സഞ്ജു, ശ്രേയസ് ഗോപാല്‍, സക്‌സേന തിളങ്ങി; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ആറാം ജയം

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ ആറാം ജയം. ബുധനാഴ്ച ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഒഡിഷയെ 50 റണ്‍സിനാണ് കേരളം കീഴടക്കിയത്. ജയത്തോടെ പോയന്റ് പട്ടികയില്‍ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഒഡിഷ 18.1 ഓവറില്‍ 133 റണ്‍സിന് ഓള്‍ഔട്ടായി.
നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയും 3.1 ഓവറില്‍ 18 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലും ചേര്‍ന്നാണ് ഒഡിഷയെ തകര്‍ത്തത്. ശേഷിച്ച ഒരു വിക്കറ്റ് ബേസില്‍ തമ്പി സ്വന്തമാക്കി.
37 റണ്‍സെടുത്ത ശുബ്രാന്‍ഷു സേനാപതിയാണ് ഒഡിഷയുടെ ടോപ് സ്‌കോറര്‍. രാജേഷ് ദൂപര്‍ (28), ക്യാപ്റ്റന്‍ ഗോവിന്ദ പോഡ്ഡര്‍ (27) എന്നിവരാണ് ശുബ്രാന്‍ഷുവിനെ കൂടാതെ ഒഡിഷ നിരയില്‍ ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം ക്യാപ്റ്റന്‍ സഞ്ജു സാംസന്റെയും വരുണ്‍ നായനാരുടെയും ഇന്നിങ്‌സുകളുടെ ബലത്തിലാണ് 183 റണ്‍സിലെത്തിയത്.
31 പന്തില്‍ നിന്ന് നാല് വീതം സിക്‌സും ഫോറുമടക്കം 55 റണ്‍സെടുത്ത സഞ്ജുവാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 38 പന്തുകള്‍ നേരിട്ട വരുണ്‍ ഒമ്പത് ബൗണ്ടറിയടക്കം 48 റണ്‍സെടുത്തു. വിഷ്ണു വിനോദ് 33 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
രോഹന്‍ കുന്നുമ്മല്‍ (16), അബ്ദുള്‍ ബാസിത് (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഗ്രൂപ്പ് ബിയില്‍ ആറ് കളികളില്‍ ആറും ജയിച്ച കേരളം 24 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. 27-ന് അസമിനെതിരെ ആണ് കേരളത്തിന്റെ അടുത്ത മത്സരം.
Content Highlights: Kerala beat Odisha in Group B match Syed Mushtaq Ali Trophy 2023