ഷഫാലി പവർ; കേരളത്തിലെ കന്നി മത്സരത്തിൽ ഇന്ത്യൻ വനിതാ ടീമിന് ഉജ്ജ്വല ജയം

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി ഒരന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ഇന്ത്യൻ വനിതാ ടീം, സംസ്ഥാനത്താദ്യമായി ഒരു വിജയവും കൊയ്തു. ശ്രീലങ്കയ്ക്കെതിരേ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യൻ ജയം. ഇതോടെ രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കേ, ഇന്ത്യ 3-0ന് പരമ്പര സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക, നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സ്കോർ: 115/ 2 (13.2 ഓവർ).
പന്തുകൊണ്ട് രേണുക സിങ്ങും ദീപ്തി ശർമയും തുടങ്ങിവെച്ച ആധിപത്യം ബാറ്റുകൊണ്ട് ഷഫാലി വർമയും തുടർന്നതോടെ ഇന്ത്യക്ക് ജയം അനായാസമായി. രേണുക നാലും ദീപ്തി മൂന്നും വിക്കറ്റുകൾ നേടി ശ്രീലങ്കയെ ആദ്യം ചെറിയ സ്കോറിൽ പിടിച്ചുകെട്ടി. പിന്നീട് ബാറ്റിങ്ങിൽ ഇന്ത്യയുടെ ഊഴമെത്തിയപ്പോൾ ഷഫാലി വർമ തകർപ്പൻ അർധസെഞ്ചുറി നേടി ജയത്തിൽ നിർണായകമായ പങ്കുവഹിച്ചു. ശ്രീലങ്കയ്ക്കായി കവിഷ ദിൽഹരി രണ്ട് വിക്കറ്റുകൾ നേടി.
തുടക്കം തൊട്ടേ ശ്രീലങ്കൻ ബൗളർമാരെ പ്രഹരിച്ച് കളിച്ച ഷഫാലി, 42 പന്തിൽനിന്ന് 79 റൺസ് നേടി പുറത്താകാതെ നിന്നു. മൂന്ന് സിക്സും 11 ഫോറും ഉൾപ്പെടുന്നതാണ് ഓപ്പണറുടെ ഇന്നിങ്സ്. മറുവശത്ത് സ്മൃതി മന്ദാന ഒരു റൺ മാത്രം സംഭാവന ചെയ്ത് കവിഷ് ദിൽഹരിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി മടങ്ങി. ജെമീമ റോഡ്രിഗസും (9) പിന്നാലെ ദിൽഹരിക്ക് മുന്നിൽ വീണു. തുടർന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറെത്തി 21 റൺസ് നേടി പുറത്താകാതെ നിന്നു. ഷഫാലിയും ക്യാപ്റ്റനും ചേർന്ന് 48 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
നേരത്തേ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുത്തു. 27 റൺസ് നേടിയ ഇമേഷ ദുലാനി ആണ് സന്ദർശകരിലെ ടോപ് സ്കോറർ. ഓപ്പണർ ഹസിനി പെരേര (25), കവിഷ ദിൽഹരി (20), വിക്കറ്റ് കീപ്പർ കൗഷനി നുത്യങ്കന (19) എന്നിവരും രണ്ടക്കം തികച്ചു. നാലോവറിൽ 21 റൺസ് വഴങ്ങിയാണ് രേണുക നാലുവിക്കറ്റുകൾ വീഴ്ത്തിയത്. നാലോവറിൽ 18 റൺസ് വഴങ്ങി ദിപ്തി ശർമ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.
Content Highlights: india women vs sri lanka women t20 international karyavattom