ബംഗ്ലാദേശിന്റെ കുറ്റി തെറിപ്പിക്കാൻ ജയ് ഷാ, കർശന നടപടി ഉടൻ; ICC ചെയർമാൻ ദുബായിൽ

ന്യൂഡൽഹി: ടി20 ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ ബംഗ്ലാദേശിനെതിരേ നടപടിക്കൊരുങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഐസിസി ചെയർമാനായ ജയ് ഷാ ബംഗ്ലാദേശിനെതിരേ കർശന നടപടിയെടുക്കാൻ തയ്യാറാകുന്നതായാണ് വിവരം. വിഷയത്തിൽ തീരുമാനമറിയിക്കാൻ ഐസിസി നൽകിയ സമയപരിധി അവസാനിച്ച പശ്ചാത്തലത്തിലാണ് നീക്കം. നിലപാട് തുടരുന്നതിനാൽ ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പുറത്താകുമെന്ന് ഉറപ്പാണ്.
എഎൻഐയുടെ റിപ്പോർട്ട് പ്രകാരം ജയ് ഷാ നിലവിൽ ദുബായിലാണുള്ളത്. ബംഗ്ലാദേശിനെതിരായ അന്തിമതീരുമാനം ഉടൻ തന്നെ കൈക്കൊള്ളുമെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയം ചർച്ച ചെയ്യാൻ അടുത്തിടെ ഐസിസി സംഘം ബംഗ്ലാദേശിൽ പോയി ക്രിക്കറ്റ് ബോർഡുമായി ചർച്ച നടത്തിയിരുന്നു. അതിന് ശേഷവും നിലപാടിൽ യാതൊരു വിട്ടുവീഴ്ചക്കും ബിസിബി തയ്യാറായില്ല. അതോടെ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ഐസിസി ആലോചിക്കുന്നത്. ബംഗ്ലാദേശിന് പകരം സ്‌കോട്ട്‌ലൻഡ് ലോകകപ്പ് കളിച്ചേക്കും.
ലോകകപ്പിൽ കളിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ ഇന്ത്യയിൽ കളിക്കില്ലെന്നതാണ് നിലപാടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ അമിനുൾ ഇസ്ലാം ആവർത്തിച്ചിരുന്നു. ഞങ്ങൾ ഐസിസിയുമായി തുടർന്നും ആശയവിനിമയം നടത്തും. ലോകകപ്പ് കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ ഇന്ത്യയിൽ കളിക്കില്ല. ഞങ്ങൾ പോരാട്ടം തുടരും. ഐസിസി ബോർഡ് മീറ്റിങ്ങിൽ ഞെട്ടിക്കുന്ന ചില തീരുമാനങ്ങളുണ്ടായി. മുസ്താഫിസുർ വിഷയം ഒറ്റപ്പെട്ട ഒരു പ്രശ്നമല്ല. ആ വിഷയത്തിൽ അവർ മാത്രമായിരുന്നു തീരുമാനമെടുത്തത്."- ബിസിബി പ്രസിഡന്റ് അമിനുൽ ഇസ്ലാം പറഞ്ഞു.
അതേസമയം സുരക്ഷാ പ്രശ്നത്തിൽ ഞങ്ങളെ ബോധ്യപ്പെടുത്താൻ ഐസിസിക്ക് കഴിഞ്ഞിട്ടില്ലെന്ന് ബംഗ്ലാദേശ് സ്പോർട്സ് അഡ്വൈസർ അസിഫ് നസ്‌റുൾ പറഞ്ഞു. ഞങ്ങളുടെ പരാതികളിൽ ഐസിസി ഒരു നിലപാടും എടുത്തിട്ടില്ല. ഇന്ത്യയിലെ സർക്കാർ പോലും ഞങ്ങളുമായി ആശയവിനിമയം നടത്തിയിട്ടില്ല, അല്ലെങ്കിൽ ഞങ്ങളുടെ ഭയം ലഘൂകരിക്കാൻ ശ്രമിച്ചിട്ടില്ല. ഞങ്ങൾ ഇതുവരെ പ്രതീക്ഷ കൈവിട്ടിട്ടില്ല. ഞങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് ഐസിസി മനസ്സിലാക്കുമെന്നും ശ്രീലങ്കയിൽ കളിക്കാൻ ഞങ്ങളെ അനുവദിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു."- അസിഫ് നസ്‌റുൽ പറഞ്ഞു.
സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാനാകില്ലെന്നും അതുകൊണ്ട് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു നേരത്തേ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലേലത്തിൽ വിളിച്ചെടുത്ത ബംഗ്ലാദേശ് ബൗളർ മുസ്താഫിസുർ റഹ്‌മാനെ കളിപ്പിക്കേണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരേ വലിയ ആക്രമണം നടക്കുന്നതിനാൽ ബംഗ്ലാദേശ് താരത്തെ കളിപ്പിക്കുന്നതിനെതിരേ, ചില സംഘടനകൾ ഭീഷണിമുഴക്കിയിരുന്നു.
Content Highlights: Jay Shah Planning Strict Action Against Bangladesh Over T20 World Cup Withdrawal