അന്ന് ഒന്നാം നിലയിൽ നിന്ന് വീണു, പതിച്ചത് ഭക്ഷണം കഴിക്കുന്ന ആളുടെ തലയിൽ; വെളിപ്പെടുത്തി ജെമീമ

ജെമീമ റോഡ്രി​ഗസ് | Photo: instagram.com/jemimahrodrigues
ജെമീമ റോഡ്രി​ഗസ് | Photo: instagram.com/jemimahrodrigues

മുംബൈ: കുട്ടിക്കാലത്ത് നടന്ന ഒരു അപകടത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസ്. ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ സമയത്ത് ഓഡിറ്റോറിയത്തിലെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് വീണെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ജെമീമ പറഞ്ഞു. പത്തു വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് സംഭവം നടക്കുന്നത്.

"ഞങ്ങൾ ഒരു ഓഡിറ്റോറിയത്തിലായിരുന്നു. അവിടെ ഞങ്ങൾക്ക് ഒരു പള്ളിയുമായി ബന്ധപ്പെട്ട പരിപാടി ഉണ്ടായിരുന്നു. കുട്ടികളെല്ലാം പുറത്തായിരുന്നു. അന്ന് എട്ടോ പത്തോ വയസ്സായിരുന്നു എനിക്ക് പ്രായം. കളിക്കുന്നതിനിടെ ഒരു പെട്ടിയിൽ ചവിട്ടിയതോടെ  ഞാൻ താഴേക്ക് വീണു."- ജെമീമ ഓർത്തെടുത്തു.

ഒന്നാം നിലയിൽ നിന്നാണ് താഴേക്ക് വീണത്. ഭാഗ്യവശാൽ, ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരാളുടെ തലയിലാണ് വീണത്. എന്റെ കസിൻസൊക്കെ ഞാൻ മരിച്ചുവെന്ന് കരുതി. കാരണം ഞാൻ വീണപ്പോൾ അവർക്ക് ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല." ജെമീമ കൂട്ടിച്ചേർത്തു.

വനിതാ പ്രീമിയർ ലീഗ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ജെമീമ ഇപ്പോൾ. ലീഗിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനാണ് താരം. ശനിയാഴ്ച മുംബൈ ഇന്ത്യൻസുമായാണ് ആദ്യ മത്സരം. നിലവിൽ മിന്നും ഫോമിലാണ് ജെമീമ. കഴിഞ്ഞ വനിതാ ലോകകപ്പിൽ ഇന്ത്യയെ ജേതാക്കളാക്കുന്നതിൽ നിർമായകമായിരുന്നു ജെമീമയുടെ ബാറ്റിങ്. ഓസീസിനെതിരായ സെമിയിലെ സെഞ്ചുറി പ്രകടനം ക്രിക്കറ്റ് ആരാധകർ മറന്നിട്ടുണ്ടാവില്ല. അന്ന് 127 റൺസാണ് ജെമീമ നേ​ടിയത്.

Content Highlights: 'I Fell From The First Floor': India's World Cup Star Reminisces Hilarious Childhood Moment