റോയൽ പോരാട്ടത്തിന് ഇന്ന് തുടക്കം; ഇനി ഐപി എൽ പോരാട്ടക്കാലം

#സ്പോർട്സ് ഡെസ്ക്

ബെംഗളൂരു: ക്രിക്കറ്റ് മത്സരം എന്നതിനപ്പുറം, ലോകം ശ്രദ്ധിക്കുന്ന ബിസിനസ് രംഗം എന്ന നിലയിലേക്ക് വളർന്നതിന്റെ ആവേശത്തിനിടയിൽ 19-ാമത് ഐ.പി.എൽ ക്രിക്കറ്റിന് ശനിയാഴ്ച ബെംഗളൂരുവിൽ തുടക്കമാകും. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ, നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. മത്സരം വൈകീട്ട് 7.30 മുതൽ. കഴിഞ്ഞ സീസണിൽ ജേതാക്കളായ ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ തിരക്കിലും തിരക്കിലുംപ്പെട്ട് 11 പേർ മരിച്ചതിനാൽ ഇക്കുറി വർണാഭമായ ഉദ്ഘാടനചടങ്ങുകൾ ഉണ്ടാകില്ല.

രണ്ടുമാസത്തിലേറെ നീളുന്ന ടൂർണമെന്റിന്റെ ഫൈനൽ മെയ് 31-ന് ബെംഗളൂരുവിൽത്തന്നെയാണ്. ആകെ 10 ടീമുകൾ അണിനിരക്കും.

പ്രാഥമികഘട്ടത്തിൽ രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം. ഓരോ ടീമും സ്വന്തം ഗ്രൂപ്പിലെ ടീമുമായി രണ്ടുതവണയും മറ്റേ ഗ്രൂപ്പിലെ ടീമുമായി ഒരുതവണയും ഏറ്റുമുട്ടും. ഇതിൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന നാലു ടീമുകൾ പ്ലേ ഓഫിലെത്തും. ടൂർണമെന്റിൽ ആകെ 74 മത്സരങ്ങളുണ്ട്.

രാജസ്ഥാൻ റോയൽസ്, ബെംഗളൂരു എന്നീ ടീമുകളെ നിലവിലെ ഉടമകൾ വിറ്റത് ഈയിടെയാണ്. 18 വർഷത്തിനിടെ ടീമുകളുടെ മൂല്യത്തിൽ വലിയ വളർച്ചയുണ്ടായി. കഴിഞ്ഞവർഷം ഐ.പി.എൽ. ക്രിക്കറ്റ് കിരീടം നേടുമ്പോൾ ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സിന്റെ ഉടമ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഉടമസ്ഥതയിലുള്ള ഡിയാജിയോ എന്ന കമ്പനിയായിരുന്നു. ഇക്കുറി ആദ്യ മത്സരത്തിനിറങ്ങുമ്പോൾ ആദിത്യ ബിർള ഗ്രൂപ്പും ടൈംസ് ഓഫ് ഇന്ത്യയും ബ്ലാക്ക് സ്റ്റോണും ഉൾപ്പെട്ട കൺസോർഷ്യമാണ് ബെംഗളൂരു ടീമിന്റെ പുതിയ മുതലാളിമാർ.

2008-ൽ 300 കോടിയോളം രൂപയ്ക്ക് വിളിച്ചെടുത്ത ക്ലബ്ബിന്റെ ആസ്തി ഇപ്പോൾ 15,000 കോടിക്കു മുകളിലായി വളർന്നിരിക്കുന്നു. ഇന്ത്യയിലെയും വിദേശത്തെയും വൻ വ്യവസായികൾ ഐ.പി.എൽ. ടീമിനെ സ്വന്തമാക്കാൻ മത്സരിക്കുന്നു.

Content Highlights: 19th edition of IPL starts in Bengaluru at Chinnaswamy Stadium., Opening match features defending champions RCB vs SRH., Tournament format involves 10 teams and 74 matches over two months., Significant growth in IPL team valuations from 2008 to present., Final scheduled for May 31st in Bengaluru.