ഇങ്ങനെ മോശം ചോദ്യങ്ങൾ ചോദിക്കരുത്; കീർത്തി ആസാദിന്റെ വിമർശനത്തോട് പ്രതികരിച്ച് ഇഷാൻ കിഷൻ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: Screengrab/ ANI News
Photo: Screengrab/ ANI News

പട്‌ന: ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിനു ശേഷം ലോകകപ്പ് ട്രോഫി ഹനുമാൻ ക്ഷേത്രത്തിൽ കൊണ്ടുപോയ നടപടിക്കെതിരേ വിമർശനമുയർന്നിരുന്നു. ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, കോച്ച് ഗൗതം ഗംഭീർ, ഐസിസി ചെയർമാൻ ജയ് ഷാ എന്നിവർ അഹമ്മദാബാദിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ചിരുന്നു. ഇതിനെ വിമർശിച്ച് 1983-ൽ ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീം അംഗവും എംപിയുമായി കീർത്തി ആസാദ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വിമർശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യൻ താരം ഇഷാൻ കിഷൻ.

ലോകകപ്പ് ടൂർണമെന്റിനു ശേഷം പട്‌ന വിമാനത്താവളത്തിലെത്തിയ ഇഷാൻ കിഷനോട് മാധ്യമപ്രവർത്തകർ ഈ വിഷയത്തെക്കുറിച്ച് ചോദിച്ചു. എന്നാൽ ഇതിനോട് കടുത്ത അതൃപ്തിയാണ് ഇഷാൻ പ്രകടിപ്പിച്ചത്. ലോകകപ്പ് വിജയത്തിന്റെ സന്തോഷം ഇല്ലാതാക്കുന്ന ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നും കൂടുതൽ നല്ല ചോദ്യങ്ങൾ ചോദിക്കൂ എന്നും അദ്ദേഹം മറുപടി നൽകി. ഇത്രയും വലിയൊരു വിജയം ആഘോഷിക്കുന്ന വേളയിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് എന്ത് പറയാനാണെന്നും അദ്ദേഹം പറഞ്ഞു. കീർത്തി ആസാദ് പറഞ്ഞതിനെക്കുറിച്ച് തനിക്ക് എന്ത് പറയാൻ കഴിയുമെന്നും ഇഷാൻ വ്യക്തമാക്കി.

മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങും കീർത്തി ആസാദിന്റെ പ്രസ്താവനയ്‌ക്കെതിരേ രംഗത്തെത്തി. രാജ്യം മുഴുവൻ ലോകകപ്പ് വിജയം ആഘോഷിക്കുമ്പോൾ ഇത്തരം രാഷ്ട്രീയ പരാമർശങ്ങൾ നടത്തുന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. കായികതാരങ്ങൾ രാഷ്ട്രീയത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത് കായിക ലോകത്തിന് നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ടീമിന് ട്രോഫി ക്ഷേത്രത്തിലേക്കോ, പള്ളിയിലേക്കോ, ചർച്ചിലേക്കോ കൊണ്ടുപോകാനുള്ള എല്ലാ അവകാശവുമുണ്ടെന്നും ഹർഭൻ പറഞ്ഞു. മതങ്ങളെല്ലാം തുല്യമാണെന്ന് വിശ്വസിക്കുന്നുവെന്നും ദൈവങ്ങൾ വ്യത്യസ്തമായിരിക്കാം പക്ഷം പാത ഒന്നുതന്നെയാണെന്നും മുൻ സ്പിന്നർ കൂട്ടിച്ചേർത്തു.

Content Highlights: Ishan Kishan expressed displeasure over media questions regarding the team's temple visit., Kirti Azad criticized the team for taking the trophy to a Hanuman temple., Harbhajan Singh supported the team, stating they have the right to visit any religious place., The controversy highlights the tension between sports celebrations and political discourse.