ഇന്ത്യയ്‌ക്കെതിരായ ചരിത്ര വിജയത്തിന് പിന്നാലെ അയർലൻഡ് പരിശീലകൻ സ്ഥാനമൊഴിയുന്നു

ഡബ്ലിൻ: അയർലൻഡ് ക്രിക്കറ്റ് ടീം പരിശീലകൻ ഹെൻറിച്ച് മലാൻ സ്ഥാനമൊഴിയുന്നു. ലോകചാമ്പ്യന്മാരായ ഇന്ത്യക്കെതിരായ ടി20 പരമ്പര വിജയത്തിന് തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിത പ്രഖ്യാപനം. ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അയർലൻഡിന്റെ ആദ്യ പരമ്പര നേട്ടം സ്വന്തമാക്കിയതിന് പിറ്റേന്നാണ്, നാല് വർഷത്തിലേറെ നീണ്ട സേവനത്തിന് ശേഷം താൻ സ്ഥാനമൊഴിയുകയാണെന്ന് മലാൻ ടീം അംഗങ്ങളെയും സഹപ്രവർത്തകരെയും അറിയിച്ചത്.
മൂന്ന് തവണ ടി20 ലോകകപ്പിന് യോഗ്യത നേടാനും അയർലൻഡിന്റെ ആദ്യ മൂന്ന് ടെസ്റ്റ് വിജയങ്ങൾക്ക് സാക്ഷ്യം വഹിക്കാനും മലാനു സാധിച്ചിട്ടുണ്ട്. 2027- വരെ കരാർ കാലാവധിയുണ്ടായിരുന്നെങ്കിലും ദക്ഷിണാഫ്രിക്കക്കാരനായ മലാൻ കാലാവധിക്ക് മുൻപേ പടിയിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങൾക്കായി ടീമിനെ സജ്ജമാക്കാൻ പുതിയൊരു പരിശീലകൻ എത്തേണ്ടത് അത്യാവശ്യമാണെന്ന് മലാൻ വിലയിരുത്തിയതായി ക്രിക്കറ്റ് അയർലൻഡ് അറിയിച്ചു.
2022 ജനുവരിയിലാണ് മലാൻ അയർലൻഡ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. മൂന്ന് വർഷത്തേക്കായിരുന്നു ആദ്യ കരാർ. പിന്നീട് ഇത് നീട്ടിനൽകുകയായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ 2022, 2024, 2026 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് ടി20 ലോകകപ്പുകൾക്ക് യോഗ്യത നേടാൻ അയർലൻഡിനായി. 2022-ൽ മെൽബണിൽ വെച്ച് നടന്ന ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ അയർലൻഡ് അട്ടിമറിച്ചത് മലാനു കീഴിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ്.
ഈ കളിക്കാർക്കൊപ്പവും സഹപ്രവർത്തകർക്കൊപ്പവും അയർലൻഡ് ക്രിക്കറ്റ് സമൂഹത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു അംഗീകാരമായി കാണുന്നുവെന്ന് മലാൻ പ്രസ്താവനയിൽ പറഞ്ഞു. ഞാനും കുടുംബവും ഇവിടെ മികച്ച അനുഭവമാണ് നേടിയത്. ഐറിഷ് ക്രിക്കറ്റിലെ ഈ കാലഘട്ടം എന്നും സന്തോഷത്തോടെ ഓർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.