നമോ 1; ജേഴ്സി സമ്മാനിച്ച് ഹര്‍മന്‍പ്രീതുംസംഘവും, 'ജയ് ശ്രീ റാം' പോസ്റ്റും ഹനുമാന്‍ ടാറ്റുവും ശ്രദ്ധിച്ചെന്ന് ദീപ്തിയോട് മോദി

ന്യൂഡല്‍ഹി: ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് സ്വീകരണമൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച പ്രധാനമന്ത്രിയുടെ ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലായിരുന്നു സ്വീകരണം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിനെയും സഹതാരങ്ങളെയും അദ്ദേഹം ഊഷ്മളമായി സ്വാഗതം ചെയ്തു. 'നമോ 1' എന്ന് പേരെഴുതിയ ടീം ജേഴ്‌സി ഇന്ത്യന്‍ താരങ്ങള്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ടീം അംഗങ്ങളെല്ലാം ഒപ്പിട്ട ജേഴ്‌സിയാണ് താരങ്ങള്‍ മോദിക്ക് നല്‍കിയത്.
ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വികളില്‍ കടുത്ത വിമര്‍ശനമേറ്റുവാങ്ങിയിട്ടും തളരാതെ ശക്തമായി തിരിച്ചുവന്ന് കിരീടം നേടിയ ടീമിന്റെ പോരാട്ടവീര്യത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
മുന്‍പ് പ്രധാനമന്ത്രിയെ കണ്ടകാര്യം ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഓര്‍ത്തെടുത്തു. 2017-ല്‍ ടീം റണ്ണറപ്പായപ്പോഴായിരുന്നു അത്. ഇത്തവണ ട്രോഫിയുമായി പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചെന്നും അവര്‍ വ്യക്തമാക്കി. പരിശീലകന്‍ അമോല്‍ മജുംദാറും ചടങ്ങില്‍ പങ്കെടുത്തു.
ബുധനാഴ്ചത്തെ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി ടീമിലെ എല്ലാ അംഗങ്ങളുമായും സംവദിച്ചു. പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍ വളരെയധികം പ്രചോദനം നല്‍കുന്നതാണെന്ന് വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന പ്രതികരിച്ചു.
പ്രധാനമന്ത്രിയുമായുള്ള ഈ കൂടിക്കാഴ്ചയ്ക്കായി താന്‍ ആകാംക്ഷയോടെ കാത്തിരുന്നതായി ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ദീപ്തി ശര്‍മ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ പ്രസംഗങ്ങള്‍ കേട്ടതില്‍ നിന്ന് തനിക്ക് വളരെയധികം പ്രചോദനം ലഭിച്ചിട്ടുണ്ടെന്നും ദീപ്തി കൂട്ടിച്ചേര്‍ത്തു. സംഭാഷണത്തിനിടെ, ദീപ്തിയുടെ ഇന്‍സ്റ്റാഗ്രാമിലെ 'ജയ് ശ്രീ റാം' പോസ്റ്റും കൈയിലെ ഹനുമാന്‍ ടാറ്റുവും ശ്രദ്ധിച്ചതായി മോദി പറഞ്ഞു. ഹനുമാന്‍ ടാറ്റു എങ്ങനെയാണ് സഹായിച്ചതെന്ന് ചോദിച്ചപ്പോള്‍ തനിക്ക് തന്നേക്കാള്‍ വിശ്വാസം അദ്ദേഹത്തിലാണെന്നായിരുന്നു ദീപ്തിയുടെ മറുപടി. കളി മെച്ചപ്പെടുത്തുന്നതില്‍ വ്യക്തിപരമായി അത് തന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലില്‍ 58 റണ്‍സെടുത്ത ദീപ്തി 39 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റും വീഴ്ത്തിയിരുന്നു. ടൂര്‍ണമെന്റിലുടനീളം 22 വിക്കറ്റുകളും മൂന്ന് അര്‍ധ സെഞ്ചുറികളടക്കം 215 റണ്‍സും നേടാനും ദീപ്തിക്കായി. ലോകകപ്പ് വിജയത്തിനു ശേഷം ദീപ്തി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കെല്ലാം താരം 'ജയ് ശ്രീ റാം' എന്ന ഹാഷ്ടാഗ് നല്‍കിയിരുന്നു. ഇതാണ് കൂടിക്കാഴ്ചയില്‍ മോദി ചൂണ്ടിക്കാട്ടിയത്.
Content Highlights: PM Narendra Modi hosts the victorious Indian Women`s Cricket Team, receiving a special `Namo 1` jersey. Team shares inspiring moments.