'ഇന്ത്യയിൽ ദൈവത്തെപ്പോലെ ആരാധിക്കപ്പെടുമ്പോഴും പെരുമാറ്റം സാധാരണക്കാരെപ്പോലെ'-കോലിയെ കുറിച്ച് കിവീസ് താരം

ഇന്ത്യൻ താരം വിരാട് കോലിയുടെ ലാളിത്യത്തെയും പ്രവർത്തനശൈലിയെയും പ്രശംസിച്ച് ന്യൂസീലൻഡ് പേസ് ബൗളർ ജേക്കബ് ഡഫി. ഇന്ത്യയിൽ ഒരു ദൈവത്തെപ്പോലെ ആരാധിക്കപ്പെടുന്ന വലിയ സൂപ്പർസ്റ്റാർ ആയിട്ടും എല്ലാവരോടും വളരെ സാധാരണക്കാരനായി മാത്രമാണ് കോലി പെരുമാറുന്നതെന്ന് ജേക്കബ് ഡഫി വ്യക്തമാക്കി. ഐപിഎൽ ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് ടീമിൽ കോലിയോടൊപ്പം ന്യൂസീലൻഡ് താരം ഡ്രസ്സിങ് റൂം പങ്കിട്ടിരുന്നു.
ബെംഗളൂരു ടീമിൽ എത്തിയ താനുൾപ്പെടെയുള്ള വിദേശ കളിക്കാരെ ടീമിലേക്ക് അദ്ദേഹം സ്വാഗതം ചെയ്യുന്ന രീതി ആകർഷകമാണ്. വിദേശ താരങ്ങൾക്ക് ഇന്ത്യയിൽ മികച്ച അന്തരീക്ഷം ഒരുക്കാൻ കോലി പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തോട് വിദേശ താരങ്ങൾക്ക് വലിയ ആദരവുണ്ടെന്നും ഡഫി കൂട്ടിച്ചേർത്തു.
നെറ്റ്സ് പരിശീലനസമയത്ത് കോലിക്കൊപ്പം സമയം ചെലവഴിച്ചത് വലിയ അനുഭവമായിരുന്നെന്നും ഡഫി കൂട്ടിച്ചേർത്തു. 'പരിശീലന സമയത്ത് കോലി എപ്പോഴും ആദ്യത്തെ ബാറ്ററായിരിക്കും. ഞാൻ ആദ്യത്തെ ബൗളറും. നെറ്റ്സിൽ കോലിക്കെതിരെ ഒരുപാട് തവണ പന്തെറിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ സാഹചര്യങ്ങളിൽ ഏത് ലൈനിലും ലെങ്തിലും ബൗൾ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞുതരും. സാഹചര്യങ്ങൾക്ക് അനുസരിച്ച് എങ്ങനെ പേസിൽ മാറ്റം വരുത്തണമെന്നും കോലി പറഞ്ഞുതന്നിട്ടുണ്ട്.'- ഡഫി വ്യക്തമാക്കി.
Content Highlights: New Zealand fast bowler Jacob Duffy praised Virat Kohli's down-to-earth nature in India., Duffy shared a dressing room with Kohli during his stint with Royal Challengers Bengaluru (RCB)., Kohli helped international players feel welcome and provided valuable bowling tips during net practice sessions.