പ്രഥമ ബ്ലൈന്‍ഡ് വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്; കലാശപ്പോരില്‍ നേപ്പാളിനെ 7 വിക്കറ്റിന് തകര്‍ത്തു

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: AFP
Photo: AFP

കൊളംബോ: കാഴ്ചപരിമിതരുടെ പ്രഥമ ടി20 ലോകകപ്പില്‍ കിരീടം നേടി ഇന്ത്യന്‍ വനിതകള്‍. കൊളംബോയില്‍ നടന്ന ഫൈനലില്‍ നേപ്പാള്‍ വനിതകളെ ഏഴു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ കിരീട നേട്ടം. കൊളംബോയിലെ പി സാറ ഓവലില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തു. 115 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ സംഘം 12 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 27 പന്തില്‍ 44 റണ്‍സുമായി പുറത്താകാതെ നിന്ന ഫുല സാരെനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ശനിയാഴ്ച നടന്ന സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ കീഴടക്കിയായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഓസ്‌ട്രേലിയ, പാകിസ്താന്‍, ശ്രീലങ്ക, അമേരിക്ക, നേപ്പാള്‍ തുടങ്ങിയ ടീമുകള്‍ പങ്കെടുത്ത ലോകകപ്പില്‍ അപരാജിതരായാണ് ഇന്ത്യന്‍ വനിതകള്‍ കിരീടമുയര്‍ത്തിയത്.

മത്സരം ഇങ്ങനെ

വെള്ള പ്ലാസ്റ്റിക് ബോള്‍ ഉപയോഗിച്ചാണ് കാഴ്ചപരിമിതരുടെ ക്രിക്കറ്റ് മത്സരം. പന്തിനകത്ത് ചെറിയ മണികളുണ്ടാകും. ഉരുട്ടിയെറിയുമ്പോള്‍ ഈ മണികളുടെ കിലുക്കം കേട്ടാണ് ബാറ്റര്‍ പന്ത് നേരിടുക. പന്തെറിയുന്നതിന് മുമ്പ് ബൗളര്‍ ബാറ്ററോട് തയ്യാറാണോ എന്ന് ഉറക്കെ വിളിച്ച് ചോദിക്കണം. ഇതിനുശേഷമാണ് അണ്ടര്‍ ആം ഉപയോഗിച്ച് പന്തെറിയുക. സാധാരണ മത്സരങ്ങളിലേതുപോലെ ഓരോ ടീമിലും 11 പേര്‍ വീതമാണ് ഉണ്ടാകുക. ഇതില്‍ നാലുപേര്‍ പൂര്‍ണമായും കാഴ്ചയില്ലാത്തവരായിരിക്കണമെന്നാണ് നിബന്ധന. പൂര്‍ണമായും അന്ധത (ബി വണ്‍) ബാധിച്ചവരും ഭാഗികമായി അന്ധതയുള്ളവരും ഉള്‍പ്പെടുന്നതാണ് ടീം. ബി വണ്‍ വിഭാഗത്തിലെ പൂര്‍ണ അന്ധതയുള്ള താരങ്ങള്‍ക്ക് ബാറ്റ് ചെയ്യുമ്പോള്‍ റണ്ണേഴ്‌സിന്റെ സഹായം തേടാം. ഇവര്‍ നേടുന്ന ഓരോ റണ്ണും രണ്ട് റണ്ണായാണ് കണക്കാക്കപ്പെടുക. കൈയടിച്ചാണ് ഓരോ ഫീല്‍ഡറും അവരുടെ പൊസിഷന്‍ എവിടെയാണെന്ന് അറിയിക്കുക.

Content Highlights: India clinches the first-ever Blind Women`s T20 World Cup title by defeating Nepal by 7 wickets in a thrilling final. Read match highlights and details.