'നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ല എന്നത് ബിസിസിഐ നിലപാടാണ്'-ആദ്യ പ്രതികരണവുമായി ഇന്ത്യൻ ടീം

ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിനിടെ ഇന്ത്യന്‍ ടീം | Photo: Getty Images
ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിനിടെ ഇന്ത്യന്‍ ടീം | Photo: Getty Images

ദുബായ്: ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാത്തതിൽ ആദ്യ പ്രതികരണവുമായി ഇന്ത്യൻ ടീം. പാകിസ്താനിൽ നിന്നുള്ള ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ല എന്നത് ബിസിസിഐയുടെ നിലപാടാണെന്നും ട്രോഫിയുണ്ടോ ഇല്ലയോ എന്നത് തങ്ങൾക്ക് പ്രശ്‌നമല്ലെന്നും ഇന്ത്യയുടെ പരിശീലകൻ അമോൽ മജുംദാർ വ്യക്തമാക്കി.

'ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാരാണ്. ട്രോഫിയുണ്ടോ ഇല്ലയോ എന്നത് ഞങ്ങൾക്ക് പ്രശ്‌നമല്ല. നഖ്വിയിൽ നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ല എന്നത് ബിസിസിഐയുടെ നിലപാടാണ്. ഇതിൽ ഞങ്ങൾക്ക് ഒന്നും പറയാൻ കഴിയില്ല'- മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ അമോൽ മജുംദാർ പറഞ്ഞു.

ശ്രീലങ്കയെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ തങ്ങളുടെ എട്ടാം ഏഷ്യാ കപ്പ് കിരീടം നേടിയത്. മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ബിസിസിഐ നേരത്തെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ നഖ്‌വി തന്നെ സമ്മാനദാന ചടങ്ങിൽ അതിഥിയായെത്തുകയായിരുന്നു. ഇതോടെ ഇന്ത്യൻ ടീം സമ്മാനദാന ചടങ്ങിനായി ഗ്രൗണ്ടിലെത്താതെ വിട്ടുനിന്നു.

കഴിഞ്ഞ വർഷം സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള പുരുഷ ടീമും ട്രോഫി സ്വീകരിച്ചിരുന്നില്ല. അന്നും നഖ്‌വിയാണ് ട്രോഫി നൽകാനെത്തിയത്. അന്ന് മുതൽ എസിസി ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന ഏഷ്യ കപ്പ് ട്രോഫി ഇന്ത്യൻ ടീമിന് ഇതുവരെ ലഭിച്ചിട്ടില്ല.

അതേസമയം ശ്രീലങ്കൻ ടീം നഖ്വിയിൽ നിന്ന് റണ്ണേഴ്‌സ് അപ്പ് ചെക്ക് സ്വീകരിച്ചു. അതിനുമുമ്പ്, എല്ലാ കളിക്കാരും സപ്പോർട്ട് സ്റ്റാഫും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഇടക്കാല മേധാവി എറാൻ വിക്രമരത്‌നയിൽ നിന്ന് മെഡലുകളും ഏറ്റുവാങ്ങി.

Content Highlights: India women's cricket team defeated Sri Lanka by 72 runs to win their eighth Asia Cup title., Players refused to accept the trophy from ACC chairman and PCB head Mohsin Naqvi., BCCI maintained its firm stance regarding the trophy presentation., The incident echoes a similar refusal by the Indian men's team in the previous year., Diplomatic tensions and the no-handshake protocol continue to influence India-Pakistan cricket interactions.