ബിസിസിഐയുടെ ആവശ്യം തള്ളി; സൗകര്യങ്ങൾ പോരെങ്കിൽ സ്വന്തം നിലയ്ക്ക് ഏർപ്പെടുത്താമെന്ന് IOA, റിപ്പോർട്ട്

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ക്രിക്കറ്റ് താരങ്ങൾക്ക് പ്രത്യേക താമസസൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ബിസിസിഐയുടെ ആവശ്യം തള്ളി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. താരങ്ങൾക്ക് ഒരുക്കിയിട്ടുള്ള താമസസൗകര്യങ്ങളിൽ നേരത്തേ ബിസിസിഐ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ക്രിക്കറ്റ് താരങ്ങൾ പ്രത്യേക താമസസൗകര്യങ്ങൾ വേണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടത്. സംഘാടകർ ഒരുക്കിയ സൗകര്യങ്ങൾ പോരെങ്കിൽ സ്വന്തം നിലയ്ക്ക് താമസസൗകര്യങ്ങൾ ഏർപ്പെടുത്താമെന്നും ഐഒഎ ബിസിസിഐയെ അറിയിച്ചതായാണ് വിവരം.
താമസസൗകര്യങ്ങൾ സംബന്ധിച്ച് കൃത്യമായ നിലപാട് ഐഒഎ എടുത്തിട്ടുണ്ട്. താമസസൗകര്യങ്ങൾ മതിയാവില്ലെങ്കിൽ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ക്രിക്കറ്റ് താരങ്ങൾക്ക് ബിസിസിഐക്ക് പ്രത്യേക സൗകര്യം ഒരുക്കാം. എന്നാൽ ഇത് സംബന്ധിച്ച് പൂർണ ഉത്തരവാദിത്തം ബിസിസിഐ ഏറ്റെടുക്കേണ്ടിവരും. ഭക്ഷണമടക്കം താരങ്ങളുടെ എല്ലാ കാര്യങ്ങളും ബിസിസിഐയുടെ ഉത്തരവാദിത്തമാണ്. മാത്രമല്ല, മത്സരങ്ങൾക്കായി കൃത്യസമയത്ത് താരങ്ങളെ എത്തിക്കുമെന്ന് ഉറപ്പുവരുത്തണം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിഷയത്തിൽ ബിസിസിഐയുമായി ചർച്ച നടന്നതായി ഐഒഎ സിഇഒ രഘുറാം അയ്യർ വ്യക്തമാക്കി. സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി ജപ്പാനിലേക്ക് ഒരു സംഘത്തെ അയക്കാൻ ബിസിസിഐ ആലോചിക്കുന്നുണ്ട്. ഐഒഎയ്ക്ക് ഇതിൽ പൂർണ്ണ സമ്മതമാണ്. അവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, സംഘാടകരുടെ സൗകര്യങ്ങൾ ഉപയോഗിക്കണോ അതോ സ്വന്തമായി ക്രമീകരണങ്ങൾ ചെയ്യണോ എന്ന് അവർക്ക് തീരുമാനിക്കാം."- അദ്ദേഹം കൂട്ടിച്ചേർത്തു.
പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകൾക്കായി ഏഷ്യൻ ഗെയിംസ് സംഘാടകർ ഇതിനകം തന്നെ താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ശ്രേയസ് അയ്യർ നയിക്കുന്ന പുരുഷ ടീമിന് ഒരു ത്രീ-സ്റ്റാർ ഹോട്ടലും വനിതാ ടീമിന് ഫോർ-സ്റ്റാർ ഹോട്ടലിലും ആണ് മുറികൾ അനുവദിച്ചിരിക്കുന്നത്. ഒരു മുറിയിൽ രണ്ട് പേർ താമസിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങളിലും ബിസിസിഐക്ക് അതൃപ്തിയുണ്ട്. താമസസൗകര്യങ്ങൾ വിലയിരുത്താൻ ജപ്പാനിലേക്ക് ഒരു സംഘത്തെ അയക്കുന്നുണ്ട്. അതിന് ശേഷമായിരിക്കും വിഷയത്തിൽ ബിസിസിഐ അന്തിമ തീരുമാനമെടുക്കുക.
സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാല് വരെ നഗോയയിലും ഐച്ചി മേഖലയിലുമായി നടക്കുന്ന ഗെയിംസിൽ പതിനൊന്നായിരത്തോളം കായികതാരങ്ങളും ആറായിരത്തോളം ഒഫീഷ്യലുകളും ഉൾപ്പെടെ പതിനേഴായിരത്തിലധികം പേരാണ് പങ്കെടുക്കുന്നത്. പരമ്പരാഗത രീതിയിലുള്ള ഒരു ഗെയിംസ് വില്ലേജ് ഈ ഗെയിംസിനായി ഒരുക്കിയിട്ടില്ല എന്നതായിരുന്നു താമസസൗകര്യങ്ങളെക്കുറിച്ച് പ്രധാനമായും ചോദ്യങ്ങൾ ഉയരാൻ കാരണം. ഹോട്ടലുകൾ, തടിയിൽ നിർമിച്ച നഗോയയിലെ താത്കാലിക മുറികൾ, 'കോസ്റ്റ സെറീന' എന്ന ക്രൂയിസ് കപ്പൽ എന്നിവ ചേർത്താണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
Content Highlights: IOA rejects BCCI's request for special accommodation for cricketers at the Asian Games., BCCI is permitted to make independent arrangements if official accommodation is unsatisfactory