ഹർമൻപ്രീതിനും ദീപ്തിക്കും സെഞ്ചുറി, റെക്കോഡ് കൂട്ടുകെട്ട്; സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ

#സ്പോര്‍ട്‌സ് ഡെസ്‌ക്‌

വഡോദര: സിംബാബ്വെയ്ക്കെതിരായ രണ്ടാം വനിതാ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഹർമൻപ്രീത് കൗറിന്റെയും ദീപ്തി ശർമയുടെയും സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 328 റൺസെടുത്തു.

എട്ടാം ഏകദിന സെഞ്ചുറി നേടിയ ഹർമൻപ്രീത് 121 പന്തിൽ നിന്ന് 15 ബൗണ്ടറികളടക്കം 126 റൺസെടുത്തു. രണ്ടാം ഏകദിന സെഞ്ചുറി കുറിച്ച ദീപ്തി ശർമ 86 പന്തിൽ നിന്ന് 15 ബൗണ്ടറികളടക്കം 106* റൺസോടെ പുറത്താകാതെ നിന്നു.

തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. നാലാം പന്തിൽ തന്നെ ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ (0) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെ മൂന്നാം ഓവറിൽ ഷഫാലി വർമയും (8) മടങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച പ്രതിക റാവൽ - ഹർമൻപ്രീത് സഖ്യം 118 പന്തിൽ നിന്ന് 124 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ഇന്ത്യ ട്രാക്കിലായി. 23-ാം ഓവറിൽ പ്രതിക റാവലിനെ പുറത്താക്കി ന്യാഷ ഗ്വാഞ്ചുറയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ തേജൽ ഹസാബ്‌നിസും (3) പുറത്തായി.

എന്നാൽ അഞ്ചാം വിക്കറ്റിൽ ഹർമൻപ്രീതിന് കൂട്ടായി ദീപ്തി ശർമ എത്തിയതോടെ കളി പൂർണമായും ഇന്ത്യയുടെ വരുതിയിലായി. ശ്രദ്ധയോടെ തുടങ്ങിയ ദീപ്തി പിന്നീട് കത്തിക്കയറി. ഇരുവരും സെഞ്ചുറി നേടിയപ്പോഴേക്കും ഇന്ത്യ മികച്ച സ്‌കോറിലെത്തിയിരുന്നു. 137 പന്തിൽ നിന്ന് ഇരുവരും 153 റൺസ് ചേർത്തു. വനിതാ ഏകദിനങ്ങളിൽ അഞ്ചാം വിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്.

സിംബാബ്വെയ്ക്കായി നോംവെലോ സിബാൻഡ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മിഷേൽ മാവുംഗ, ടെൻഡായി മകുഷ, ഒലിൻഡർ ചാരെ, ന്യാഷ ഗ്വാഞ്ചുറ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Content Highlights: India scored 328/6 in 50 overs against Zimbabwe in the second women's ODI., Harmanpreet Kaur scored 126 runs from 121 balls, marking her 8th ODI century., Deepti Sharma scored an unbeaten 106 runs from 86 balls., A record-breaking 153-run partnership for the 5th wicket between Harmanpreet and Deepti.