ജയ്സ്വാൾ അങ്ങനെ പറഞ്ഞു, പിന്നാലെ ഡിക്ക്‌വെല്ല ഔട്ട്; സംഭാഷണം പുറത്ത്

#സ്പോർട്സ് ഡെസ്ക്
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ | PTI
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ | PTI

ഗോൾ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അഞ്ചാം ദിനം ലങ്കയെ എറിഞ്ഞിട്ട ഇന്ത്യ 165 റൺസിനാണ് ജയിച്ചത്. അഞ്ചാം ദിനം പിടിച്ചുനിൽക്കാൻ ലങ്കൻ ബാറ്റർമാർ ആവുന്നത്ര ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ തകർന്നടിയുകയായിരുന്നു. മത്സരത്തിൽ ലങ്കൻ ബാറ്റർ നിരോഷാൻ ഡിക്ക്‌വെല്ലയുടെ വിക്കറ്റ് നിർണായകമായിരുന്നു. താരത്തെ യശസ്വി ജയ്‌സ്വാൾ സ്ലെഡ്ജ് ചെയ്തതിന് പിന്നാലെയാണ് ലങ്കൻ ബാറ്റർ പുറത്താകുന്നത്. സ്റ്റംപ് മൈക്ക് ഇരുവരുടെയും സംഭാഷണം പിടിച്ചെടുത്തു.

അഞ്ചാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയതിന് പിന്നാലെയാണ് ലങ്കൻ ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവ പുറത്തായത്. അതോടെ സോണൽ ദിനുഷയും ഡിക്ക്‌വെല്ലയുമാണ് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്. ഇരുവരും ബാറ്റിങ് തുടരുന്നതിനിടെയാണ് ജയ്‌സ്വാൾ സ്ലെഡ്ജിങ് തന്ത്രം പുറത്തെടുക്കുന്നത്. ഷോട്ട് കളിക്കാനായി ജയ്‌സ്വാൾ ഡിക്ക്‌വെല്ലയെ നിർബന്ധിച്ചുകൊണ്ടേയിരുന്നു. ഒടുക്കം ജയ്‌സ്വാളിന്റെ തന്ത്രം ഫലം കണ്ടു. താരങ്ങൾ തമ്മിലുള്ള സംഭാഷണം ഇങ്ങനെ,

ജയ്സ്വാൾ: ആദ്യ ഇന്നിങ്സിൽ ഒരുപാട് ഷോട്ടുകൾ ഉണ്ടായിരുന്നു. നമുക്ക് എന്തെങ്കിലും കാണിച്ചുതരൂ.

ഡിക്‌വെല്ല: ആണോ?

ജയ്സ്വാൾ: അതെ, എനിക്ക് കാണണം. എനിക്ക് കാണിച്ചു തരൂ. അവിടെ ഷോട്ട് അടിക്കൂ (ഡീപ് സ്ക്വയർ ലെഗിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട്)

ഡിക്‌വെല്ല: അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നെ ഐപിഎല്ലിലേക്ക് കൊണ്ടുപോകൂ, എന്നിട്ട് ഞാൻ അടിക്കാം.

ജയ്സ്വാൾ: ഞങ്ങൾ കൊണ്ടുപോകാം, തീർച്ചയായും. 100%. അവനെ സിക്സറടിക്കൂ. ഞാൻ നിന്നെ ഐപിഎല്ലിലേക്ക് കൊണ്ടുപോകാം.

ഡിക്‌വെല്ല: നന്ദി

ഇതിന് പിന്നാലെയാണ് ഡിക്ക്‌വെല്ല പുറത്താകുന്നത്. പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ക്യാച്ചെടുത്താണ് മടക്കം. 10 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നാലെ ലങ്ക തകർന്നടിഞ്ഞു. നിരനിരയായി വിക്കറ്റ് വീണതോടെ ലങ്കൻ ഇന്നിങ്‌സ് 206 റൺസിൽ അവസാനിച്ചു. ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (1-0). രണ്ടാമിന്നിങ്‌സിൽ ആറുവിക്കറ്റ് വീഴ്ത്തിയ സുതർ രണ്ടിന്നിങ്‌സുകളിലുമായി 10 വിക്കറ്റ് കൊയ്തു. ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറിയും രണ്ടാമിന്നിങ്‌സിൽ 44 റൺസും നേടിയ മറുനാടൻ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് കളിയിലെ താരം. 600-ാം ടെസ്റ്റിലാണ് ഇന്ത്യ ജയം നേടിയത്.

Content Highlights: india defeated Sri Lanka by 165 runs in their historic 600th Test match., Yashasvi Jaiswal's humorous sledging of Niroshan Dickwella went viral via stump mic