ലക്ഷ്യം മുംബൈ ഇന്ത്യൻസിനെ പഴയ പ്രതാപത്തിൽ തിരിച്ചെത്തിക്കൽ: പൊള്ളാർഡ്

മുംബൈ: വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിനെ വീണ്ടും കിരീടവഴിയിൽ തിരിച്ചെത്തിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മുംബൈ ഇന്ത്യൻസ് മുഖ്യപരിശീലകനായി നിയമിതനായ വിൻഡീസ് മുൻതാരം കിറോൺ പൊള്ളാർഡ്. അതിനുള്ള മനോഭാവം വളർത്തിയെടുക്കാനാണ് താൻ ആദ്യമായി ശ്രമിക്കുകയെന്നും പൊള്ളാർഡ് പറഞ്ഞു. ശ്രീലങ്കൻ ഇതിഹാസം മഹേല ജയവർധനയ്ക്ക് പകരക്കാരനായാണ് 2010 മുതൽ മുംബൈ ടീമിന്റെ ഭാഗമായ പൊള്ളാർഡ് പുതിയ ചുമതല ഏറ്റെടുക്കുന്നത്.
'ടീമിന് എന്താണ് ആവശ്യമെന്ന് വ്യക്തമായി മനസ്സിലാക്കുകയാണ് എന്റെ ആദ്യ ദൗത്യം. അതിനുശേഷം ആ വീര്യവും ഊർജവും ഗ്രൗണ്ടിൽ എത്തിക്കണം. വാങ്കഡെ സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ ആരാധകരുടെ ആവേശവും നീലക്കൊടികൾ ഉയരുന്നതുമാണ് നമ്മൾ കാണേണ്ടത്. അത് നമ്മുടെ ഉള്ളിൽ നിന്നാണ് തുടങ്ങേണ്ടത്,' പൊള്ളാർഡ് പറഞ്ഞു.
'കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ നമുക്ക് സാധിച്ചിട്ടില്ല എന്നത് വസ്തുതയാണ്. മുംബൈ ഇന്ത്യൻസ് എന്ന പേരിനും ബാഡ്ജിനുംവേണ്ടി കളിക്കുക, വ്യക്തിപരമായ ആഗ്രഹങ്ങളേക്കാൾ ടീമിന് പ്രാധാന്യം നൽകുക എന്നിവയാണ് ഇനി പ്രധാനം. മുൻകാലങ്ങളിൽ എതിരാളികൾ നമ്മളെ എങ്ങനെയാണോ ഭയപ്പെട്ടിരുന്നത്, ആ നിലയിലേക്ക് തിരിച്ചെത്തണം. അതിനായി അല്പം പുറകോട്ട് ചിന്തിച്ച് കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്,' അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് കഴിഞ്ഞ ചില സീസണുകളിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ മൂന്ന് സീസണുകളിൽ രണ്ടിലും പ്ലേഓഫ് കാണാതെ പുറത്തായ ടീമിന് 2020-നുശേഷം കിരീടം നേടാനും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണിൽ ഒൻപതാം സ്ഥാനത്തായിരുന്നു.
തന്റെ കളിരീതി പോലെ തന്നെ കളിക്കാർക്ക് മൈതാനത്ത് സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നൽകുമെന്നും പൊള്ളാർഡ് വ്യക്തമാക്കി. കടുത്ത നിയമങ്ങളും ഡീമെറിറ്റ് പോയിന്റുകളും കാരണം കളിക്കാർ പലപ്പോഴും യന്ത്രങ്ങളെപ്പോലെ മാറുന്നുണ്ടെന്നും അവരുടെ സ്വാഭാവിക ശൈലി പുറത്തെടുക്കാൻ അനുവാദം നൽകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഹേല ജയവർധനയുടെ തന്ത്രപരമായ മികവ് തന്റെ പരിശീലന ജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനൊപ്പം കളിക്കാനും പിന്നീട് ബാറ്റിംഗ് കോച്ചായും സഹപരിശീലകനായും പ്രവർത്തിക്കാനും സാധിച്ചത് വലിയ ഭാഗ്യമാണെന്നും പൊള്ളാർഡ് ഓർത്തെടുത്തു. വ്യക്തിഗത സംഭാഷണങ്ങൾക്കും കൃത്യമായ ആസൂത്രണത്തിനും പുറമേ ഡാറ്റാ അധിഷ്ഠിത തന്ത്രങ്ങൾക്കും പുതിയ ചുമതലയിൽ വലിയ പ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Kieron Pollard takes over as the head coach of Mumbai Indians, replacing Mahela Jayawardene., Focus is shifted from individual achievements to team success and championship mentality., Pollard aims to give players the freedom to express their natural playing style., Mumbai Indians look to bounce back after disappointing performances in recent IPL seasons.