‘എപ്പോഴും കൂടെയുണ്ടാകും, പുറത്താകലിന്റെ വക്കിൽനിന്ന് സഞ്ജു പറഞ്ഞു’; തുറന്നുപറഞ്ഞ് സൂര്യ

#സ്വന്തം ലേഖകൻ
സഞ്ജുവും സൂര്യകുമാറും | AFP
സഞ്ജുവും സൂര്യകുമാറും | AFP

സൂര്യകുമാർ യാദവിന്റെ അന്നത്തെ ആ പരിഹാസച്ചിരി ഓർമയുണ്ടാകും ക്രിക്കറ്റ് ആരാധകർക്ക്. ടി20 ലോകകപ്പ് നടന്നുകൊണ്ടിരിക്കുന്ന വേളയിലാണ്. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അൽപ്പം പരിഹാസം കലർന്ന് സൂര്യ പറഞ്ഞതിങ്ങനെയാണ്, ‘അഭിഷേകിന് പകരമായി സഞ്ജുവിനെ ഉൾപ്പെടുത്തണമെന്നാണോ നിങ്ങൾ പറയുന്നത്?’ മൂന്നാം നമ്പറിലെ സഞ്ജുവിന്റെ സാധ്യതയെക്കുറിച്ച് മാധ്യമപ്രവർത്തകൻ ഓർമിപ്പിച്ചപ്പോൾ സൂര്യ വീണ്ടും ചിരിച്ചു. തിലകിന് പകരം അദ്ദേഹത്തെ കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നതെന്നായി മറുചോദ്യം. പിന്നെ നടന്നതിനൊക്കെയും ലോകം സാക്ഷിയാണ്. സഞ്ജു ടീമിൽ തിരിച്ചെത്തിയതും ടി20 ലോകകപ്പിലെതന്നെ താരമായിമാറിയതും ചരിത്രം.

അന്ന് ടീമിനെ കിരീടത്തിലേക്ക് നയിച്ച സൂര്യ മാസങ്ങൾക്കിപ്പുറം ടീമിൽനിന്നുതന്നെ പുറത്തായതും മറ്റൊരു കഥ. ടീമിൽനിന്നുതന്നെ പുറത്താക്കപ്പെട്ട സൂര്യ ഒടുവിൽ മനസ്സുതുറന്നു. സഞ്ജുവിനെ പ്ലെയിങ് ഇലവനിൽനിന്ന് ഒഴിവാക്കിയത് തനിക്ക് എടുക്കേണ്ടിവന്ന ഏറ്റവും കഠിനമായ തീരുമാനങ്ങളിലൊന്നായിരുന്നുവെന്ന് തുറന്നുപറഞ്ഞു ഇന്ത്യയുടെ മുൻ നായകൻ. ടീമിൽനിന്ന് പുറത്താകുമെന്ന് കരുതിയിരുന്നില്ലെന്നും ടീമിനെ രണ്ടുവർഷംകൂടി മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് വിചാരിച്ചതെന്നും സൂര്യകുമാർ പറഞ്ഞു.

ടീം ബസിലായിരിക്കെയാണ് സഞ്ജുവിനോട് ടീമിലെ അന്നത്തെ സാഹചര്യങ്ങൾ കാരണം കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നു താൻ പറഞ്ഞതെന്ന് സൂര്യകുമാർ പറയുന്നു. എന്നാൽ, സഞ്ജുവിന്റെ പ്രതികരണം തന്നെ അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പ്രതികരിച്ചു. ''ഇന്ത്യക്ക് ഈ ലോകകപ്പ് നേടിത്തരാൻ നിങ്ങൾക്ക് എന്താണോ ശരിയെന്ന് തോന്നുന്നത് അത് ചെയ്യുക. എപ്പോൾ ആവശ്യമുണ്ടെങ്കിലും ഞാൻ കൂടെയുണ്ടാകും. മത്സരത്തിൽ കളിക്കാൻ പോകുന്നു എന്ന രീതിയിൽ തന്നെയായിരിക്കും എന്റെ എല്ലാ തയ്യാറെടുപ്പുകളും'' സഞ്ജു നൽകിയ മറുപടിയിങ്ങനെയായിരുന്നു. സഞ്ജുവിന്റെ ഈ പ്രതികരണം തനിക്ക് വലിയ ആത്മവിശ്വാസം നൽകിയെന്നും ജീവിതത്തിൽ ഇങ്ങനെയുള്ള മനുഷ്യരും ഉണ്ടെന്ന് താൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അതെന്നും സൂര്യകുമാർ കൂട്ടിച്ചേർക്കുന്നു.

സഞ്ജുവിനെ ഒഴിവാക്കിയ നിമിഷത്തേക്കുറിച്ച് മാത്രമല്ല, ഇന്ത്യയെ ടി20 ലോകകപ്പ് ജേതാക്കളാക്കിയ നായകനായിട്ടും ടീമിലെ സ്ഥാനംതന്നെ നഷ്ടപ്പെടേണ്ടിവന്നതിനെ കുറിച്ചും സൂര്യ പ്രതികരിച്ചു. "എന്റെ പേര് ഇല്ലാതിരുന്നപ്പോൾ ഞാൻ ചിരിച്ചു. കാരണം, ഞാൻ ടീമിനൊപ്പം കളിക്കുമ്പോഴൊക്കെ, സമ്മർദമുള്ള സാഹചര്യങ്ങൾ വരുമ്പോഴും, കാര്യങ്ങൾ എന്റെ രീതിയിൽ പോകാതിരിക്കുമ്പോഴുമൊക്കെ ചിരിക്കാറുണ്ട്. എനിക്ക് നന്നായി കാര്യങ്ങൾ ചെയ്യാനുള്ള അവസരം ലഭിച്ചതിൽ നന്ദിയുണ്ട്,’ സൂര്യകുമാർ പറഞ്ഞു.

"ടീമിനെ രണ്ട് വർഷംകൂടി മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് വിചാരിച്ചതെന്നും സൂര്യകുമാർ തുറന്നുപറഞ്ഞു. ഒളിമ്പിക്സ് വരും. പിന്നെ മറ്റൊരു ടി20 ലോകകപ്പ് വരും. എന്നാൽ, നിങ്ങൾ ചിന്തിക്കുന്നതുപോലെയല്ല, മറ്റുള്ളവർ ചിന്തിക്കുന്നത്. മുന്നോട്ട് പോകുമ്പോൾ ഇതാണ് മികച്ച തീരുമാനമെന്ന് അവർ കരുതിയെങ്കിൽ, അവർ ആ തീരുമാനം എടുത്തു. ഞാൻ പ്രതികരിച്ചില്ല. കാരണം ഇത് അവരുടെ തീരുമാനമാണെന്ന് എനിക്ക് തോന്നി. വേറൊരാൾക്ക് കീഴിൽ ഈ ടീമിന് നന്നായി ചെയ്യാൻ കഴിയുമെങ്കിൽ, കുഴപ്പമില്ല", സൂര്യ തുടർന്നു.

തനിക്ക് ചെറിയൊരു നിരാശയുണ്ടായിരുന്നുതായും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് വർഷത്തിനിടയിൽ ഒരു പരമ്പര പോലും തോറ്റിട്ടില്ല. ലോകകപ്പും ഏഷ്യാ കപ്പും നേടിയിട്ടുണ്ട്. അപ്പോൾ ഇങ്ങനെതന്നെ മുന്നോട്ടുപോകാൻ ആഗ്രഹിക്കും. കാരണം എല്ലാം നന്നായി പോകുമ്പോൾ പിന്നെ എന്തിനാണ് മാറ്റം? മാറ്റത്തിനുള്ള കാരണം എന്താണ്? അത് എന്റെ മനസ്സിൽ കടന്നുപോയ്ക്കൊണ്ടിരുന്നു. ഞാൻ ഒന്നരമാസത്തോളം വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നു", സൂര്യ പറഞ്ഞു.

"ഇത് എങ്ങനെ സംഭവിക്കും? ഇപ്പോൾ ലോകകപ്പ് ജയിച്ചതല്ലേയുള്ളൂവെന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. ഐപിഎൽ ഞാൻ ആഗ്രഹിച്ചതുപോലെ അത്ര മികച്ചതായിരുന്നില്ല. സുഹൃത്തുക്കളും കുടുംബാംഗങ്ങളും. സാരമില്ലെന്ന് പറഞ്ഞു. ജീവിതത്തിന്റെ ഒരു ഭാഗം, സൂര്യ കൂട്ടിച്ചേർത്തു.

"ടീം പ്രഖ്യാപിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് അവർ എന്നെ വിളിച്ചു. മുന്നോട്ട് പോകാനുള്ള സമയമായെന്ന് പറഞ്ഞു. ഞാൻ പ്രതികരിച്ചില്ല. കാരണം അത് എന്റെ തെറ്റല്ല. എന്ത് തീരുമാനമെടുത്താലും, ടീമിന് ഇതാണ് നല്ലതെന്ന് കരുതിയിട്ടുണ്ടാകും. മുന്നോട്ട് പോകുമ്പോൾ, ഇതൊരു നല്ല തീരുമാനമായിരിക്കും. നിങ്ങൾ തീരുമാനം എടുത്തു. അത് എന്നോട് പറഞ്ഞു. ഒരു പ്രശ്നവുമില്ല. ശരിയായ സമയമായെന്ന് തോന്നുമ്പോൾ തന്നെ ടീമിലേക്ക് തിരിച്ചുവിളിക്കാമെന്നും സൂര്യ വ്യക്തമാക്കി.

സൂര്യയെ സംബന്ധിച്ച് പക്ഷേ, അതത്ര എളുപ്പമല്ല. ഇനിയൊരു മടങ്ങിവരവ് അതികഠിനമാണ്. പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ടി20 ടീമിൽ ഇന്ത്യയുടെ മുൻ നായകൻ എങ്ങനെ തിരിച്ചെത്താനാണ്. യുവ താരങ്ങൾ ഒരു വിളിയും കാത്ത് പുറത്തുനിൽപ്പുണ്ട്. വൈഭവാകട്ടെ സീനിയർ ടീമിൽ കളി തുടങ്ങി കഴിഞ്ഞു. സഞ്ജുവിനും ഇനിയുള്ള അഫ്ഗാൻ പരമ്പര നിർണായകമാണ്. ഒരുപക്ഷേ ടീമിലെ സ്ഥാനം നിലനിർത്താനുള്ള അവസാനത്തെ സാധ്യത. കാത്തിരിപ്പിലാണ് ആരാധകർ.

Content Highlights: Suryakumar Yadav admitted that dropping Sanju Samson was one of his toughest decisions as captain., Sanju Samson's mature response during the T20 World Cup gave Suryakumar immense confidence