെ മുഴുവന്‍ പന്തുകളും നേരിട്ടിട്ടും കോലിക്ക് വ്യക്തിഗത സ്‌കോര്‍ബോര്‍ഡ് തുറക്കാനായില്ല. പിന്നീട് സ്റ്റാര്‍ക്ക് വീണ്ടുമെത്തിയപ്പോള്‍ ഓവറിലെ ആദ്യപന്തില്‍ത്തന്നെ പുറത്ത്. എട്ടു പന്തുകൾ നേരിട്ട് ഡക്കായാണ് മടക്കം. ഓസ്ട്രേലിയയിൽ എട്ട് ഇന്നിങ്സുകൾ കളിച്ച കോലി ഇതാദ്യമായാണ് ഡക്കായി പുറത്താവുന്നത്.   

ഏഴോവറിനിടെയാണ് ഇന്ത്യക്ക് രോഹിത്തിനെയും കോലിയെയും നഷ്ടം. 10.3 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റും നഷ്ടമായി.

രോഹിത്തിന്റെ ഇന്ത്യയ്ക്കുവേണ്ടിയുള്ള 500-ാം മത്സരമായിരുന്നു പെര്‍ത്തിലേത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, എം.എസ്. ധോനി, വിരാട് കോലി എന്നിവര്‍ മാത്രമാണ് ഇതിന് മുന്‍പ് ഇന്ത്യക്കായി 500 മത്സരങ്ങള്‍ കളിച്ചത്. 664 മത്സരങ്ങള്‍ കളിച്ച സച്ചിന്‍ ഒന്നാമതും 551 മത്സരങ്ങളോടെ കോലി രണ്ടാമതുമാണ്.

ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് വ്യത്യസ്തമായി രോഹിത്തിന് ബാറ്ററുടെ ചുമതല മാത്രമാണ് ഉണ്ടായിരുന്നത്. രോഹിത്തിന് പകരക്കാരനായി ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ പുതിയ ക്യാപ്റ്റന്‍. ചാമ്പ്യന്‍സ്‌ട്രോഫിയില്‍ തോല്‍വിയറിയാതെയാണ് രോഹിത് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത്. അതിനുശേഷം ടീം ഏകദിനം കളിച്ചിരുന്നില്ല. പിന്നീട് ക്യാപ്റ്റനായി ഗില്ലിനെയും വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യരെയും നിശ്ചയിക്കുകയായിരുന്നു.

Content Highlights: Rohit Sharma and Virat Kohli Disappoint in Australian Tour Opener