ലോകകപ്പിനുമുമ്പ് പാകിസ്താന്‍ ഞെട്ടി; അട്ടിമറി ജയവുമായി അയര്‍ലന്‍ഡ്

Photo: AP
Photo: AP

ഡബ്ലിന്‍: ട്വന്റി 20 ലോകകപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ ഞെട്ടിച്ച് അയര്‍ലന്‍ഡ്. ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡ് അഞ്ചു വിക്കറ്റിന് പാകിസ്താനെ അട്ടിമറിച്ചു. പാക് ടീം ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത അയര്‍ലന്‍ഡ് ഒരു പന്തുമാത്രം ശേഷിക്കേ ലക്ഷ്യം കണ്ടു. സ്‌കോര്‍: പാകിസ്താന്‍ - 182/6 (20), അയര്‍ലന്‍ഡ് - 183/5 (19.5). ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ അയര്‍ലന്‍ഡ് മുന്നിലെത്തി (1-0). ടി20-യില്‍ പാകിസ്താനെതിരേ അയര്‍ലന്‍ഡിന്റെ ആദ്യ ജയമാണിത്.

55 പന്തില്‍ നിന്ന് രണ്ട് സിക്‌സും 10 ഫോറുമടക്കം 77 റണ്‍സെടുത്ത ഓപ്പണര്‍ ആന്‍ഡ്രു ബാല്‍ബിര്‍ണിയാണ് അവരുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഹാരി ടെക്ടര്‍ (36), ജോര്‍ജ് ഡോക്‌റെല്‍ (24) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

നേരത്തേ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ അര്‍ധ സെഞ്ചുറിയും സയിം അയൂബ്, ഇഫ്തിഖര്‍ അഹമ്മദ് എന്നിവരുടെ ഇന്നിങ്‌സുകളുമാണ് പാകിസ്താനെ 182-ല്‍ എത്തിച്ചത്. 43 പന്തുകള്‍ നേരിട്ട ബാബര്‍ ഒരു സിക്‌സും എട്ടു ഫോറുമടക്കം 57 റണ്‍സെടുത്തു. അയൂബ് 29 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 45 റണ്‍സെടുത്തു. വെറും 15 പന്തില്‍ നിന്ന് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 37 റണ്‍സടിച്ച ഇഫ്തിഖര്‍ അഹമ്മദാണ് പാക് സ്‌കോര്‍ 180 കടത്തിയത്.

നേരത്തേ ലോകകപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി പാക് ടീം സൈനികര്‍ക്കൊപ്പം പരിശീലനം നടത്തിയിരുന്നു. പാക് താരങ്ങളില്‍ പലരും പൂര്‍ണമായും കായികക്ഷമതയുള്ളവരല്ലെന്ന വിമര്‍ശനങ്ങള്‍ നേരത്തേയുണ്ടായിരുന്നു. ഇക്കാരണത്താലായിരുന്നു സൈനികര്‍ക്കൊപ്പമുള്ള പരിശീലനം. എന്നാല്‍ താരതമ്യേന ദുര്‍ബരായ അയര്‍ലന്‍ഡിനോട് തോറ്റതോടെ ബാബറും സംഘവും ട്രോളുകളില്‍ നിറയുകയാണ്.

Content Highlights: ireland make history stun pakistan by five wickets