ബംഗ്ലാദേശ് താരങ്ങൾക്ക് തിരിച്ചടി; സ്‌പോൺസർഷിപ്പിൽ നിന്ന് പിന്മാറാൻ ഇന്ത്യൻ കമ്പനി

ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഇടിവ് സംഭവിച്ചതിനു പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളുടെ സ്‌പോൺസർഷിപ്പ് പിൻവലിക്കാനൊരുങ്ങി ഇന്ത്യൻ കമ്പനിയായ എസ്ജി. ഇതോടെ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തങ്ങളുടെ ബാറ്റുകളുടെ സ്‌പോൺസർഷിപ്പിനായി പുതിയ സ്‌പോൺസർമാരെ തേടേണ്ടതായി വരും. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചതിനു പിന്നാലെ ഇന്ത്യയിൽ ഉയർന്നുവന്ന പ്രതിഷേധങ്ങളെ തുടർന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്‌മാനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കാനുള്ള ബിസിസിഐ തീരുമാനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധവും വഷളാകുകയായിരുന്നു. പിന്നാലെ ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേഷണം സർക്കാർ വിലക്കിയിരുന്നു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സായിരുന്നു മുസ്തഫിസുറിനെ ടീമിലെടുത്തിരുന്നത്. ബിജെപി നേതാക്കൾ അടക്കം ഇതിനെതിരേ രംഗത്തുവന്നതോടെ മുസ്തഫിസുറിനെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബിസിസിഐ കൊൽക്കത്ത ടീമിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും ഇടഞ്ഞു. മുസ്തഫിസുറിന് ഐപിഎല്ലിൽ കളിക്കാനുള്ള എൻഒസി നൽകാതിരിക്കുകയാണ് അവർ ആദ്യം ചെയ്തത്. പിന്നീട് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ തങ്ങളുടെ മത്സര വേദികൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്, ഐസിസിയോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ സ്‌പോർട്‌സ് ഉപകരണ നിർമാതാക്കളായ എസ്ജിക്ക് ക്യാപ്റ്റൻ ലിറ്റൺ ദാസ്, യാസിർ റബ്ബി, മോമിനുൾ ഹഖ് എന്നീ ബംഗ്ലാദേശ് താരങ്ങളുമായി സ്‌പോൺസർഷിപ്പ് കരാറുണ്ട്. ഇവരുമായി കരാർ പുതുക്കേണ്ടതില്ലെന്നാണ് കമ്പനിയുടെ തീരുമാനം. തീരുമാനം കളിക്കാരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും താരങ്ങളുടെ ഏജന്റുമാരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ എസ്ജി ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും.
എസ്ജിയുടെ ബഹിഷ്‌കരണം ബംഗ്ലാദേശ് സ്‌പോർട്‌സ് വ്യവസായത്തെ തന്നെ ദോഷകരമായി ബാധിച്ചേക്കും. കാരണം എസ്ജിയുടെ വഴിയെ മറ്റ് നിർമാതാക്കളും സമാന പാത പിന്തുടരാൻ സാധ്യതയുണ്ട്. കൂടുതൽ ഇന്ത്യൻ കമ്പനികൾ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളുമായുള്ള സ്‌പോൺസർഷിപ്പ് പിൻവലിക്കാൻ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്.
ഇന്ത്യൻ കമ്പനിയായ സറീൻ സ്‌പോർട്‌സ് ഇൻഡസ്ട്രീസിനും (എസ്എസ്) ബംഗ്ലാദേശ് താരങ്ങളുമായി സ്‌പോൺസർഷിപ്പ് കരാറുണ്ട്. എസ്ജിയുടെ പാത പിന്തുടർന്ന് എസ്എസും സ്‌പോൺസർഷിപ്പ് പിൻവലിക്കാൻ തീരുമാനിച്ചാൽ ബംഗ്ലാദേശ് താരങ്ങളായ മുഷ്ഫിഖുർ റഹീം, സാബിർ റഹ്‌മാൻ, നാസിർ ഹൊസൈൻ എന്നിവർക്ക് കരാർ നഷ്ടമാകും. താരങ്ങൾക്ക് വലിയ വരുമാന നഷ്ടമാണ് ഇതുവഴി വരിക.
Content Highlights: Major Indian sports company SG withdraws sponsorship deals with Bangladesh cricketers amid diplomatic tensions. Find out which players are affected and the potential impact.