മുസ്തഫിസുർ റഹ്മാനെ കളിപ്പിച്ചാൽ സ്റ്റേഡിയം കയ്യേറും; ഐപിഎല്ലിന് ഭീഷണി

ന്യൂഡൽഹി: ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ കളിപ്പിച്ചാൽ ഐപിഎൽ മത്സരങ്ങൾ തടസ്സപ്പെടുത്തുമെന്ന് ഉജ്ജയിനിയിലെ മത നേതാക്കളുടെ ഭീഷണി. ബംഗ്ലാദേശിൽ തുടർച്ചയായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രാദേശിക പുരോഹിതർ ഭീഷണിയുമായി രംഗത്തെത്തിയത്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമാണ് മുസ്തഫിസുർ. മിനി ലേലത്തിൽ 9.20 കോടിക്കാണ് കെകെആർ താരത്തെ സ്വന്തമാക്കിയത്.
മുസ്തഫിസുറിനെ കളിപ്പിക്കുന്ന പക്ഷം മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിൽ അതിക്രമിച്ചുകടക്കുമെന്നാണ് റിന്മുക്തേശ്വർ മഹാദേവ് ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ മഹാവിർ നാഥ് ഉൾപ്പെടെയുള്ളവർ ഭീഷണി മുഴക്കിയത്. പിച്ചുകൾ തകർക്കുമെന്നും മതനേതാക്കൾ ഭീഷണി മുഴക്കുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കൾ തുടർച്ചയായി പീഡിപ്പിക്കപ്പെട്ടിട്ടും ബിസിസിഐയും മറ്റ് അധികാരികളും വിഷയത്തിൽ നിശ്ശബ്ദത പാലിക്കുന്നുവെന്നും താനും തന്റെ ആളുകളും ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പരസ്യ പ്രസ്താവന നടത്തി.
കൂടുതൽ മത സംഘടനകളും മഹാവിർ നാഥിനോടൊപ്പം പ്രതിഷേധങ്ങളിൽ ചേരാൻ ഒരുങ്ങുന്നതായാണ് വിവരം. മാത്രമല്ല സാമൂഹികമാധ്യമങ്ങളിലടക്കം മുസ്തഫിസുറിനെ ടീമിലെടുത്തതിൽ വിമർശനങ്ങളുയരുന്നുണ്ട്. കെകെആർ ടീമിനെതിരേ ബഹിഷ്കരണാഹ്വാനമടക്കം നടക്കുന്നുണ്ട്. വിഷയത്തിൽ ബിസിസിഐ പ്രതികരിച്ചിട്ടില്ല. ഐപിഎൽ ലേലത്തിൽ കരാർ ലഭിച്ച ഏക ബംഗ്ലാദേശ് ക്രിക്കറ്റ് താരമാണ് മുസ്തഫിസുർ.
ബംഗ്ലാദേശിലെ മൈമെൻസിങ് നഗരത്തിലെ ഭലൂകയിൽ തുണി നിർമാണശാല ജീവനക്കാരനായ ദിപു ചന്ദ്രദാസ് എന്ന യുവാവിനെ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. അതോടെ ഇന്ത്യയിലും പ്രതിഷേധങ്ങളുണ്ടായി. ജമീർഡിയ ദുബാലിയപാറ ഭാഗത്താണ് ക്രൂരമായ കൊലപാതകം നടന്നത്. ദീപു ചന്ദ്രദാസിനെ ക്രൂരമായി തല്ലുകയും ചവിട്ടുകയും ശേഷം നഗ്നനായി മരത്തിൽ കെട്ടിയിട്ടാണ് ചുട്ടുകൊന്നത്. സംഭവത്തിൽ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് ഭീഷണി.
Content Highlights: religious leaders threat ipl 2026 attack venues of KKR matches featuring Mustafizur Rahman