ഇന്‍സമാം ഉള്‍ ഹഖ് വീണ്ടും പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി ഇതിഹാസതാരം ഇന്‍സമാം ഉള്‍ ഹഖിനെ വീണ്ടും തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് താരം ഈ സ്ഥാനത്തെത്തുന്നത്. 53 കാരനായ ഇന്‍സമാം ഇതിനുമുന്‍പ് 2016 മുതല്‍ 2019 വരെ പാകിസ്താന്‍ ക്രിക്കറ്റിന്റെ ചീഫ് സെലക്ടറായിരുന്നു.
1992 ലോകകപ്പ് ജേതാവായ ഇന്‍സമാം കഴിഞ്ഞയാഴ്ചയാണ് സെലക്ടറാവാന്‍ സമ്മതം മൂളിയത്. പാകിസ്താന് വേണ്ടി 120 ടെസ്റ്റ് കളിച്ച ഇന്‍സമാം 49.60 ശരാശരിയില്‍ 8830 റണ്‍സെടുത്തിട്ടുണ്ട്. 25 സെഞ്ചുറികളും 46 ഫിഫ്റ്റികളും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഏകദിനത്തില്‍ പാകിസ്താന് വേണ്ടി 378 മത്സരങ്ങള്‍ കളിച്ച ഇന്‍സമാം 11739 റണ്‍സാണ് അടിച്ചുകൂട്ടിയത്. 10 സെഞ്ചുറിയും 83 അര്‍ധസെഞ്ചുറിയും താരം നേടി. ഒരു ട്വന്റി 20 മത്സരവും താരം കളിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം പടിയിറങ്ങിയ ഹറൂണ്‍ റാഷിദിന് പകരമാണ് ഇന്‍സമാം ചീഫ് സെലക്ടറായി എത്തുന്നത്. വരാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് മികച്ച ടീമിനെ തിരഞ്ഞെടുക്കുക എന്ന വലിയ ലക്ഷ്യമാണ് ഇന്‍സമാമിന് മുന്നിലുള്ളത്. ഒക്ടോബറിലാണ് ലോകകപ്പ് ആരംഭിക്കുന്നത്. അതിനുമുന്നോടിയായി നടക്കുന്ന ഏഷ്യാകപ്പ് ടൂര്‍ണമെന്റിലും പാകിസ്താന്‍ മത്സരിക്കുന്നുണ്ട്.
Content Highlights: Inzamam-ul-Haq Appointed As Pakistan's Chief Selector Ahead Of World Cup 2023