ഓപ്പണറായി സഞ്ജു കളിക്കാൻ സാധ്യത; നിർണായകമായ അഞ്ചാം ടി20 ഇന്ന്, സൂര്യകുമാറിന്റെ ഫോം ആശങ്ക

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 മത്സരത്തിനായി അഹമ്മദാബാദിലെത്തുന്ന സഞ്ജു സാംസൺ | Photo: PTI
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 മത്സരത്തിനായി അഹമ്മദാബാദിലെത്തുന്ന സഞ്ജു സാംസൺ | Photo: PTI

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ക്രിക്കറ്റ് പരമ്പരയിൽ തോൽവിയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിൽ 30 റൺസിന്റെ പരാജയം. ഒരു മാസത്തിലേറെ നീണ്ട പരമ്പരയിൽ രണ്ടു ടെസ്റ്റും മൂന്ന് ഏകദിനവും നാല് ട്വന്റി 20 യും പൂർത്തിയായി. ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയും ഏകദിനത്തിൽ ഇന്ത്യയും കിരീടം നേടി. വെള്ളിയാഴ്ച അവസാന ട്വന്റി 20-യും ജയിച്ച് ആ പരമ്പരകൂടി നേടുകയെന്ന ലക്ഷ്യത്തോടെ സൂര്യകുമാർ യാദവും സംഘവും ഇറങ്ങുന്നു. മത്സരം രാത്രി ഏഴുമുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ.

പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്. ബുധനാഴ്ച ലഖ്നൗവിൽ നടക്കേണ്ടിയിരുന്ന മത്സരം മഞ്ഞുകാരണം ഉപേക്ഷിച്ചതിനാൽ അവസാന മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചാൽ പരമ്പര സമനിലയാകും. സമനിലയായാലും സന്ദർശകർക്ക് അത് നേട്ടമായി കരുതാം.

അടുത്തവർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കുന്ന ട്വന്റി 20 ലോകകപ്പിനു മുന്നോടിയായുള്ള സുപ്രധാന മത്സരങ്ങളാണിത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് വലിയ സ്‌കോർ കണ്ടെത്താനാകാത്തത് ടീമിനാകെ അലോസരമുണ്ടാക്കുന്നു.

സഞ്ജു കളിച്ചേക്കും

ശുഭ്മൻ ഗിൽ കഴിഞ്ഞദിവസം പരിക്കുകാരണം പിൻമാറിയതിനാൽ സഞ്ജു സാംസണ് അവസരം കിട്ടിയേക്കും. ആദ്യ മൂന്നു മത്സരങ്ങളിലും സഞ്ജു കളിച്ചിരുന്നില്ല. ഇടയ്ക്ക് മധ്യനിരയിലേക്ക് ഇറങ്ങേണ്ടിവന്ന സഞ്ജുവിനെ ഇക്കുറി ഓപ്പണിങ്ങിൽത്തന്നെ ഇറക്കിയേക്കും. വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞ മത്സരത്തിൽനിന്ന് മാറിനിന്ന പേസ് ബൗളർ ജസ്പ്രീത് ബുംറ, സ്വന്തം നാട്ടിൽ നടക്കുന്ന മത്സരത്തിൽ ഇറങ്ങുമെന്നാണ് റിപ്പോർട്ട്. പേസ് വിഭാഗത്തിൽ അർഷ്ദീപ് സിങ്, ഹർഷിത് റാണ എന്നിവരും ഫോമിലുണ്ട്. ഒപ്പം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും. എയ്ഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കൻ ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല.

Content Highlights: India leads SA 2-1 in the T20 series. Sanju Samson may open. Will India clinch the series? Don`t miss the crucial final T20 today!