29 പന്തില്‍ സെഞ്ചുറി! റെക്കോഡ് ബാറ്റിങ് പ്രകടനവുമായി ഓസീസ് താരം ജെയ്ക് ഫ്രേസര്‍

അഡ്‌ലെയ്ഡ്: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് 29 പന്തില്‍ ഏകദിനത്തില്‍ ഒരു സെഞ്ചുറി പിറന്നിരിക്കുന്നു. ഓസ്‌ട്രേലിയയില്‍ നടന്ന മാര്‍ഷ് കപ്പില്‍ സൗത്ത് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ബാറ്റുചെയ്ത ജെയ്ക് ടാസ്മാനിയയ്‌ക്കെതിരെയാണ് റെക്കോഡ് സെഞ്ചുറി നേടിയത്. വെറും 29 പന്തില്‍ നിന്നാണ് താരം മൂന്നക്കം കണ്ടത്. അന്താരാഷ്ട്ര-ആഭ്യന്തര ക്രിക്കറ്റിലെ ഒരു താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണിത്.
2015-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 31 പന്തില്‍ സെഞ്ചുറി നേടിയ ഡിവില്ലിയേഴ്‌സിനെ ജെയ്ക് മറികടന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇപ്പോഴും ഡിവില്ലിയേഴ്‌സിന്‍റെ പേരില്‍ തന്നെയാണ് റെക്കോഡ് . താരം വിന്‍ഡീസിനെതിരേ 44 പന്തുകളില്‍ നിന്ന് 149 റണ്‍സാണ് നേടിയത്. ഒന്‍പത് ഫോറും 16 സിക്‌സുകളും ഡിവില്ലിയേഴ്‌സിന്റെ ബാറ്റില്‍ നിന്ന് പിറന്നു.
21 കാരനായ ജെയ്ക് 38 പന്തുകളില്‍ നിന്ന് 125 റണ്‍സാണ് അടിച്ചെടുത്തത്. 10 ഫോറും 13 സിക്‌സുകളും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. താരത്തിന്റെ ആദ്യ ആഭ്യന്തര സെഞ്ചുറി കൂടിയാണിത്. 2019-ലാണ് ജെയ്ക് അരങ്ങേറ്റം കുറിച്ചത്. ഇതോടൊപ്പം 50 ഓവര്‍ ക്രിക്കറ്റിലെ ഒരു ഓസ്‌ട്രേലിയന്‍ താരത്തിന്റെ അതിവേഗ അര്‍ധസെഞ്ചുറിയുടെ റെക്കോഡും താരം സ്വന്തമാക്കി. വെറും 18 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്.
മത്സരത്തില്‍ സൗത്ത് ഓസ്‌ട്രേലിയ 435 റണ്‍സാണ് അടിച്ചെടുത്തത്. ഇതും റെക്കോഡാണ്. ഓസ്‌ട്രേലിയയിലെ 50 ഓവര്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്.
Content Highlights: Jake Fraser-McGurk smashes fastest ever limited-overs century