വൈഭവടക്കം തൂക്കി, ഐപിഎല്ലിൽ ഒറ്റ വിക്കറ്റില്ലാതെ ബുംറ; ഇന്ത്യയുടെ സ്റ്റാർ പേസർക്ക് എന്ത് പറ്റി ?

മുംബൈ: ഐപിഎല്ലിൽ പഞ്ചാബിനെതിരായ തോൽവിക്ക് പിന്നാലെ ചർച്ചയായി മുംബൈയുടെ സൂപ്പർ പേസർ ജസ്പ്രീത് ബുംറയുടെ പ്രകടനം. നാലോവറിൽ 41 റൺസ് വിട്ടുകൊടുത്ത ബുംറയ്ക്ക് ഒരു വിക്കറ്റ് പോലും എടുക്കാനായില്ല. ടൂർണമെന്റിൽ ഇതുവരെ ഒരുവിക്കറ്റുപോലും താരത്തിന് നേടാനായിട്ടില്ല. അതോടെ ആരാധകർ നിരാശയിലാണ്. ഇപ്പോഴിതാ ബുംറയ്ക്ക് നിർദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം ഇർഫാൻ പഠാൻ. സ്ലോ ബോളുകൾക്ക് പകരം ബുംറ കൂടുതൽ വേഗതയുള്ള പന്തുകളെറിയണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.
‘ജസ്പ്രീത് ബുംറയെടുക്കുന്ന വിക്കറ്റുകൾ വളരെ പ്രധാനമാണ്. അദ്ദേഹത്തിന്റെ ഫോമിൽ വലിയ പ്രശ്നങ്ങളൊന്നും ഇല്ല, പക്ഷേ ഈ സീസണിൽ അദ്ദേഹത്തിന്റെ ശരാശരി വേഗത മണിക്കൂറിൽ 130 കി.മീ. ആണ്. അദ്ദേഹം 44 ശതമാനത്തോളം സ്ലോ ബോളുകളെറിയാനാണ് ഉപയോഗിക്കുന്നത്. അതായത് ബുംറ എറിയുന്ന ഓരോ രണ്ടാം പന്തും സ്ലോ ബോളാണ്.’ - പഠാൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
‘എന്തുകൊണ്ടാണ് ജസ്പ്രീത് ബുംറ ഇങ്ങനെ ചെയ്യുന്നത്? ഇതിന് കൂടുതൽ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹം കൂടുതൽ വേഗതയുള്ള ബോളുകൾ എറിയുകയും സ്ലോ ബോളുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്താൽ ഫലമുണ്ടായേക്കാം. ഇത് വളരെ ലളിതമായ പരിഹാരമാണ്. ബുംറയ്ക്ക് കോച്ചിങ് ആവശ്യമില്ല, പക്ഷേ ഈ കണക്കുകൾ എന്താണ് സംഭവിക്കുന്നതെന്ന് കാണിക്കുന്നുണ്ട്.’- അദ്ദേഹം കൂട്ടിച്ചേർത്തു.
HE IS HIM MOMENT FOR VAIBHAV. 🥶🔥
- 15 year old Vaibhav Suryavanshi smashed Jasprit Bumrah for two sixes in 3 balls. 🤯 pic.twitter.com/rCZ5Hx0aGl— Mufaddal Vohra (@mufaddal_vohra) April 7, 2026
കൊൽക്കത്തയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ നാലോവറിൽ 35 റൺസാണ് ബുംറ വിട്ടുകൊടുത്തത്. ഡൽഹിക്കെതിരായ രണ്ടാം മത്സരത്തിൽ നാലോവറിൽ 21 റൺസും രാജസ്ഥാനെതിരേ മൂന്നോവറിൽ 32 റൺസും മുംബൈ പേസർ വഴങ്ങി. ആർസിബിക്കെതിരേ 35 റൺസും കഴിഞ്ഞദിവസം പഞ്ചാബിനെതിരേ 41 റൺസും ബാറ്റർമാർ അടിച്ചെടുത്തു. ഈ അഞ്ച് മത്സരങ്ങളിലും ഒറ്റ വിക്കറ്റുപോലും നേടാനായിട്ടുമില്ല. ഇത് ചർച്ചയ്ക്ക് വഴിവെച്ചിട്ടുമുണ്ട്. ആരാധകർ ബുംറയുടെ പ്രകടനത്തിൽ നിരാശയിലുമാണ്.
ജസ്പ്രീത് ബുംറയുടെ ആദ്യ പന്തു തന്നെ സിക്‌സറിന് പറത്തിയ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനം നേരത്തേ വൻ വൈറലായിരുന്നു. ബുംറയും 15-കാരൻ വൈഭവും ആദ്യമായി നേർക്കുനേർ വന്ന മത്സരമായിരുന്നു ഇത്. ആദ്യ ഓവറിൽ തന്നെ ദീപക് ചാഹറിനെ കണക്കിന് ശിക്ഷിച്ചാണ് രാജസ്ഥാൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ ഇന്നിങ്‌സ് തുടങ്ങിയത്. രണ്ടാം ഓവർ എറിയാൻ എത്തിയത് ബുംറയും. താരത്തിന്റെ ആദ്യ പന്തു തന്നെ വൈഭവ് ലോങ് ഓണിന് മുകളിലൂടെ ഗാലറിയിലെത്തിച്ചു. കൃത്യം വൈഭവിന്റെ സ്ലോട്ടിലായിരുന്നു പന്ത്. അവിടംകൊണ്ടും തീർന്നില്ല അതേ ഓവറിലെ നാലാം പന്തും വൈഭവ് സിക്‌സറിന് പറത്തി. ഒരു ഷോർട്ട് ബോളിൽ ബാക്ക് ഫൂട്ടിൽ വന്ന് പുൾ ഷോട്ടിലൂടെ ബാക്ക്വേർഡ് സ്‌ക്വയർ ലെഗ്ഗിലേക്കാണ് വൈഭവ് പന്ത് പറത്തിയത്. രണ്ട് സിക്‌സ് വഴങ്ങിയപ്പോഴും ബുംറയുടെ പുഞ്ചിരിക്കുന്ന മുഖം ക്യാമറകൾ ഒപ്പിയെടുക്കുകയും ചെയ്തു. ആ ഓവറിൽ 14 റൺസാണ് ബുംറ വഴങ്ങിയത്.
Content Highlights: Jasprit Bumrah remains wicketless in the 2026 IPL season., Irfan Pathan highlights that Bumrah is bowling 44% slower balls., Bumrah's average speed has dropped to 130 km/h., Experts suggest increasing pace rather than relying on variations., Bumrah's recent bowling figures reflect a concerning lack of impact.