നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ കാർ ഇടിച്ചുകയറ്റി; മുൻ ഇന്ത്യൻ താരം അറസ്റ്റിൽ

വഡോദര: പാർക്ക് ചെയ്ത വാഹനങ്ങളിലേക്ക് കാർ ഇടിച്ചുകയറ്റിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ അറസ്റ്റിൽ. വഡോദരയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. അപകടത്തിൽ മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്. ജേക്കബ് മാർട്ടിൻ മദ്യപിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പുനിത് നഗർ സൊസൈറ്റിക്ക് സമീപം പുലർച്ചെ 2:30 നാണ് അപകടം നടന്നത്. ജേക്കബ് മാർട്ടിൻ വീട്ടിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. യാത്രക്കിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി പോലീസ് വ്യക്തമാക്കി.
ഇയാൾ ഇടിച്ചുകയറ്റിയ കാറിന്റെ ഉടമകളുടെ പരാതിയിലാണ് പോലീസ് കേസെടുക്കുന്നത്. അറസ്റ്റ് ചെയ്ത മുൻ ബറോഡ നായകനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ജേക്കബ് മാർട്ടിൻ ഇതിന് മുൻപും കേസുകളിൽ പ്രതിയായിട്ടുണ്ട്.
ഇന്ത്യക്കായി 10 ഏകദിനങ്ങളിൽ കളിച്ചിട്ടുള്ള താരം 1999 ലാണ് അരങ്ങേറുന്നത്. രഞ്ജി ട്രോഫിയിൽ ദീർഘകാലം ബറോഡയെ നയിച്ചിട്ടുണ്ട്.
Content Highlights: jacob martin arrested car accident