'ഇംഗ്ലണ്ടിനെതിരേ കോലിയെ നായകനാക്കണം'; പ്രതികരണവുമായി മുൻ ഇംഗ്ലണ്ട് നായകൻ

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ വിരാട് കോലി നയിക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍. കോലിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കവേയാണ് വോണിന്റെ പ്രതികരണം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്തുതന്നെ പ്രഖ്യാപിച്ചേക്കും. പരമ്പരയിൽ അഞ്ച് മത്സരങ്ങളാണുള്ളത്.
ഇംഗ്ലണ്ടിനെതിരേ വിരാട് കോലിയെ നായകനാക്കണമെന്നും ശുഭ്മാന്‍ ഗില്ലിനെ ഉപനായകനാക്കണമെന്നുമാണ് വോണ്‍ പറയുന്നത്. എക്‌സിലാണ് മുന്‍ താരം പ്രതികരണം നടത്തിയത്.
അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കോലി പിന്നോട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തീരുമാനത്തില്‍ പുനരാലോചന നടത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ( ബിസിസിഐ) ആവശ്യപ്പെട്ടിരുന്നെങ്കിലും കോലി വഴങ്ങാന്‍ തയ്യാറല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തയാഴ്ച നടക്കുന്ന സെലക്ഷന്‍ കമ്മിറ്റി മീറ്റിങ്ങിന് ശേഷം ഇക്കാര്യത്തില്‍ വ്യക്തത കൈവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോലികൂടി ഇംഗ്ലണ്ട് പര്യടനത്തിലില്ലെങ്കിൽ ഇന്ത്യന്‍ ടീമിന്റെ കാര്യം പ്രതിസന്ധിയാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. രോഹിത് ശർമ വിരമിച്ച സാഹചര്യത്തിൽ കോലിയുടെ പരിചയസമ്പത്തുകൂടി നഷ്ടമായാൽ അത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ലോകകപ്പ് വിജയത്തിനുശേഷം ട്വന്റി-20 ക്രിക്കറ്റിൽനിന്ന് വിരമിച്ച താരം നിലവിൽ ടെസ്റ്റിലും ഏകദിനത്തിലുമാണ് തുടരുന്നത്. 2011-ൽ വെസ്റ്റ് ഇൻഡീസിനെതിരേയാണ് കോലിയുടെ അരങ്ങേറ്റം. ഈ വർഷം ഓസ്‌ട്രേലിയക്കെതിരേ ബോർഡർ-ഗാവസ്‌കർ ട്രോഫിയിലാണ് അവസാനമായി കളിച്ചത്.
ടെസ്റ്റിൽ 14 സീസണുകളിലായി ഇന്ത്യൻ കുപ്പായമണിയുന്ന കോലി 123 ടെസ്റ്റുകളിൽ കളിച്ചു. 9230 റൺസ് നേടിയിട്ടുണ്ട്. 68 ടെസ്റ്റുകളിൽ ടീമിനെ നയിച്ചു. 40 ജയം നേടി. ഇന്ത്യയെ കൂടുതൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ്. ക്യാപ്റ്റനായിരിക്കുന്ന കാലത്ത് ബാറ്ററായും തിളങ്ങി. ഏഴ് ഇരട്ടസെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്.
Content Highlights: indian captaincy Virat kohli for the Test series says Michael Vaughan