ട്വന്റി 20യിലും ആധിപത്യം ഉറപ്പിക്കാൻ ഇന്ത്യ

ലഖ്‌നൗ: ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാൻ ഇന്ത്യ. അഞ്ച് മത്സര പരമ്പരയിലെ ആദ്യ കളി ചൊവ്വാഴ്ച്ച രാത്രി ഏഴ് മുതല്ഡ ലഖ്‌നൗ ഏകാന സ്റ്റേഡിയത്തിൽ നടക്കും.
മത്സരത്തിൽ ഓപ്പണറായി ആരെ കളിപ്പിക്കും എന്നതാണ് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിന് മുന്നിലുള്ള പ്രശ്‌നം. മലയാളി താരം സഞ്ജു സാംസണും കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുമാണ് ഓപ്പണർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മികച്ച ഫോമിലുള്ള അഭിഷേക് ശർമയെ പുറത്തിരുത്താൻ ഗംഭീർ തയ്യാറാവില്ല. അഫ്ഗാനിസ്താനെതിരായ പരമ്പരയിൽ രണ്ട് അർധ സെഞ്ചുറിയുമായി തിളങ്ങിയ സഞ്ജുവിന് തന്നെയാകും കൂടുതൽ സാധ്യത.
പരിചയം കുറഞ്ഞ പേസ് ബൗളിങ് നിരയാണ് ഗംഭീറിന്റെ മറ്റൊരു ആശങ്ക. അർഷദീപ് സിങ്ങിന് കൂട്ടായി പുതുമുഖ താരങ്ങളായ ആറ് മത്സരം കളിച്ച മായങ്ക് യാദവും മൂന്ന് മത്സരം കളിച്ച പ്രിൻസ് യാദവുമാണ് രംഗത്തുള്ളത്. അക്‌സർ പട്ടേലും കുൽദീപ് യാദവുമായിരിക്കും ഇന്ത്യയുടെ സ്പിൻ ആക്രമണത്തിന് നേതൃത്വം നൽകുക.
ഏകദിനത്തെ അപേക്ഷിച്ച് ട്വന്റി 20 മത്സരങ്ങളിൽ കരുത്തുറ്റ ടീമാണ് രണ്ട് വട്ടം ലോകചാമ്പ്യൻമാരായ വിൻഡീസ്. ഷായ് ഹോപിന്റെ ക്യാപ്റ്റൻസിയിൽ റൊമാരിയോ ഷെപ്പേഡ്, റോവ്മാൻ പവൽ, ഷിംറോൺ ഹെറ്റ്‌മെയർ തുടങ്ങിയ പരിചയസമ്പന്നർ അണിനിരക്കുന്ന കരീബിയിൻ പട ലോകത്തെ ഏതൊരു ടീമിനും വെല്ലുവിളിയാണ്. ഏകദിന പരമ്പരയിലെ അവസാന കളിയിൽ ഇന്ത്യക്കെതിരെ നേടിയ ജയവും വിൻഡീസ് ടീമിന് പ്രചോദനമാകും.
Content Highlights: India aims to dominate West Indies in the 5-match T20I series starting Tuesday in Lucknow., Sanju Samson and Vaibhav Suryavanshi are contending for the opening slot., India features an inexperienced pace attack alongside Arshdeep Singh., West Indies enters with a formidable squad led by Shai Hope.