സൗത്തിയുടെ പന്തില്‍ റൂട്ടിന്റെ റിവേഴ്‌സ് സ്‌കൂപ്പ് സിക്‌സ്; അമ്പരന്ന് കാണികള്‍

Photo: twitter.com/MirrorSport
Photo: twitter.com/MirrorSport

നോട്ടിങ്ങാം: സമീപകാലത്തായി ബാറ്റിങ്ങില്‍ അപാര ഫോമിലാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ലോര്‍ഡ്‌സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ റൂട്ട്, നോട്ടിങ്ങാമില്‍ നടന്ന രണ്ടാം ടെസ്റ്റിലും സെഞ്ചുറിയുമായി തിളങ്ങി.

നോട്ടിങ്ങാമില്‍ 211 പന്തുകളില്‍ നിന്ന് 176 റണ്‍സെടുത്ത റൂട്ട് തകര്‍പ്പന്‍ ഫോമിലായിരുന്നു. ഈ ഇന്നിങ്‌സിനിടെ കിവീസ് താരം ടിം സൗത്തിക്കെതിരേ റൂട്ട് പുറത്തെടുത്ത റിവേഴ്‌സ് സ്‌കൂപ്പ് സിക്‌സ് കാണികളെയും കമന്റേറ്റര്‍മാരെയും ഒന്നടങ്കം അമ്പരപ്പിച്ചു.

രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസമായിരുന്നു റൂട്ടിന്റെ ഈ തകര്‍പ്പന്‍ സിക്‌സ്. ടിം സൗത്തിയെറിഞ്ഞ 117-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു ഇത്. സൗത്തിയുടെ 131 കി.മീ വേഗതയില്‍ ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന പന്താണ് റൂട്ട് റിവേഴ്‌സ് സ്‌കൂപ്പിലൂടെ അതിര്‍ത്തി കടത്തിയത്. റൂട്ടിന്റെ കിറുകൃത്യമായ ടൈമിങ്ങായിരുന്നു ഈ ഷോട്ടില്‍ ശ്രദ്ധേയം.

സ്‌റ്റേഡിയത്തിലുണ്ടായിരുന്ന കാണികള്‍ എഴുന്നേറ്റ് നിന്നാണ് ഈ ഷോട്ടിന് കൈയടികള്‍ സമ്മാനിച്ചത്. കമന്ററി ബോക്‌സിലുണ്ടായിരുന്ന മൈക്കല്‍ ആതേര്‍ട്ടന്റെ വാക്കുകളിലും അമ്പരപ്പ് പ്രകടമായിരുന്നു.

2021 ജനുവരിക്ക് ശേഷം 10 സെഞ്ചുറികളാണ് റൂട്ട് സ്വന്തമാക്കിയിരിക്കുന്നത്. 27 ടെസ്റ്റ് സെഞ്ചുറികളുമായി വിരാട് കോലിക്കും സ്റ്റീവ് സ്മിത്തിനുമൊപ്പമെത്താനും റൂട്ടിനായി. കിവീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിനിടെ ടെസ്റ്റില്‍ 10,000 റണ്‍സെന്ന നാഴികക്കല്ലും റൂട്ട് പിന്നിട്ടിരുന്നു.

Content Highlights: Joe Root s Reverse Scoop Six Goes Viral