അഞ്ച് ക്യാപ്റ്റന്മാർ തെറിച്ചു, സഞ്ജുവിനെ മുറുകെ പിടിച്ച് രാജസ്ഥാൻ, വില 18 കോടി

മുംബൈ: ഇന്ത്യക്കാരും വിദേശികളുമായി അഞ്ച് ക്യാപ്റ്റന്മാരടക്കം പല വമ്പന്‍ താരങ്ങളെയും ഐ.പി.എല്‍ ടീമുകള്‍ കൈവിട്ടപ്പോള്‍ മലയാളി താരം സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത് 18 കോടി രൂപയ്ക്ക്. ആറുപേരെ നിലനിര്‍ത്തിയ ടീമില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം സഞ്ജു രാജസ്ഥാന്‍ റോയല്‍സിലെ വിലയേറിയ താരമായി.
ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍, സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, ആര്‍. അശ്വിന്‍ എന്നിവരെ കൈവിട്ട രാജസ്ഥാന്‍ റോയല്‍സ്, റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍ എന്നിവരെ 14 കോടിക്ക് നിലനിര്‍ത്തി. ഷിമ്രോണ്‍ ഹെറ്റ്‌മെയറെ 11 കോടിക്കും സന്ദീപ് ശര്‍മയെ നാലുകോടി രൂപയ്ക്കും നിലനിര്‍ത്തി. വരുന്ന സീസണിലും സഞ്ജു തന്നെയായിരിക്കും ക്യാപ്റ്റനെന്ന് ടീം അറിയിച്ചു.
2012ൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലായിരുന്ന സഞ്ജു ഒരവസരം പോലും ലഭിക്കാതെയാണ് 2013ൽ രാജസ്ഥാന്‍ റോയല്‍സില്‍ എത്തുന്നത്. ടീമിലെ സ്ഥിരം വിക്കറ്റ് കീപ്പറായിരുന്നു ദിശാന്ത് യാഗ്നിക്ക് പരിക്കിനെത്തുടര്‍ന്ന് കളിക്കാതിരുന്ന മത്സരത്തില്‍ പഞ്ചാബിനെതിരെയായിരുന്നു സഞ്ജുവിന്റെ ഐ.പി.എല്‍. അരങ്ങേറ്റം. രണ്ടാം മത്സരത്തില്‍ 41 പന്തില്‍ 63 റണ്‍സ് നേടിയ സഞ്ജു അന്ന്, ഐ.പി.എല്ലില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 10 ഇന്നിങ്‌സില്‍ നിന്നായി 206 റണ്‍സ് നേടിയ സഞ്ജു സീസണിലെ ബെസ്റ്റ് യങ് പ്ലെയറായി.
2014-ല്‍ രാജസ്ഥാന്‍ സഞ്ജുവിനെ നിലനിര്‍ത്തി. 2016-ല്‍ രാജസ്ഥാന്‍ ടീമിനെ ഐ.പി.എല്ലില്‍നിന്ന് അയോഗ്യരാക്കിയപ്പോള്‍ ഡല്‍ഹി ടീമില്‍ ചേര്‍ന്നു. 2017-ല്‍ റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സിന് എതിരെ ആദ്യ ടി20 സെഞ്ചുറി നേടി. രണ്ടുവര്‍ഷത്തിന് ശേഷം രാജസ്ഥാന്‍ തിരിച്ചെത്തിയപ്പോള്‍ വീണ്ടും ടീമിന്റെ ഭാഗമായി.
2021-ലെ സീസണിന് മുന്നോടിയായി ടീമിന്റെ ക്യാപ്റ്റനായി. നായകസ്ഥാനം ഏറ്റെടുത്ത ആദ്യമത്സരത്തില്‍ തന്നെ സെഞ്ചുറി നേടി. 2022-ലെ സീസണിന് മുന്നോടിയായി സഞ്ജുവിനെ നിലനിര്‍ത്തുകയും നായകസ്ഥാനത്ത് തുടരുകയും ചെയ്തു. ആ സീസണിൽ ടീം റണ്ണറപ്പുമായി. കഴിഞ്ഞ സീണിൽ മൂന്നാം സ്ഥാനക്കാരായിരുന്നു.
ടീമിനൊപ്പം സഞ്ജു കളിക്കുന്ന പതിനൊന്നാമത്തെ സീസണാണ് വരാനിരിക്കുന്നത്. ഐ.പി.എല്ലിൽ ഇതുവരെയായി 168 കളികളിൽ നിന്ന് 4419 റൺസ് നേടിയിട്ടുണ്ട്. ക്യാപ്റ്റനായി 60 ഇന്നിങ്‌സില്‍നിന്ന് 1835 റണ്‍സാണ് നേടിയത്.
ശ്രേയസ് അയ്യർ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്) ഋഷഭ് പന്ത് (ഡൽഹി ക്യാപിറ്റൽസ്) കെ.എൽ. രാഹുൽ (ലഖ്നൗ സൂപ്പർ ജയന്റ്സ്) ഫാഫ് ഡുപ്ലെസിസ് (ആർ.സിബി) സാം കരൺ (പഞ്ചാബ് കിങ്സ്) എന്നിവരാണ് ഒഴിവാക്കപ്പെട്ട ക്യാപ്റ്റന്മാർ.
Content Highlights: Sanju Samson, retained at a value of ₹18 crores, will remain the captain of the Royals for IPL 2025