18 കോടിക്ക് ടീമിൽ, എറിഞ്ഞത് എട്ടുപന്തുകൾ മാത്രം; പൊന്നും വിലയെറിഞ്ഞ് ടീമിലെടുത്ത താരങ്ങളെ ഒഴിവാക്കി ഫ്രാഞ്ചൈസികൾ

#സ്പോർട് ഡെസ്ക്
മതീഷ പതിരണ | PTI
മതീഷ പതിരണ | PTI

ന്യൂഡൽഹി; ഐപിഎൽ സീസണിനായി ടീമുകളെ അടിമുടി പൊളിച്ചെഴുതാനൊരുങ്ങി ടീമുകൾ. ലേലത്തിന് മുന്നോടിയായി പുറത്തുവിട്ട പട്ടികയിൽ സൂപ്പർ താരങ്ങളെയടക്കം ഒഴിവാക്കിയാണ് ഫ്രാഞ്ചൈസികൾ ഒരുങ്ങുന്നത്. കഴിഞ്ഞ ലേലത്തിന് പൊന്നുംവിലകൊടുത്ത് വാങ്ങിയ താരങ്ങളെയുൾപ്പെടെ റിലീസ് ചെയ്യാൻ ടീമുകൾ തയ്യാറായി. ട്രാവിസ് ഹെഡ്, മിച്ചൽ സ്റ്റാർക്ക്, ഷിമ്രോൺ ഹെറ്റ്മയർ, ട്രെന്റ് ബോൾട്ട് എന്നീ വിദേശതാരങ്ങളെയെല്ലാം ടീമുകൾ റിലീസ് ചെയ്തു.

കഴിഞ്ഞ സീസണിൽ 18 കോടിക്ക് ടീമിലെടുത്ത ലങ്കൻ പേസ് ബൗളർ മതിഷ പതിരണയെ കൊൽക്കത്ത കൈവിട്ടു. ലേലത്തിന് മുന്നോടിയായി ടീമുകൾ കൈവിട്ട താരങ്ങളിൽ ഏറ്റവും മൂല്യമേറിയ താരം പതിരണയാണ്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്ക്കായി വെറും ഒരു മത്സരത്തിൽ മാത്രമാണ് പതിരണ കളിച്ചത്. എറിഞ്ഞതാകട്ടെ എട്ടുപന്തുകൾ മാത്രം. പിന്നാലെ പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് തന്നെ പുറത്തായി.

14.2 കോടിക്ക് ടീമിലെടുത്ത പ്രശാന്ത് വീറിനെ നിലനിർത്താൻ ചെന്നൈയും തയ്യാറായില്ല. ഐപിഎൽ ലേലത്തിന്റെ ചരിത്രത്തിലെ ഒരു അൺക്യാപ്ഡ് താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയായിരുന്നു ഇത്. അടിസ്ഥാന വിലയായ 30 ലക്ഷത്തിൽ നിന്നാണ് പ്രശാന്തിനെ 14.20 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കുന്നത്. 20-കാരനായ പ്രശാന്ത് ഉത്തർ പ്രദേശിൽ നിന്നുള്ള ഓൾറൗണ്ടറാണ്. സീസണിൽ താരത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ചെന്നൈക്കായി ആറ് മത്സരങ്ങളിലാണ് പ്രശാന്ത് കളത്തിലിറങ്ങിയത്. വെറും രണ്ട് ഓവർ മാത്രമാണ് പന്തറിഞ്ഞത്, വിക്കറ്റൊന്നും നേടാനായില്ല. 91 റൺസാണ് സമ്പാദ്യം.

വെടിക്കെട്ട് ബാറ്റർ ട്രാവിസ് ഹെഡും പേസർ മിച്ചൽ സ്റ്റാർക്കും ഇത്തവണ ഐപിഎൽ കളിക്കില്ലെന്ന് അറിയിച്ചതോടെ ടീമുകൾ താരങ്ങളെ ഒഴിവാക്കി. ഓസ്‌ട്രേലിയയുടെ തിരക്കേറിയ അന്താരാഷ്ട്ര മത്സരക്രമം പരിഗണിച്ചാണ് ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കാൻ ഹെഡ് തീരുമാനിച്ചത്. അതല്ലെങ്കിൽ ജോലിഭാരം താങ്ങാനാകില്ലെന്നും ഹെഡ് ഹൈദരാബാദ് ടീം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. മിച്ചൽ സ്റ്റാർക്കും പിന്മാറുന്നതായി അറിയിച്ചിരുന്നു.

ട്രന്റ് ബോൾട്ടിനെ(12.5 കോടി) മുംബൈയും ഷിമ്രോൺ ഹെറ്റ്‌മയറെ (11 കോടി) രാജസ്ഥാനും നിലനിർത്തിയില്ല. ആവേശ് ഖാൻ, ദീപക് ചഹാർ,തുഷാർ ദേശ്പാണ്ഡെ, ജേക്കബ് ബെഥേൽ എന്നിവരാണ് ഫ്രാഞ്ചൈസികൾ നിലനിർത്താത്ത മറ്റ് മൂല്യമേറിയ താരങ്ങൾ.

അതേസമയം മെന്ററായി നിയമിച്ചതിനാൽ മഹേന്ദ്ര സിങ് ധോനിയെയും ടീം റിലീസ് ചെയ്തു. പുതിയ ഐപിഎൽ സീസണിന് മുന്നോടിയായി ടീമിൽ നിലനിർത്തേണ്ട താരങ്ങളുടെ പട്ടിക പ്രഖ്യാപിക്കേണ്ട അവസാന ദിനത്തിലാണ് ധോനി കളിക്കാരനായി ടീമിലുണ്ടാകില്ലെന്ന് ഫ്രാഞ്ചൈസി അറിയിച്ചത്. ഇനി മെന്റർ റോളിൽ ടീമിന്റെ ഭാഗമാകുമെന്ന് ചെന്നൈ സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഒന്നര പതിറ്റാണ്ടിലധികം ചെന്നൈയ്‌ക്കൊപ്പമുണ്ടായിരുന്ന ഒരു കരിയറിനാണ് അതോടെ അവസാനമായത്. ടീമിൽ നിന്ന് തന്നെ നിലനിർത്തരുതെന്ന് ധോനി ആവശ്യപ്പെട്ടതായും അത് പ്രകാരമാണ് തീരുമാനമെടുത്തതെന്നും ചെന്നൈ ഉടമ രൂപ ഗുരുനാഥ് അറിയിച്ചു.

Content Highlights: Franchises released high-value players ahead of the IPL auction