UAEക്കുമുന്നില്‍ റെക്കോഡ് സ്‌കോര്‍, ഇന്ത്യക്ക് വന്‍ജയം; വനിത ഏഷ്യാകപ്പില്‍ ഇന്ത്യ സെമിയില്‍

ധാംബുള്ള: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പ് എയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും ജയിച്ച് ഇന്ത്യ. ടോസ് നേടിയ യു.എ.ഇ. ഇന്ത്യന്‍ വനിതകളെ ആദ്യം ബാറ്റിങ്ങിനയച്ചു. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ.ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ഇന്ത്യക്ക് 78 റണ്‍സിന്റെ ഗംഭീര ജയം. ഇതോടെ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു.
ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ വനിതകള്‍ നേടുന്ന ഏറ്റവും വലിയ സ്‌കോറാണിത്. ടി20യില്‍ ഇതുവരെ ടീം സ്‌കോര്‍ 200 കടന്നിട്ടുണ്ടായിരുന്നില്ല. 53-ല്‍ മൂന്ന് എന്ന നിലയില്‍ തകര്‍ന്ന ശേഷമായിരുന്നു ഈ തിരിച്ചുവരവ്. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും തകര്‍പ്പനടികളാണ് ഇന്ത്യക്ക് ചന്തമുള്ള ജയമൊരുക്കിയത്. യു.എ.ഇ.ക്കായി കവിഷ എഗോദഗെ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു.
29 പന്തില്‍ ഒരു സിക്‌സും 12 ബൗണ്ടറിയും ചേര്‍ത്ത് 64 റണ്‍സാണ് റിച്ച നേടിയത്. 47 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറും സഹിതം 66 റണ്‍സാണ് ഹര്‍മന്‍പ്രീത് കൗറിന്റെ സമ്പാദ്യം. ഓപ്പണര്‍മാരായ ഷഫാലി വര്‍മയും (18 പന്തില്‍ 37), സ്മൃതി മന്ദാനയും (9 പന്തില്‍ 13) മികച്ച തുടക്കം നല്‍കി. ജെമീമ റോഡ്രിഗസ് (14), ഹേമലത (2) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. യു.എ.ഇ.്ക്കായി കവിഷ എഗോദഗെ രണ്ട് വിക്കറ്റുകള്‍ നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ.ക്കായി ഓപ്പണറും ക്യാപ്റ്റനുമായ ഇഷ രോഹിത് ഒസയും (36 പന്തില്‍ 38) കവിഷ എഗോദഗെയും (32 പന്തില്‍ പുറത്താവാതെ 40) പൊരുതിനോക്കി. നാലോവറില്‍ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയാണ് ഇന്ത്യന്‍ ബൗളര്‍മാരിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍. നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റ് വീഴ്ത്തിയ തനൂജ കന്‍വാറിന്റെ പ്രകടനവും മികച്ചുനിന്നു. കഴിഞ്ഞ മത്സരത്തില്‍ പാകിസ്താനെതിരേ ക്യാച്ചെടുക്കുന്നതിനിടെ ഇടതുകൈയിലെ വിരലിന് പൊട്ടലേറ്റ് യുവതാരം ശ്രെയാങ്ക പാട്ടീല്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ കഴിയാതെ വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് തനൂജയ്ക്ക് അവസരം കിട്ടിയത്. വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്തിനുവേണ്ടി കളിക്കുന്ന 26-കാരി ലെഗ് സ്പിന്നറുടെ ദേശീയ ടീമിലെ അരങ്ങേറ്റമാണിത്.
Content Highlights: india women vs uae women asia cup cricket